ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഒരു അമ്മ എന്ന നിലയിലാണ്. ഭാര്യ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും. അതിലൊക്കെ കൂടുതലായി ഒരു സഹോദരി എന്ന നിലയിലും....സസക്സിലെ രാജകുമാരിയുടെ വാക്കുകളാണിത്. മേഗന്‍ മാര്‍ക്കിളിന്റെ വാക്കുകള്‍. ഭര്‍ത്താവ് ഹാരി രാജകുമാരനും മകന്‍ നാലു മാസം മാത്രം പ്രായമുള്ള ആര്‍ച്ചിക്കുമൊപ്പം ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ തദ്ദേശീയരായ സ്ത്രീകളോടൊപ്പം കൂട്ടുകൂടി, അടിപ്പാടി, അവരിലൊരാളാവുകയാണ് ബ്രിട്ടിഷ് രാജകുടുംബാംഗം. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മേഗന്‍ കുടുംബത്തിനൊപ്പം ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്നത്. 

ന്യാംഗ ടൗണില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടിയുള്ള അഭയകേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ തന്റെ രാജകീയ അലങ്കാരങ്ങളും പ്രഭയും ഒഴിവാക്കി സാധാരണക്കാരില്‍ ഒരാളായി മേഗന്‍ പെട്ടെന്നുതന്നെ മാറി. അക്രമങ്ങള്‍ക്കും ലഹളയ്ക്കും പേരുകേട്ട സ്ഥലം കൂടിയാണ് ന്യാംഗ. അടുത്തിടെയായി അക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതിരോധമുയര്‍ത്തുന്ന പ്രദേശങ്ങളിലൊന്ന്.

കഴിഞ്ഞവര്‍ഷം മാത്രം ഏകദേശം 2700 സ്ത്രീകളാണ് ദക്ഷിണാ ഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. ആയിലത്തിലധികം കുട്ടികള്‍ക്കു പരുക്കേറ്റു. 100 ല്‍ അധികം മാനഭംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ന്യാംഗ സന്ദര്‍ശനത്തിനിടെ അക്രമങ്ങള്‍ക്കെതിരെ ഹാരി രാജകുമാരനും പ്രതികരിച്ചിരുന്നു. പുരുഷന്‍ ജനിക്കുന്നത് സ്ത്രീകളെ ആക്രമിക്കാനായിട്ടല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ പ്രതികരണം. സ്ത്രീകളെ ആക്രമിക്കുന്നത് പുരുഷത്വത്തിന്റെ ലക്ഷണമായി ചിലരെങ്കിലും കാണുന്നുണ്ട്. ആ സമീപനം മാറ്റേണ്ട സമയമായിരിക്കുന്നു..-രാജകുമാരന്‍ പറഞ്ഞു. 

ന്യാംഗയിലെ അഭയകേന്ദ്രം വളര്‍ന്നുവരുന്ന ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അവകാശങ്ങളെ ക്കുറിച്ചും കടമകളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തുന്നു മുണ്ട്. തങ്ങളിലൊരാളായി എത്തിയ മേഗനെ തദ്ദേശീയര്‍ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. അവരില്‍ ഒരു യുവതിയുടെ അഭ്യര്‍ഥന പ്രകാരം മേഗന്‍ അവര്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. രാജകുമാരി മനോഹരമായി നൃത്തം ചെയ്യുന്നു എന്നായിരുന്നു തദ്ദേശീയരുടെ പ്രതികരണം. 

കേപ് ടൗണിലെ മ്യൂസിയവും ദമ്പതികള്‍ സന്ദര്‍ശിച്ചു. ജനവാസകേന്ദ്രമായിരുന്ന ഇവിടെ 1960-കളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു അന്നത്തെ വര്‍ണവിവേചനം മുദ്രാവാക്യമാക്കിയ സര്‍ക്കാര്‍. ദക്ഷിണാഫ്രിക്കയില്‍ സ്ത്രീകളും കുട്ടികളും നിരന്തരമായി അക്രമങ്ങള്‍ നേരിടുന്നുണ്ട്. ക്രൂരതയ്ക്ക് ഇരയായവരില്‍ ചിലരെയും രാജകുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അവര്‍ ഭാവിയില്‍ സമാധാനമുള്ള, സന്തോഷവും സംതൃപ്തിയുമുള്ള രാജ്യത്തിനുവേണ്ടി എന്തുചെയ്യാമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു. 

മേഗനും മകനും ഏതാനും ദിവസം കൂടി ദക്ഷിണാഫ്രിക്കയില്‍ തുടരും. അപ്പോഴേക്കും ഹാരി അംഗോള ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്താനാണ് പദ്ധതി. ഹാരി രാജകുമാരന്റെ ആദ്യ ആഫ്രിക്കന്‍ സന്ദര്‍ശനം 1997-ലായിരുന്നു. അന്ന് അമ്മയുടെ അകാലത്തിലുള്ള വേര്‍പാടില്‍നിന്നു മോചനം നേടാന്‍വേണ്ടിയാണ് ഹാരി ആഫ്രിക്കന്‍ മണ്ണിലെത്തിയത്.