ആരോരുമില്ലാത്ത വൃദ്ധയെ പുത്തനുടുപ്പും ചെരുപ്പും അണിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ തരംഗമാണ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചുകൊണ്ട്

ദൃശ്യങ്ങൾ ട്വിറ്ററിൽ കുറിച്ചതിങ്ങനെ :-

'ശ്രദ്ധ ശുക്ലയെപ്പോലെയുള്ള പെൺകുട്ടികളുടെ പേരിൽ മധ്യപ്രദേശ് അഭിമാനിക്കുന്നു. എല്ലാവരുടെയും സങ്കടങ്ങൾ മനസ്സിലാക്കുന്നവരാണ് പെൺമക്കൾ. ഓരോ വീടിന്റെയും പ്രകാശമാണവർ. ഇവരിലൂടെ സൃഷ്ടി ധന്യമായിരിക്കുകയാണ്. ശ്രദ്ധ എന്ന മകൾക്ക് എല്ലാവിധമുള്ള സ്നേഹവും ആശീർവാദവും' 

മധ്യപ്രദേശിലെ മഗരോൺ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ശ്രദ്ധാ ശുക്ല വയോധികയെ പുത്തനുടുപ്പും ചെരുപ്പും അണിയിക്കുന്ന ദൃശ്യങ്ങളാണ് തരംഗമായത്. പുത്തൻ വസ്ത്രം ലഭിച്ചപ്പോൾ കരഞ്ഞുകൊണ്ട് വൃദ്ധ ശ്രദ്ധയെ ആലിംഗനം ചെയ്യുന്നതും താൻ ഉപേക്ഷിക്കപ്പെട്ടവളാണെന്ന് പറഞ്ഞ് അവർ കരയുമ്പോൾ ശ്രദ്ധ അവരെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് അവരെ ചെരുപ്പണിയാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ  ദൃശ്യങ്ങൾ പങ്കുവച്ച് ഒരു ദിവസം പിന്നിട്ടപ്പോൾ 24,000 ൽ അധികം പ്രാവശ്യം ആളുകൾ ദൃശ്യങ്ങൾ കാണുകയും 6000 ൽ അധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ കനിവിനെ അഭിനന്ദിച്ചും ഏറെപ്പേർ പ്രതികരണങ്ങൾ പങ്കുവച്ചു.