ഒരു യാത്രക്കായി തയാറെടുക്കുമ്പോൾ ബാഗ് പാക്ക് ചെയ്യുന്നത് പലർക്കുമൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ചും വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ. അധികം വരുന്ന ഭാരത്തിന് തുകയൊടുക്കേണ്ടി വരുന്നതിൽ നിന്ന് രക്ഷപെടാൻ ഒരു യുവതി പ്രയോഗിച്ച ഉപായമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം.

ഫിലിപ്പീൻസ് സ്വദേശിയായ ഗെൽ റോഡ്‌റിഗസ് എന്ന യുവതിയാണ് അധികഭാരം കുറയ്ക്കാൻ താൻ ചെയ്ത കാര്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഏഴു കിലോ ഭാരം വരെയുള്ള ലഗേജ് കൊണ്ടുപോകാനേ അനുമതിയുള്ളൂവെന്ന് എയർലൈൻ ജീവനക്കാർ തന്നെ അറിയിച്ചുവെന്നും അപ്പോൾ തന്റെ ബാഗിന് 9.5 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ബാഗിന്റെ ഭാരം കുറയ്ക്കാനായി ബാഗിലുണ്ടായിരുന്ന 2.5 കിലോ വസ്ത്രങ്ങൾ ഗെൽ എടുത്തണിഞ്ഞു. അങ്ങനെ ബാഗിന്റെ ഭാരം 6.5 കിലോ ആയി കുറച്ചു. എക്സസ് ബാഗേജ് ചലഞ്ച് അക്സപ്റ്റെഡ് എന്ന ഹാഷ്ടാഗോടെയാണ് യുവതി തന്റെ ഉപായം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്. (#ExcessBaggageChallengeAccepted).

കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് അധികനേരം കഴിയുന്നതിനു മുൻപായി അതു തരംഗമായി. 33000 ലൈക്കുകളും 20,000 ഷെയറുകളുമായി ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയാണ് പോസ്റ്റ്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ :-

''വെറും 2 കിലോ അധികഭാരത്തിനുവേണ്ടി കൂടുതൽ തുകയൊടുക്കാൻ ഞാൻ തയാറായിരുന്നില്ല. അതുകൊണ്ടാണ് ബാഗിന്റെ ഭാരം കുറയ്ക്കാനായി രണ്ട് കിലോയോളം വരുന്ന വസ്ത്രങ്ങൾ ധരിച്ചത്. പക്ഷേ ഞാനിത് ഒരിക്കൽക്കൂടി ആവർത്തിക്കില്ല. കാരണം ഇത്രയും വസ്ത്രങ്ങളണിഞ്ഞു കഴിയുമ്പോൾ വല്ലാത്ത ചൂടാണ്''.

ഏപ്രിലിൽ മാഞ്ചസ്റ്ററിൽ നിന്ന് ഫ്യുവർടിവെന്റിയോറയിലേക്കുള്ള ഒരു യാത്രക്കിടെ ബാഗിന്റെ ഭാരം കൂടിയപ്പോൾ ബാഗിന്റെ ഭാരം കുറയ്ക്കാനായി 4 കിലോ വസ്ത്രം ഒരു യുവതി ധരിച്ചിരുന്നു. 9.4 കിലോ ഭാരമുള്ള ബാഗ് ആയിരുന്നു യുവതിയുടെ പക്കലുണ്ടായിരുന്നത്. യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്ന ബാഗിന്റെ ഭാരം 6 കിലോയായിരുന്നു. ഭാഗ്യത്തിന് താൻ കരുതിയിരുന്ന വസ്ത്രങ്ങളെല്ലാം തന്നെ കൊണ്ടുപോകാൻ കഴിഞ്ഞുവെന്ന് യുവതി പിന്നീട് പറഞ്ഞു.

English Summary : Flyer wears 2.5 kilogram of clothes to avoid extra luggage charge

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT