സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് ഗുല്‍ പനാഗ്. സിനിമാ സെറ്റുകളില്‍ നിന്നുള്ള ചിത്രങ്ങള്‍, ഷൂട്ടിങ് വിശേഷങ്ങള്‍, പുതിയ സിനിമാ വിശേഷങ്ങള്‍ എന്നിവയൊക്കെ അറിയിക്കുന്നതിനൊപ്പം തന്റെ കുടുംബവിശേഷങ്ങളും അവര്‍ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. മകൻ നിഹാലിന്റെ ചിത്രങ്ങളും കുസൃതികളുമൊക്കെ പങ്കുവയ്ക്കാനും ഗുല്‍ പനാഗ് മടി കാണിക്കാറില്ല. 

ഗുല്‍ പനാഗിന്റെ ഏറ്റവും പുതിയ വിഡിയോയിലെ താരവും മകന്‍ നിഹാല്‍ തന്നെ. നിഹാലിനു പ്രധാന  മന്ത്രി നരേന്ദ്ര മോദിയെ ഒറ്റ നോട്ടത്തില്‍ മനസ്സിലാകുമെന്നാണ് നടി അവകാശപ്പെടുന്നത്. പല ദിവസങ്ങളിലും രാവിലെ എഴുന്നേറ്റാല്‍ കുട്ടി ആദ്യം ചെയ്യുന്ന പ്രവൃത്തികളിലൊന്ന് മേദിയെ ചിത്രത്തില്‍നിന്നു തിരിച്ചറിയുകയാണ്. പത്രത്തിലോ മാഗസിനിലോ ടെലിവിഷനിലോ മോദിയെ കണ്ടാല്‍ ഉടന്‍ തന്നെ നിഹാല്‍ തിരിച്ചറിയും. വിളിച്ചുപറയുകയും ചെയ്യും. തെളിവായി നടി ഒരു വിഡിയോ ഷൂട്ട് ചെയ്തു.  

ആ വിഡിയോ അവര്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോയിലെ ഏറ്റവും മനോഹരമായ ഭാഗം കുട്ടി മോദി എന്നു പറയുമ്പോള്‍ ഗുല്‍ പനാഗ് മോദിജി എന്നു തിരുത്തുന്നതാണ്. ഈ വിഡിയോ പ്രധാനമന്ത്രിയുടെ കണ്ണിലും പെട്ടു. സന്തോഷമറിയിച്ചുകൊണ്ട് കൊച്ചു നിഹാലിന് വാത്സല്യത്തോടെ ആശംസ അറിയിക്കാനും അദ്ദേഹം മറന്നില്ല. 

കൊച്ചു നിഹാലിന് എന്റെ ആശംസകള്‍. അനുഗ്രഹങ്ങള്‍. ജീവിതത്തില്‍ അവന്‍ എന്തുതന്നെ ആയാലും ആ മേഖലയിലെല്ലാം എന്റെ ആശംസകള്‍ ഒപ്പമുണ്ടാകും. കുട്ടിയുടെ രക്ഷകര്‍ത്താവായി, സുഹൃത്തും ഗുരുവുമായി എന്നും നിങ്ങളും അവന്റെ കൂടെ ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു...  പ്രധാനമന്ത്രി ആശംസിച്ചു. 

ഗുല്‍ പനാഗും നിഹാലും ഒന്നിച്ചുള്ള വിഡിയോയും കുട്ടി പ്രധാനമന്ത്രിയെ തിരിച്ചറിയുന്നതും പ്രശസ്തിക്കൊപ്പം വിവാദവും സൃഷ്ടിച്ചിരിക്കുകയാണ്. നിഷ്കളങ്കനായ കുട്ടിയെ ഉപയോഗിച്ചുകൊണ്ട് പ്രശസ്തയാകാനും മോദിയുടെയും ബിജെപിയുടെയും പ്രീതി പിടിച്ചുപറ്റാനുമാണ് നടി ശ്രമിക്കുന്നതെന്നാണ് ഉയര്‍ന്നുവന്ന ഒരു ആരോപണം. 

രാഷ്ട്രീയത്തില്‍ ഉന്നതങ്ങളിലെത്താന്‍ നടി ആഗ്രഹിക്കുന്നുണ്ടാകും. അതിനുവേണ്ടി കുട്ടിയെ ഇരയാക്കിയിരി ക്കുകയാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ബിജെപിയെ പ്രീതിപ്പിടുത്താനും നടി ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ചിലര്‍ ആരോപിച്ചു. ആരോപണങ്ങള്‍ കൂടുകയും വിഡിയോ വിവാദമാകുകയും ചെയ്തതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുല്‍ പനാഗ്. 

നിങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ വളരെ ദുഃഖമുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഇപ്പോള്‍ എന്റെ മനസ്സിലില്ല. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും രാഷ്ട്രീയം കാണുന്ന സ്വഭാവവും എനിക്കില്ല. പ്രധാനമന്ത്രിയും ഇതേ നിലപാടു തന്നെയായാരിക്കും സ്വീകരിക്കുക എന്നെനിക്കുറപ്പുണ്ട്. നിങ്ങള്‍ക്ക് ശുഭദിനം ആശംസിക്കുന്നു. വിമര്‍ശകര്‍ക്ക് ഈ മറുപടിയാണ് ഗുല്‍ പനാഗ് നല്‍കുന്നത്. അടുത്തകാലത്ത് നിഹാലിനൊപ്പം മാലദ്വീപ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും ഗുല്‍ പനാഗ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. 

English Summary : Gul Panag's son impresses PM Narendra Modi with his cute act