മദ്യപാനിയെന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ് അങ്ങനെ പറഞ്ഞത്: സെൽമ ബ്ലെയർ
ഞാൻ മദ്യപിച്ചാണ് നടക്കുന്നതെന്ന് ആളുകൾ ചിന്തിക്കാതിരിക്കാനാണ് ഞാൻ അക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. അസുഖത്തെക്കുറിച്ചുള്ള ഓരോ ചെറിയ കാര്യങ്ങളും സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാൻ തീരുമാനിച്ചതിനെപ്പറ്റി സെൽമ ബ്ലെയർ പറയുന്നതിങ്ങനെ. അമേരിക്കൻ നടിയും ടെലിവിഷൻ താരവുമായ സെൽമ മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന രോഗബാധിതയാണ്. തലച്ചോറിലെയും സുഷുമ്നയിലെയും ഞരമ്പു കോശങ്ങളുടെ ആവരണം നശിച്ചു പോകുന്ന രോഗാവസ്ഥയാണിത്.
സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന ലക്ഷണങ്ങൾ ഈ രോഗത്തിനുള്ളതുകൊണ്ട് ആളുകൾ തന്നെ മദ്യപാനിയായി തെറ്റിദ്ധരിക്കുമെന്നും അതൊഴിവാക്കാനാണ് അസുഖത്തെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും പുറംലോകത്തെ അറിയിക്കുന്നതെന്നും താരം പറയുന്നു.
'' ഞാൻ മദ്യപിച്ചിട്ടുണ്ടന്ന് ആളുകൾ ചിന്തിക്കുന്നതെനിക്കിഷ്ടമല്ല. കാരണം നേരത്തെ എനിക്കങ്ങനെയൊരു ശീലമുണ്ടായിരുന്നു. ഞാൻ മദ്യപാനിയല്ല, അക്കാര്യത്തിൽ എനിക്കഭിമാനമുണ്ട്.'' സെൽമ പറയുന്നു.
രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയ കാലത്തെക്കുറിച്ചും അന്നൊക്കെ തന്റെ മനസ്സിലുണ്ടായിരുന്ന ചിന്തയെക്കുറിച്ചും താരം പറഞ്ഞതിങ്ങനെ :-
'' അത് വളരെയധികം വേദന നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു. എനിക്ക് ആർത്രറൈറ്റ്സ് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.ശരീരത്തിനൊക്കെ പെട്ടന്ന് പ്രായമാകുന്നതു പോലെയൊരു മാറ്റം എനിക്കും അനുഭവിക്കാനാകുന്നുണ്ടായിരുന്നു. അന്ന് 30 വയസ്സായിരുന്നു പ്രായം''.
ചികിൽസ തുടങ്ങുന്നതിനു മുൻപുള്ള ദുരിതകാലത്തെ 47കാരിയായ നടി ഓർത്തെടുക്കുന്നതിങ്ങനെ :-
''ഞരമ്പിനുള്ളിലൊക്കെ ആരോ പിച്ചിയെടുക്കുന്നതു പോലുള്ള വേദനയായിരുന്നു. കണ്ണുകളൊക്കെ ആകെ ക്ഷീണിച്ചിരുന്നു. ശരീരം വളരെ അപരിചിതമായി പെരുമാറുന്നതിന്റെ ലക്‌ഷണമായേ അതൊക്കെ അന്നു തോന്നിയുള്ളൂ. മകന്റെ ജനനത്തോടെ ശരീരം ആകെത്തളർന്നു. പോസ്റ്റ്പോർട്ടം ഡിപ്രഷൻ അനുഭവിച്ചതുകൊണ്ടാണ് അതെന്നാണ് അന്ന് ഞാൻ കരുതിയത്. ഡിപ്രഷനുള്ള മരുന്നു കഴിച്ചും മാക്രോബയോട്ടിക് ഡയറ്റു പിന്തുടർന്നും മുന്നോട്ടു പോയപ്പോൾ അവസ്ഥ വീണ്ടും മോശമായി''.
''രോഗമെന്താണെന്ന് തിരിച്ചറിയുന്നതിനു മുൻപ് ഒരുപാടു ഡോക്ടർമാരെ കണ്ടിരുന്നു. കാലുകൾ കൂടി അനക്കാനാകാതെ വന്നതോടെ എം ആർ ഐ സ്കാൻ ചെയ്തോട്ടേയെന്ന് ഞാൻ ചോദിച്ചു. അങ്ങനെയാണ് കാഴ്ചയ്ക്കും കൈകാലുകളുടെ ചലനശേഷിക്കും പ്രശ്നമുണ്ടാക്കുന്ന, ശരീരത്തിന്റെ ബാലൻസിനെ ബാധിക്കുന്ന അസുഖമാണ് ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്''.
20കളിലും 30 കളിലും ആളുകളെ ബാധിക്കുന്ന ഈ രോഗം ചില വൈകല്യങ്ങൾക്കും കാരണമാകുമെന്ന് അറിയാൻ കഴിഞ്ഞു. രോഗത്തെക്കുറിച്ച് ആദ്യമായറിഞ്ഞപ്പോൾ ഞാനൊരു മനുഷ്യനാണ്, മനുഷ്യനെ ബാധിക്കുന്ന ഒരു രോഗമാണ് എന്ന ബാധിച്ചതെന്ന തോന്നലാണ് എനിക്കുണ്ടായത്.
2018 ൽ അസുഖം തുടങ്ങിയപ്പോൾ മുതൽ അസുഖത്തെക്കുറിച്ചുള്ള ചെറിയ കാര്യങ്ങൾ വരെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട് സെൽമ. ചികിൽസയ്ക്കു ശേഷമുണ്ടായ പുരോഗതിയെപ്പറ്റിയും മടിക്കാതെ പങ്കുവയ്ക്കുന്ന സെൽമയുടെ ചിത്രങ്ങളും പോസ്റ്റും പലപ്പോഴും പലയാളുകൾക്കും പ്രചോദനമാകുന്നുണ്ട്. ഊന്നുവടിയുമായി വാനിറ്റി ഫെയർ ഓസ്കർ പാർട്ടിയിൽ പങ്കുവച്ച ചിത്രം ഒരുപാടാളുകളെ പ്രചോദിപ്പിച്ചുവെന്നും അത്തരമൊരു ഗ്ലാമർ വേദിയിൽ ഊന്നുവടിയുമായി താൻ കയറിയത് താഴെ വീഴാതിരിക്കാനാണെന്നും. അത് ആളുകളിൽ പ്രചോദനം സൃഷ്ടിച്ചതിൽ സന്തോഷമുണ്ടെന്നും സെൽമ പറയുന്നു.