ആദ്യശ്രമത്തില്‍തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 50-ാം റാങ്ക് നേടിയ പ്രതിഷ്ഠ മംമ്ഗെയിന്‍സിന്റെ വേരുകള്‍ ഉത്തരാഖണ്ഡിലാണ്.  ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ബിരുദം നേടിയ അവര്‍ കോളജില്‍നിന്നു പുറത്തിറങ്ങിയ വര്‍ഷം തന്നെയാണ് പരിശീലനവും തുടങ്ങിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ആഗ്രഹിച്ച സര്‍വീസില്‍ പ്രവേശനവും നേടി. അസിസ്റ്റന്റ് കലക്ടറായി നിയമനം നേടിയ പ്രതിഷ്ഠ ഇപ്പോള്‍ വിശാഖപട്ടണത്താണ്. സിവില്‍ സര്‍വീസില്‍ എത്താന്‍ ആഗ്രഹിക്കുന്നവരോട് പ്രതിഷ്ഠയ്ക്ക് പറയാന്‍ ഒട്ടേറെ ഉപകാരപ്രദമായ കാര്യങ്ങളുണ്ട്. വിലപ്പെട്ട ഉപദേശങ്ങള്‍. 

വര്‍ത്തമാനപത്രങ്ങള്‍ വായിക്കുന്നതായിരുന്നു പ്രതിഷ്ഠയുടെ പ്രധാന ഹോബി. എഡിറ്റോറിയല്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും വായിക്കും. ദിവസവും രാവിലെ എല്ലാ ജോലിയും മാറ്റിവച്ച് വായന തന്നെ. ആഴ്ചയുടെ അവലോകനങ്ങളും മുടങ്ങാതെ വായിക്കും. ഇങ്ങനെ കിട്ടിയ വിവരങ്ങളാണ് ജീവിതത്തില്‍ ഉയര്‍ച്ചയ്ക്ക് കാരണമായതെന്നാണ് പ്രതിഷ്ഠ പറയുന്നത്. വായിച്ച കാര്യങ്ങള്‍ കുറിച്ചുവയ്ക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു. 

ഐഎഎസില്‍ മുന്നിലെത്തിയവരുടെ അഭിമുഖങ്ങളും അവരെക്കുറിച്ചുള്ള വാര്‍ത്തകളുമൊക്കെ സ്ഥിരമായി വായിക്കും. പത്രങ്ങളും എല്ലാ മാസവും പുറത്തിറങ്ങുന്ന മാസികകളും വായിക്കുന്നതും പതിവാണ്. അവയാണ് തനിക്ക് ഉള്‍ക്കാഴ്ച നല്‍കിയതെന്നു പറയുന്നു പ്രതിഷ്ഠ. ദിവസവും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചെയ്യുന്നത് ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കേണ്ട വിവരങ്ങള്‍ മനഃപാഠമാക്കുകയാണ്. സ്ഥലങ്ങള്‍, വ്യക്തിവിവരങ്ങള്‍ തുടങ്ങിയ സൂക്ഷ്മമായ വിവരങ്ങള്‍. രാവിലെ 10.30 ആകുന്നതോടെ ഓപ്ഷണല്‍ വിഷയങ്ങള്‍ പഠിക്കാന്‍ തുടങ്ങും. രാത്രി ഉറങ്ങുന്നതിനുമുമ്പ് വിഷന്‍ ഐഎഎസ് ബുക്‌ലെറ്റ് വായിക്കും. പുസ്തകങ്ങള്‍ പൂര്‍ണമായും വായിക്കുന്ന രീതിയായിരുന്നു തന്റേതെന്നു പറയുന്നു പ്രതിഷ്ഠ. ആവശ്യം വരുമ്പോള്‍ അതേ പുസ്തകങ്ങള്‍ വീണ്ടും വായിക്കുകയും ചെയ്യും. 

മല്‍സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കുവേണ്ടി പ്രതിഷ്ഠ നല്‍കുന്ന ടിപ്സ്: 

1. നന്നായി ഉറങ്ങുക. എപ്പോഴും ശാന്തമായ മനസ്സ് കാത്തുസൂക്ഷിക്കുക. 

2. പഠിച്ച കാര്യങ്ങള്‍ നന്നായി ഓര്‍ത്തിരിക്കുക. അവ ആവര്‍ത്തിച്ചു പഠിച്ചു ഹൃദിസ്ഥമാക്കുക. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പും മറ്റും പുതിയ വിഷയങ്ങള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കാതിരിക്കുക. 

3. മോക് ടെസ്റ്റുകള്‍ നടത്തി സ്വയം വരുത്തുന്ന തെറ്റുകള്‍ മനസ്സിലാക്കുക. അവ ആവര്‍ത്തിക്കാതിരിക്കാന്‍ വീണ്ടും പഠിക്കുക. 

4. സ്വന്തം സ്വഭാവത്തെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. റിസ്ക് എടുക്കുന്നയാളാണോ അല്ലയോ എന്നത്. രണ്ടും അത്ര നല്ലതല്ല. മധ്യമാര്‍ഗം ആയിരിക്കും യോജിച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT