അമ്മയാകുമ്പോള്‍ പിന്നെ ആ ലോകത്ത് മാത്രം എന്നത് സ്ത്രീകള്‍ക്കൊരു പുതുമയുള്ള കാര്യമല്ല. ജോലിക്കു പോയാല്‍ കുഞ്ഞിനെ ആരു നോക്കും, മറ്റാര്‍ക്കും അത് തന്നോളം നന്നായി ചെയ്യാനാകില്ല എന്ന ചിന്ത അവര്‍ സ്വന്തമായും അവരേക്കാള്‍ തിടുക്കത്തോടെ ചുറ്റുമുള്ള പരിസരവും ചൂണ്ടിക്കാണിക്കുമ്പോള്‍ നല്ല കരിയര്‍ ഉപേക്ഷിച്ച് വീട്ടിലിരിക്കുന്നവരാണ് അധികവും. ചിലര്‍ പതിവു പോലെ നാലു ചുവരുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ഇഷ്ടങ്ങളുടെ ഓരം പറ്റി നീങ്ങുമ്പോള്‍ മറ്റുചിലര്‍ മനോഹരമായ മാതൃകകള്‍ സമൂഹത്തിനു നല്‍കും. അങ്ങനെയുള്ള കുറേ പേരെയാണ് പരിചയപ്പെടുത്തുന്നത്. 

കുഞ്ഞുമകള്‍ക്ക് ആദ്യമായൊരു ഉടുപ്പ് വാങ്ങും നേരം അല്ലെങ്കില്‍ അവരുെട ആദ്യ പിറന്നാളിന് അല്‍പം മധുരമുണ്ടാക്കും നേരം മനസ്സിലുദിച്ച അല്ലെങ്കില്‍ യാദൃച്ഛികമായി വന്നു കയറിയ ആശയങ്ങളെ പ്രാവര്‍ത്തികമാക്കി കാണിച്ച സ്ത്രീകള്‍. വലിപ്പമോ ലാഭത്തിന്റെ വേഗതയോ അല്ല ബിസിനസിന്റെ വിജയത്തിന് ആധാരം എന്നു പറയുന്നു ഇവര്‍. അമ്മയായി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കൊപ്പം മാത്രം എന്നതിനെ അവരെ പോലുള്ള അനേകം കുഞ്ഞുങ്ങള്‍ക്കൊപ്പവും പിന്നെ തന്നെ പോലുള്ള അമ്മമാര്‍ക്കൊപ്പവും എന്ന് മനോഹരമായ തിരുത്തിയ കുറേ വനിതാ വ്യവസായികള്‍ക്കൊപ്പം. 

എലിസബത്ത് കുര്യൻ

തുടക്കം എലിസബത്ത് കുര്യനില്‍ നിന്നാണ്. എലിസബത്തിന്റെ ലിറ്റില്‍ വണ്ടേഴ്സ് എന്ന പേജിലൂടെയാണ് മറ്റ് അഞ്ച് വനിത വ്യവസായികളേയും പരിചയപ്പെടുന്നത്. ഏഴു വര്‍ഷം നീണ്ട ഐടി ജീവിതത്തിനു ശേഷം വിദേശത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സ്വസ്ഥം ഗൃഹഭരണം എന്ന തീരുമാനത്തില്‍ ജീവിക്കുകയായിരുന്നു എലിസബത്ത്. മക്കള്‍ വലുതായി കഴിയുമ്പോള്‍ മാത്രം ജോലി എന്ന തീരുമാനത്തില്‍. പക്ഷേ മകളെ ഗര്‍ഭം ധരിച്ച സമയത്തുണ്ടായ ചില ചിന്തകള്‍ ലിറ്റില്‍ വണ്ടേഴ്സ് എന്ന പേജിലേക്ക് എത്തിക്കുകയായിരുന്നു. 

പ്ലാൻ മൈ പാർട്ടി

ഗര്‍ഭകാലത്ത് അണിയേണ്ട ഉടുപ്പുകള്‍ തേടിയുള്ള തിരച്ചില്‍, കുഞ്ഞുവാവയ്ക്ക് ചേരുന്ന കുഞ്ഞു സാധനങ്ങള്‍ക്കു വേണ്ടിയുള്ള കൗതുകപ്പാച്ചില്‍...അവയെല്ലാമായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. അവ എവിടെ നിന്ന് വാങ്ങണം പുതിയ ഡിസൈന്‍ ഏത്, നമ്മുടെ മനസ്സിലുള്ളതു പോലെ ചെയ്തു തരുമോ തുടങ്ങി നൂറു കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നു. ഒന്നിനും കൃത്യമായൊരു ഉത്തരം തരാന്‍ വഴി കാണിക്കാനോ ഒന്നും തന്നെ കിട്ടിയില്ല. അതിനിടയിലായിരുന്നു സഹോദരന്റെ വിവാഹവും കടന്നുവന്നത്. അന്നേരവും പതിവ് രീതികളില്‍ നിന്ന് മാറി നിന്നു വേണം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കലും പാര്‍ട്ടി സംഘടിപ്പിക്കലും എന്നു തീരുമാനിച്ചു. പക്ഷേ നമ്മുടെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതൊന്നും നെറ്റില്‍ നിന്ന് ലഭിക്കാതെ വന്നതോടെയാണ് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തീരുമാനിച്ചത്. 

'ആദ്യം ഒരു ബ്ലോഗ് ആയിരുന്നു. അതിനു മുന്‍പ് കേരളത്തില്‍ ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എ്ന്റെ മനസ്സിന്റെ സന്തോഷത്തിനായിരുന്നു തുടങ്ങിയത്. പക്ഷേ അപ്രതീക്ഷിതമായി കുറേ അന്വേഷണങ്ങള്‍ വന്നു. അപ്പോഴാണ് മനസ്സിലായത് എന്നെപ്പോലെ അനേകം പേര്‍ ഉണ്ടെന്ന്. ആദ്യം തൃശൂരില്‍ കുട്ടികള്‍ക്കായുള്ള മികച്ച വസ്ത്രങ്ങള്‍ എവിടെ കിട്ടും...ഡിസൈനര്‍ വസ്ത്രങ്ങള്‍ കിട്ടാന്‍ പാലക്കാട് എവിടെ പോകണം. തിരുവനന്തപുരത്ത് കുഞ്ഞുങ്ങളുടെ പിറന്നാള്‍ പാര്‍ട്ടി നന്നായി സംഘടിപ്പിച്ച് നടത്തിത്തരുന്ന ആരുണ്ട്?...എന്നൊക്കെ ചോദ്യങ്ങള്‍ വന്നു തുടങ്ങി. പിന്നെയാണ് ഞാനും കുറേ സീരിയസ് ആയി തുടങ്ങിയത്'. 

'ഇപ്പോള്‍ ലിറ്റില്‍ വണ്ടേഴ്സ് എന്ന പേജ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പേജ് കുറേ കൂടി ആക്ടീവ് ആകണം എന്നെപ്പോലെ അമ്മമാരായ വ്യവസായികള്‍ക്ക് ഒരു പ്രോത്സാഹനം ആകണം അവരുടെ സ്വപ്നങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് പങ്കുവയ്ക്കാന്‍ ഒരിടമാകണം എന്ന ചിന്തയില്‍ നിന്നാണ് കഴിഞ്ഞ മദേഴ്സ് ഡേയില്‍ ഒരു മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അതിശയിപ്പിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. അവരില്‍ അഞ്ചു പേരെയാണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. അവര്‍ എങ്ങനെ എന്ന് ആരെങ്കിലും എന്നോടു ചോദിച്ചാല്‍ അമേസിങ് എന്നല്ലാതെ മറ്റൊരു ഉത്തരം എനിക്കില്ല'. 

യാഷിക അലക്സാണ്ടര്‍

ആറു വര്‍ഷം മുന്‍പാണ് യാഷികയുടെ മനസ്സിലൊരു ആശയം വരുന്നത്. അന്ന് മകളുടെ പിറന്നാള്‍ പാര്‍ട്ടി ഒരു തീം അടിസ്ഥാനമാക്കി ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷേ അന്ന് അത്തരമൊരെണ്ണം ചെയ്തു തരാന്‍ പാകത്തിലൊരു കമ്പനിയും കണ്ടെത്താനായില്ല. സ്വന്തമായി തന്നെ മകള്‍ക്കായി പിറന്നാള്‍ പാര്‍ട്ടി ഒരുക്കി. പിന്നീട് പതിയെ പതിയെ മനസ്സിലേക്ക് കുറേ ആശയങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്കായി ഇതൊന്നു പങ്കുവച്ചുകൂട എന്ന ചിന്തയായി. അങ്ങനെയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്ലാന്‍ മൈ പാര്‍ട്ടി എന്ന സംരഭം ആരംഭിച്ചത്. ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ ഏറ്റവും വ്യത്യസ്തമായി തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പമാണ് യാഷിക ഇന്ന്.

സഹല സലീം

ടിസിഎസിലെ മൂന്നു വര്‍ഷം നീണ്ട സോഫ്റ്റ്‌വെയർ എൻജിനീയര്‍ ജോലി ഉപേക്ഷിച്ച് കുടുംബിനിയായി ജീവിതം തുടങ്ങുമ്പോള്‍ സഹല സലീമിന്റെ മനസ്സില്‍ ഇങ്ങനെയൊരു ചിന്തയേ ഇല്ലായിരുന്നു. പാചകവും ഫാഷനുമൊക്കെ ഇഷ്ടമായിരുന്നുവെങ്കിലും അതൊരു ബിസിനസായി വളര്‍ത്തിയെടുക്കണം എന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് കുഞ്ഞു മകളുടെ ആദ്യ പിറന്നാള്‍ എത്തുന്നത്. ആദ്യ പിറന്നാളിന്റെ കേക്ക് സ്വന്തമായി തന്നെ ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ കേക്ക് ഉണ്ടാക്കുന്നതിനെ പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നു. 

ഷഹ്‌ല സലിം

ഒരിഷ്ടത്തിന് വേണ്ടി ചെയ്യാം എന്നല്ലാതെ അതിന്റെ പെര്‍ഫെക്‌ഷനെ കുറിച്ച് ചിന്തിച്ചിരുന്നേയില്ല. കാരണം അത്രയും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ, എന്തെങ്കിലും പ്രശ്‌നം വന്നാലും അവര്‍ ഒന്നുംപറയില്ല, ഞാന്‍ ചെയ്തതിനെ അഭിനന്ദിക്കുകയേയുളളൂ എന്നെനിക്ക് അറിയാമായിരുന്നു. അതായിരുന്നു ധൈര്യം. അതിനിടയില്‍ ഞാന്‍ ആഗ്രഹിച്ച പോലെ ബേക്കിങിനെ കുറിച്ച് ഒരു ഏക ദിന വര്‍ക്ക്‌ഷോപ്പ് വരുന്നത്. കൂട്ടുകാരിക്കൊപ്പം പോയ ആ യാത്രയാണ് എല്ലാത്തിനും തുടക്കമിട്ടത്. ഒരു ദിനം കൊണ്ട് ബേക്കിങ് പഠിക്കാമല്ലോ എന്ന ചിന്ത ആദ്യ കേക്കിനെ തന്നെ രുചികരമാക്കി. പിന്നെ എന്നെ അതിശയിപ്പിക്കുന്ന പോലെയായിരുന്നു ചുറ്റുമുള്ളവരുടെ പ്രതികരണം. 

ആദ്യ ഓര്‍ഡര്‍ വീടിനടുത്തു നിന്നായിരുന്നു. പിന്നെ അവര്‍ പറഞ്ഞറിഞ്ഞ് കുറേ ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് നേരിട്ട് ചെയ്തു കൊടുക്കുന്നുവെന്നതായിരുന്നു അതിനുള്ള പ്രധാന കാരണം. കുറേ ഓര്‍ഡറുകള്‍ വന്നു തുടങ്ങിയപ്പോള്‍ കുറേശ്ശേ ചാര്‍ജ് ഈടാക്കാന്‍ വീട്ടില്‍ നിന്നു പറഞ്ഞു. ഇന്ന് ഷുഗര്‍ ബീന്‍സ് എന്നു പേരിട്ട് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി  തുടങ്ങിയ പേജ് വഴി കുറേ ഓര്‍ഡറുകള്‍ വരുന്നു, എനിക്കുള്ള നല്ലൊരു വരുമാന സ്രോതസ്സും അതുതന്നെ. പിന്നെയിപ്പോള്‍ എക്‌സിബിഷനും സംഘടിപ്പിക്കുന്നു. കൊച്ചി മെര്‍ക്കാറ്റോ എന്നാണ് എക്‌സിബിഷന്റെ പേര്. നാലാം എഡിഷന്‍ എക്‌സിബിഷന്‍ കഴിഞ്ഞേയുള്ളൂ. വര്‍ഷത്തില്‍ രണ്ടു വര്‍ഷം നടത്തുന്ന എക്‌സിബിഷനില്‍ ഇത്തവണം ബേക്കിങ്, ഫാഷന്‍, ആര്‍ട്, ഹോം ഡെകര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 150 വനിതകളാണ് പങ്കെടുത്തത്. 

നിക്കോള്‍ അലെക്‌സ്

നിക്കോളിന്റെ ലോകം ഫോട്ടോഗ്രഫിയാണ്. ഒരു ഡിസംബറില്‍, മുപ്പതാം പിറന്നാള്‍ ദിനത്തിലെടുത്ത നിറമുള്ള രണ്ട് തീരുമാനങ്ങളാണ് നിക്കോളിനെ ദി റ്റീല്‍ റ്റെയ്ല്‍ എന്ന ഫോട്ടോഗ്രാഫി പേജിലേക്ക് എത്തിച്ചത്. സ്വന്തമായൊരു ബസിനസ് തുടങ്ങുകയെന്നത് ആദ്യ തീരുമാനം. മുടിയുടെ അറ്റം കളര്‍ ചെയ്യുക എന്നതായിരുന്നു രണ്ടാമത്തേത്. അതില്‍ നിന്നു മനസ്സിലാക്കാമല്ലോ കുഞ്ഞു കാര്യങ്ങള്‍ എത്രമാത്രം സന്തോഷം നല്‍കിയിരുന്നു നിക്കോളിന് എന്ന്. 

അമ്മയാണ് നിക്കോളിന്റെ പ്രചോദനം. അമ്മ കൊച്ചിയില്‍ നടത്തുന്ന നിക്കോള്‍ സ്‌റ്റോര്‍ അവര്‍ക്കെത്രമാത്രം സന്തോഷം നല്‍കുന്നുവെന്ന് കണ്ടായിരുന്നു നിക്കോള്‍ വളര്‍ന്നത്. എന്തായിരിക്കണം തന്റെ ബിസിനസ് എന്നതിന് വലിയ ആലോചനയൊന്നും വേണ്ടിവന്നില്ല, ഫോട്ടോഗ്രഫി തന്നെ. അതും കുടുംബങ്ങള്‍ ഒത്തുചേരുന്നിടത്തെ ഫോട്ടോകള്‍. ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത് അതൊരു കഥകേള്‍ക്കുന്ന സുഖത്തില്‍ ചേര്‍ത്തുവച്ച് ആല്‍ബം തയാറാക്കി നല്‍കും നിക്കോള്‍. കൊച്ചി ആസ്ഥാനമായാണ് ദി റ്റീല്‍ റ്റെയ്‌ലിന്റെ പ്രവര്‍ത്തനം. ഒരു ചിത്രത്തിന് ഒരായിരം കഥകള്‍ പറയാനുണ്ടാകും. ഒരുപാട് ഓര്‍മ്മകളാണ് ഒരൊറ്റ സ്‌നാപ്പില്‍ പതിയുന്നത്. 

കാലങ്ങള്‍ കഴിഞ്ഞ് നോക്കുമ്പോള്‍ അവ നമ്മുടെ ഹൃദയത്തെ നമ്മളേറ്റവും ആഗ്രഹിക്കുന്നിടത്തേക്ക്, കഥകളിലേക്ക് കൈപിടിക്കും. പ്രത്യേകിച്ച് ഫാമിലി ഫോട്ടോഗ്രാഫി ആകുമ്പോള്‍ അത് സ്‌നേഹത്തിന്റെ ആഴങ്ങളില്‍ നിന്നെത്തുന്നവയാണ്. അതുകൊണ്ടാകണം ഓരോ നിമിഷവും ഞാന്‍ ഏറെ സന്തോഷത്തോടെയാണ് എന്റെ കരിയറുമായി മുന്നോട്ടു പോകുന്നത്. ഞാന്‍ മകളും ഭാര്യയും അമ്മയുമാണ്. പക്ഷേ എന്റെ കരിയറിന് അവരാരും തടസ്സമായിട്ടില്ല. എനിക്ക് അത്രമാത്രം പാഷനും സമര്‍പ്പണവും ഇതിനോട് ഉണ്ടെന്ന് മനസ്സിലാക്കിയാകണം അവര്‍ അത്രമാത്രം പിന്തുണ തരുന്നത്.

ആന്‍ അയിക്കല്‍

എംടെക് കഴിഞ്ഞ് കുറച്ചു നാളേ ജോലിക്ക് പോകാനായുള്ളൂ. അതുകഴിഞ്ഞപ്പോള്‍ ആദ്യ വാവ വന്നു. അവനെ ഡേ കെയറില്‍ ഒന്നും ഏല്‍പ്പിക്കാന്‍ തോന്നിയില്ല. ബാംഗ്ലൂരിലായിരുന്നു ഞാന്‍. വീട്ടു ജോലിക്കും കുഞ്ഞിനെ നോക്കലിനും അപ്പുറം എന്തു ചെയ്യും എന്ന ചിന്തയില്‍ നിന്നാണ് അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ ഡാന്‍സ് പഠിപ്പിച്ചാലോ എന്ന് ആലോചിച്ചത്. ചെറുപ്പത്തില‍ ഡാന്‍സ് പഠിച്ചിട്ടുണ്ട് ഞാന്‍. അങ്ങനെ ഭരതനാട്യം പഠിപ്പിക്കാന്‍ തുടങ്ങി. നമ്മളൊരു പുതിയ കാര്യം ചെയ്തിട്ട് ആദ്യം കിട്ടുന്ന പ്രതിഫലം എപ്പോഴും പ്രിയപ്പെട്ടതാണല്ലോ. ഡാന്‍സ് പഠിപ്പിച്ച് കിട്ടിയ പോക്കറ്റ് മണിയില്‍ പ്രിയപ്പട്ടവര്‍ക്കെല്ലാവര്‍ക്കും വസ്ത്രം വാങ്ങാന്‍ തീരുമാനിച്ചു. 

അങ്ങനെയിരിക്കുമ്പോഴാണ് തൊട്ടടുത്ത അപ്പാര്‍ട്‌മെന്‌റിലെ ഒരാളില്‍ നിന്ന് മാല വാങ്ങുന്നത്. അവര്‍ വീട്ടിലിരുന്ന് ഉണ്ടാക്കി വില്‍ക്കുന്നതായിരുന്നു. അത് വാങ്ങിയപ്പോള്‍ എനിക്കും തോന്നി നമുക്കും ചെയ്യാമല്ലോ എന്ന്. അങ്ങനെ എന്നെക്കൊണ്ടു കഴിയുന്ന പോലെ കുഞ്ഞ് മാലകളും വളകളും നെക്‌ലേസുമൊക്കെ ചെയ്ത് വീട്ടിലുള്ളവര്‍ക്ക് നല്‍കിത്തുടങ്ങി. പിന്നെ പിന്നെ അവര്‍ തന്നെ ചോദിക്കാന്‍ തുടങ്ങി എന്തുകൊണ്ട് നിനക്കിത് സീരിയസായി ചെയ്തു കൂട എന്ന്. അതാണ് റ്റിസാറാ എന്ന സംരഭത്തിന് തുടക്കമായത്. 

സ്ത്രീകള്‍ക്ക് ഡെയ്‌ലിയും അല്ലാതെ പാര്‍ട്ടികളിലും അണിയാനാകുന്ന മിതമായ നിരക്കിലുള്ള ജ്യുവലറികളുടെ കളക്‌ഷനാണ് അവിടെയുള്ളത്. ഞാന്‍ ഒറ്റയ്ക്ക് തുടങ്ങിയതാണിത്. ഇനി സഹായത്തിന് ആരെയെങ്കിലും വയ്ക്കണം എന്നുണ്ട്. എന്താണ് ഏറ്റവും വലിയ സന്തോഷം എന്നു ചോദിച്ചാല്‍ ഞാന്‍ എന്റെ കൈകൊണ്ട് എന്റെ ഇഷ്ടത്തിന് എനിക്ക് സന്തോഷമാകുന്ന വിധത്തില്‍ ചെയ്‌തെടുത്ത മാലയും വളയുമൊക്കെ അണിഞ്ഞ് നില്‍ക്കുന്നവരുടെ ചിരി കാണുന്നതാണ്. അതാണ് പിന്നെയും ഇവിടെ നില്‍ക്കാന്‍ പ്രചോദനമാകുന്നത്.

സനം ഹിന്‍ഫാസ്

സോ ആന്‍ഡ് സീ ബൊട്ടീക് കുഞ്ഞു മക്കള്‍ക്കുള്ള ഉടുപ്പുകള്‍ക്കുള്ള ഇടമാണ്. മറ്റെല്ലാവരേയും പോലെ തീര്‍ത്തും പേഴ്‌സണലായ ആവശ്യങ്ങള്‍ക്കുള്ള തിരച്ചിലാണ് കൊച്ചിയിലുള്ള സനം ഹിന്‍ഫാസിനേയും ഈ സംരംഭത്തിലേക്ക് എത്തിച്ചത്. എംബിഎ കഴിഞ്ഞായിരുന്ന വിവാഹം. ആദ്യമെത്തിയത് മകനായിരുന്നു, സോഹാന്‍. മകന്‍ എത്തിയശേഷം എന്തെങ്കിലുമൊരു പ്രൊഫഷനിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും മകളും വന്നു, സീയാന്‍. അവരുടെ രണ്ടു പേരുടേയും പേരിന്റെ ആദ്യ അക്ഷരമാണ് ബൊട്ടീക്കിനു നല്‍കിയത്. കാരണം അവര്‍ക്ക് ഉടുപ്പ് തേടിയുള്ള തിരച്ചിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. 

നമ്മുടെ മനസ്സിനുളള ഡിസൈനുകള്‍ക്ക് വലിയ വിലയായിരുന്നു. കാണുമ്പോള്‍ തന്നെ മനസ്സിലായിരുന്നു അത്രയൊന്നും വില ഉടുപ്പുകള്‍ക്കില്ലെന്ന്. പതിയെ ഞാന്‍ തന്നെ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. അതു കണ്ട ഇഷ്ടപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്നാണ് ആദ്യം പറഞ്ഞത് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കിക്കൂട എന്ന്. അങ്ങനെയാണ് കൊച്ചിയില്‍ സോ ആന്‍ഡ് സീ ബൊട്ടീക് വരുന്നത്. മക്കള്‍ ചേരുന്ന നല്ല ഉടുപ്പുകള്‍ കാണുമ്പോഴും അവര്‍ അത് ഇടും നേരവും എനിക്കു തോന്നിയിരുന്ന അതേ സേേന്താഷം എനിക്ക് കണ്‍മുമ്പില്‍ ഒരുപാട് പേരില്‍ കാണാനാകുന്നു. നമ്മുടെ ഇഷ്ടവും സ്‌നേഹവും ക്രിയേറ്റിവിറ്റിയും നിറഞ്ഞ ആ ഉടുപ്പുകള്‍ അവര്‍ ഏറെ സനോഹത്തോടെ കൊണ്ടുപോകുമ്പോള്‍ ബിസിനസ് നല്ലതാകുന്നുവെന്ന സന്തോഷത്തിനേക്കാള്‍ വലിയ അനുഭൂതിയാണ് മനസ്സില്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT