എംപിയോ അതോ നടിയോ?, ചിലപ്പോൾ സംശയം തോന്നുന്നു; നുസ്രത് ജഹാന് വിമർശനം
തൃണമൂൽ കോൺഗ്രസ് എംപി നുസ്രത് ജഹാൻ അടുത്തിടെ വാർത്തകളിൽ നിറയുന്നത് വിവാദനായികയായാണ്. ദുർഗാ പൂജയുടെ ആഘോഷവേളയിൽ നൃത്തം ചെയ്തതിനും ഭർത്താവുമൊത്ത് ദുർഗാപൂജയിൽ പങ്കെടുത്തതിനും സാരിയും സിന്ദൂരവും മംഗല്യസൂത്രവുമണിഞ്ഞതിനുമെല്ലാം നിശിതമായി വിമർശിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില ചിത്രങ്ങളുടെ പേരിലാണ് നുസ്രത് ജഹാൻ വിമർശിക്കപ്പെടുന്നത്. ജീവിതത്തിന്റെ നിഴലുകൾ എന്നർഥം വരുന്ന വാക്കുകളുള്ള തലക്കെട്ടോടെ വിവിധ ഭാവത്തിലുള്ള അഞ്ചു ചിത്രങ്ങളാണ് നുസ്രത് ജഹാൻ പങ്കുവച്ചത്. വെള്ളടോപ്പും വളയം പോലെ വലിയ കമ്മലുമണിഞ്ഞു നിൽക്കുന്ന നുസ്രത്തിന്റെ ചിത്രം അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
'' ജീവിതത്തിന്റെ നിഴലുകൾ. ചിത്രത്തിന്റെ കടപ്പാട് എനിക്ക് തന്നെ'' എന്ന അടിക്കുറിപ്പോടെയാണ് 29 വയസ്സുകാരിയായ നുസ്രത് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം പങ്കുവച്ച് രണ്ട് മണിക്കൂറുകൾക്കകം 19,000 ലധികം ലൈക്കുകളുമായാണ് ചിത്രത്തിന് ലഭിച്ചത്. മുൻ അഭിനേത്രികൂടിയായ താരത്തെ പലരും അഭിനന്ദിക്കുന്നുണ്ടെങ്കിലും വിമർശിക്കുന്നവരും കുറവല്ല.
വളരെ നന്നായിരിക്കുന്നു, മനോഹരം എന്നൊക്കെ ചിലർ കുറിച്ചപ്പോൾ, ഇപ്പോൾ നിങ്ങൾ ഒരു എംപിയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനു പകരം മണ്ഡലത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യൂവെന്നാണ് മറ്റു ചിലരുടെ ഉപദേശം. എംപിയാണോ അതോ അഭിനേത്രിയോ, ചിലസമയത്ത് എനിക്ക് ശരിക്കും ആശയക്കുഴപ്പം തോന്നുന്നുണ്ടെന്നാണ് ചിലർ പറയുന്നത്. ഇതിനൊക്കെ പുറമേയാണ് എംപിയായ മിമി ചക്രബർത്തിയെ ടാഗ് ചെയ്തുകൊണ്ട് നുസ്രത് ചോദിച്ച ഒരു ചോദ്യത്തിന് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെത്തന്നെ മറുപടി നൽകിയത്.
'' എന്റെ മേക്കപ് നന്നായിട്ടില്ലേ? എന്നാണ് മിമി ചക്രബർത്തിയെ ടാഗ് ചെയ്തുകൊണ്ട് നുസ്രത് ചോദിച്ചത്. ചോദ്യത്തോട് മിമി ചക്രബർത്തി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ നുസ്രത്തിന് മറുപടി നൽകി. മേക്കപ് നന്നായിട്ടുണ്ടെന്നും, ഗംഭീരമായിട്ടുണ്ടെന്നുമാണ് അവരിൽ ചിലർ കുറിച്ചത്.ബംഗാളി സിനിമാതാരമായ നുസ്രത് ജഹാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോമ്ഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായ ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. സൈബർ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇവർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
English Summary : MP Nusrat Jahan shared Photo Series, Shades Of Life