ഉയര്‍ച്ചയിലേക്കുള്ള പടവുകളില്‍ തടസ്സങ്ങളേറെയുണ്ടെങ്കിലും വളര്‍ച്ചയ്ക്കുള്ള അവസരങ്ങളുമുണ്ട് ഓരോ സ്ത്രീയുടെയും ജീവിതത്തിലും കരിയറിലും. പുരുഷ മേധാവിത്വവും സമൂഹത്തിന്റെ ചിന്താഗതിയും മുതല്‍ കുടുംബപ്രശ്നങ്ങളും കുട്ടികളുടെ ഉത്തരവാദിത്തങ്ങളും ഉള്‍പ്പെടെ എണ്ണിയെണ്ണിപ്പറയാവുന്ന തടസ്സങ്ങളെ അതിജീവിക്കുന്നവരാണ് സമൂഹം ആരാധനയോടെ നോക്കുന്ന സ്ത്രീകള്‍. അവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ചെറിയൊരു കടയില്‍ തുടങ്ങി വലിയ വ്യവസായ സാമ്രാജ്യം സ്ഥാപിച്ചവര്‍വരെയുണ്ട് സ്ത്രീകളുടെ കൂട്ടത്തില്‍. വിജയിക്കാനുള്ള ആഗ്രഹവും ഇച്ഛാശ്ക്തിയും നിശ്ചയദാർഢ്യവുമാണ് സമൂഹത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത സ്ത്രീകളുടെ കരുത്ത്. അവരില്‍ ചിലരെ പരിചയപ്പെടാം. അവരുടെ അനുഭവങ്ങളിലൂടെ പുതിയൊരു ലോകത്തെ അതിശയത്തോടെ പരിചയപ്പെടാം. 

മൃദുല ജെയിന്‍ 

യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു മൃദുലയുടെ ജനനം. ഉന്നതപഠനം വേണോ വിവാഹം വേണോ എന്നു തീരുമാനിക്കേണ്ടിവന്ന ഘട്ടമായിരുന്നു അവരുടെ ജീവിതത്തിലെ വഴിത്തിരിവ്. കുടുംബത്തിന്റെ ആഗ്രഹത്തിനൊത്ത് ലുധിയാനയില്‍നിന്നുള്ള ഒരു വ്യവസായിയെ വിവാഹം കഴിച്ചു. തനിക്ക് ഉന്നതപഠനത്തിന് അവസരം വേണമെന്ന് ഭര്‍ത്താവിനെ അറിയിച്ചു. ഒരു വിസമ്മതവുമില്ലാതെ അദ്ദേഹം അതു സമ്മതിച്ചു. അതായിരുന്നു മൃദുലയുടെ പുതിയ ജീവിതത്തിന്റെ തുടക്കം. 

ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദത്തിന് മൃദുല ചേര്‍ന്നു. പഠനകാലയളവിലാണ് രണ്ട് ആണ്‍മക്കളും ജനിച്ചത്. പഠനം കഴിഞ്ഞപ്പോള്‍തന്നെ ഒരു സ്കൂളില്‍ അധ്യാപികയായി ജോലിക്കു കയറി. കുട്ടികളുടെ ഉത്തരവാദിത്തവും ജോലിയും പൊരുത്തപ്പെടാതെവന്നപ്പോള്‍ മൃദുല ജോലി രാജിവച്ചു. വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. 10 വര്‍ഷം വീട്ടിലിരുന്ന് ജോലി ചെയ്തതിനുശേഷമാണ് സ്വന്തമായി ഒരു ബിസിനസ് സ്ഥാപനത്തെക്കുറിച്ച് മൃദുല ചിന്തിക്കുന്നത്. 

ഒരു ബന്ധുവാണ് അസംസ്കൃത സാധനങ്ങള്‍ എത്തിച്ചത്. ഷോള്‍ നിര്‍മാണം. വ്യത്യസ്ത ഡിസൈനുകളില്‍ മികച്ച തുണികളില്‍ വിവിധതരം ഷാളുകള്‍. ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍ അദ്ദേഹവും സമ്മതവും മൂളി. കടകളില്‍നിന്ന് ആവശ്യം വര്‍ധിച്ചു. പെട്ടെന്നുതന്നെ മാര്‍ക്കറ്റില്‍ തരംഗവുമായി. 10 ലക്ഷം രൂപയുടെ ആദ്യത്തെ ഓര്‍ഡര്‍ ലഭിച്ചപ്പോഴാണ് താന്‍ തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയിട്ടില്ലെന്ന് മൃദുല മനസ്സിലാക്കുന്നത്. ഇന്ന് ഷിങ്ഗോറ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഷാളുകളിലൂടെ മൃദുല നടത്തുന്നത് 100 കോടിയുടെ ബിസിനസ്. രാജ്യത്തെ 100 ല്‍ അധികം റീട്ടെയില്‍ സ്റ്റോറുകളിലെ സാന്നിധ്യം. രാജ്യത്തുനിന്നുള്ള ഷോള്‍ കയറ്റുമതിയില്‍ 20 ശതമാനവും മൃദുലയുടെ സ്ഥാപനത്തിന്റെ കുത്തക തന്നെ. 

അനിത ഗുപ്ത

അനിത ഗുപ്ത. ചിത്രത്തിന് കടപ്പാട് : ബോജ്പൂർ മഹിളാ കലാകേന്ദ്ര

10-ാം വയസ്സിലാണ് ഇന്ത്യന്‍ സമൂഹത്തിലെ പെണ്‍കുട്ടികളുടെ ദയനീയാവസ്ഥ അനിതയ്ക്കു തിരിച്ചറിയാന്‍ കഴിഞ്ഞത്. മൂന്ന് ആണ്‍മക്കള്‍ മരിച്ചുപോയതോടെ മുത്തച്ഛന്‍ ഒരു പെണ്‍കുട്ടിയെ വിലയ്ക്കുവാങ്ങി. ഈ കുട്ടിയെ മുത്തച്ഛന്‍ അടിക്കുന്നതും ശകാരിക്കുന്നതുമെല്ലാം അനിത സ്ഥിരമായി കാണാറുണ്ടായിരുന്നു. വിദ്യാഭ്യാസവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുമുണ്ടെങ്കില്‍ ആ കുട്ടിക്ക് മര്‍ദനത്തെ തടയാമായിരുന്നു. അതു കഴിഞ്ഞില്ല. ആ കുട്ടിയുടെ മതാപിതാക്കള്‍ക്ക് സാമ്പത്തികശേഷിയില്ലാതിരുന്നതുകൊണ്ടാണ് കുട്ടിയെ വില്‍ക്കേണ്ടിവന്നതും. സാമൂഹിക യാഥാര്‍ഥ്യം മനസ്സിലായപ്പോള്‍ ജീവിതത്തില്‍ ഒറ്റയ്ക്കു മുന്നേറണം എന്ന് അനിത തീരുമാനിച്ചു. 

ബിഹാറിലെ ഒരു ഗ്രാമത്തിലാണ് അനിത ജനിച്ചുവളര്‍ന്നത്. വീട്ടില്‍നിന്നു സ്ത്രീകള്‍ പുറത്തിറങ്ങാത്ത ഗ്രാമം. ഒറ്റയ്ക്കു മുന്നേറിയ അനിതയ്ക്ക് 2000  ല്‍ സഹായം ലഭിച്ചു: അമിതാഭ് വര്‍മ എന്ന ഐഎഎസ് ഓഫിസറില്‍നിന്ന്. ഭോജ്പൂര്‍ മഹിളാ കലാ കേന്ദ്ര എന്ന സ്ഥാപനം റിജ്സ്റ്റര്‍ ചെയ്തു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായി സഹകരിക്കാനും തുടങ്ങി. അതോടെ ആ സന്നദ്ധ സംഘടന സമൂഹത്തിലെ സ്ത്രീകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ പരിശീലനം നല്‍കി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങി. രാജ്യാന്തര തലത്തിലുള്ള ഒരു സംഘനയുടെ സഹായവും അവര്‍ക്കു ലഭിച്ചു. 20,000 ഗ്രാമീണ സ്ത്രീകള്‍ക്ക് ഇതുവരെ ഭോജ്പൂര്‍ മഹിളാ കലാ കേന്ദ്ര പരിശീലനം നല്‍കി. നിലവില്‍ 200 സ്ത്രീകള്‍ക്ക് അവര്‍ പരിശീലനം നല്‍കുന്നുമുണ്ട്. 

മനിഷ ഭാടി 

മനിഷ ഭട്ട്. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

ലോകപ്രശസ്തമായ ഒരു ബാങ്കിലായിരുന്നു മനിഷ ജോലി ചെയ്തിരുന്നത്. പക്ഷേ, ജോലിയുമായി മുന്നോട്ടുപോകുന്നതിനുപകരം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് മനിഷ ആഗ്രഹിച്ചു. അധ്യാപികയായി ജോലി ചെയ്ത അനുഭവം അവര്‍ക്കു തുണയാകുകയും ചെയ്തു. കരിയര്‍ കൗണ്‍സലിങ് കേന്ദ്രമായിരുന്നു മനിഷയുടെ മനസ്സില്‍. വ്യക്തികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കി അവരെ സമൂഹത്തില്‍ പ്രധാനസ്ഥാനങ്ങളില്‍ എത്തിക്കുക. 

ആഗ്രഹം വ്യക്തമായെങ്കിലും മികച്ച സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല മനിഷയ്ക്ക്. വയോധികനായ പിതാവില്‍നിന്ന് പണം കടം വാങ്ങിക്കാനാവാത്ത അവസ്ഥയും. ഒടുവില്‍ അവര്‍ ഒരു കടുത്ത തീരുമാനമെടുത്തു. ആഭരണങ്ങള്‍ വില്‍ക്കുക. അങ്ങനെ ലഭിച്ച നാലു ലക്ഷം രൂപയായിരുന്നു മനിഷയുടെ നിക്ഷേപ മൂലധനം. തന്റെ ബിസിനസ് പങ്കാളിയേയും മനിഷ കണ്ടെത്തി. ബാങ്കില്‍ സഹപ്രവര്‍ത്തകനായിരുന്ന ശ്രീധര്‍ വാഗ്‍മെയര്‍. 2017-ല്‍ ഡ്രീംഹണ്ട് എന്ന സ്വപ്ന സ്ഥാപനം മനിഷ തുടങ്ങുന്നു. ഓരോ വ്യക്തിക്കും യോജിച്ച വ്യത്യസ്തമായ പരിശീലന രീതികളാണ് മനിഷയുടെ സ്ഥാപനം പിന്തുടരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 20 ലക്ഷം രൂപയിലേറെ സമ്പാദിക്കാനുമായി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT