ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ, ശരീര ഭാരത്തിന്റെ പേരിൽ പലപ്പോഴും സെലിബ്രിറ്റികളോളം തന്നെ പരിഹാസ ട്രോളുകൾക്ക് വിധേയരാകാറുണ്ട് മാധ്യമ പ്രവർത്തകരും, ടെലിവിഷൻ അവതാരകരും. അത്തത്തിൽ പരിഹസിക്കപ്പെട്ടപ്പോൾ പരിഹസിച്ചയാൾക്ക് രസകരമായ മറുപടി കൊടുത്തതിന്റെ പേരിലാണ് ഇപ്പോൾ ഒരു മാധ്യമ പ്രവർത്തക സമൂഹമാധ്യമങ്ങളിലെ താരമായിരിക്കുന്നത്. കക്ഷിയുടെ പേര് ട്രേസി ഹിൻസൺ. കാലാവസ്ഥാ റിപ്പോർട്ടറാണ്.

തന്റെ റിപ്പോർട്ടിങ് കണ്ട് തന്റെ വസ്ത്രധാരണത്തെയും ശരീരത്തെയും പരിഹസിച്ചുകൊണ്ട് ഒരു സ്ത്രീ ട്വിറ്ററിലൂടെ പറഞ്ഞ കാര്യങ്ങൾക്ക് ട്രേസി നൽകിയ മറുപടിയാണ് വെർച്വൽ ലോകം ആഘോഷമാക്കിയത്. മേരി എന്ന പേരുള്ള ട്വിറ്റർ യൂസർ ട്രേസിയെ പരിഹസിച്ചുകൊണ്ടെഴുതിയ കുറിപ്പിങ്ങനെ :-

'' നിങ്ങളുടെ കാലാവസ്ഥ റിപ്പോർട്ടിങ് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?. പുറത്തേക്കു തള്ളി നിൽക്കുന്ന നിങ്ങളുടെ വയർ ഒതുക്കാൻ ഒരു അരപ്പട്ട ആവശ്യമാണെന്നു തോന്നുന്നു. ഇതാദ്യമായല്ല ഞാനിത് ശ്രദ്ധിക്കുന്നത്. നിങ്ങളുടെ തള്ളി നിൽക്കുന്ന വയറിനെ മൂടുന്ന തരത്തിലുള്ള ഒരു വസ്ത്രം ധരിച്ചു കൂടെ?'' ചുവപ്പു നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ന്യൂസ് സ്റ്റുഡിയോയിൽ നിന്ന് കാലാവസ്ഥാ റിപ്പോർട്ടിങ് നടത്തുന്ന ട്രേസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മേരി എന്ന ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യം.

പരിഹാസ ട്രോളിന്റെ ചിത്രം സഹിതം പങ്കുവച്ചുകൊണ്ട് ട്രേസി കുറിച്ചതിങ്ങനെ :-

''പ്രിയപ്പെട്ട മേരി, തീർച്ചയായും ഞാൻ അവതരിപ്പിക്കുന്ന പരിപാടി ഞാൻ കാണാറുണ്ട്. നിങ്ങൾക്കെന്റെ വയർ ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ അരപ്പട്ട ധരിക്കാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് പാസ്ത ഇഷ്ടമാണ്, ശരീര ഭാരം കൂട്ടുന്ന ബ്രെഡും ചീസും ഇഷ്ടമാണ്. എനിക്ക് എന്റെ ശരീരം വളരെയിഷ്ടമാണ്. അതല്ലേ? എല്ലാത്തിലും പ്രധാനം''.

25,000 ലധികം ലൈക്കുകളും 2000 ലധികം റിട്വീറ്റുകളുമായി വളരെപ്പെട്ടെന്നാണ് ട്രേസിയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ തരംഗമായത്. നിരവധി പേരാണ് ട്രേസിക്ക് അഭിനന്ദനമറിയിച്ച് പ്രതികരിച്ചത്. അതേസമയം മേരിയെ വിമർശിച്ചവരും കുറവല്ല.