എനിക്കെത്രനാള്‍ കൂടിയുണ്ട് ഈ ഭൂമിയില്‍, ഡോക്ടറുടെ മറുപടി പക്ഷേ: മനീഷ പറയുന്നു
യഥാര്‍ഥത്തില്‍ ഞാന്‍ ആരാണെന്ന് എനിക്കുതന്നെ മനസ്സിലായത് എന്റെ രോഗകാലത്താണ്. ജീവിതത്തിലെ ലക്ഷ്യം എന്താണെന്നും ഞാന്‍ ആരാകേണ്ടതായിരുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തിയതും രോഗം തന്നെ... പറയുന്നത് ബോളിവുഡ് താരം മനീഷ കൊയാരാള.
ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മനീഷ. വിവാദങ്ങളെ ഭയക്കാതെ ധീരമായ സിനിമകളില്‍ അഭിനയിക്കുകയും അഭിപായങ്ങള്‍ വെട്ടിത്തുറന്നുപറയാന്‍ മടി കാണിക്കാതിരിക്കുകയും ചെയ്ത നടി. മനീഷയുടെ ജീവിതം പക്ഷേ മാറ്റി മറിച്ചത് പുരസ്കാരങ്ങളോ പ്രശസ്തിയോ ആരാധകരോ അനുയായികളോ ഒന്നുമല്ല; രോഗം. അപ്രതീക്ഷിതമായ അതിഥിയായി എത്തിയ ഗര്‍ഭാശയ കാന്‍സര്‍.
മൂന്നു വര്‍ഷം രോഗവുമായി ഏറ്റുമുട്ടലിലായിരുന്നു നടി. സ്വാഭവികമായും ആദ്യകാലത്ത് കടുത്ത നിരാശയിലായിരുന്നു മനീഷ. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥ. പക്ഷേ, രോഗവുമായി പൊരുത്തപ്പെട്ടതോടെ അവര്‍ ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളിലേക്കും അഗാധമായ ചിന്തകളിലേക്കും മുഴുകി. അതോടെ,. രോഗം ശാപമല്ല, അനുഗ്രഹമാണെന്ന തിരിച്ചറിവില്‍ എത്തുകയും ചെയ്തു. അടുത്തിടെ സമാപിച്ച ഖുഷ്‍വന്ത് സിങ് സാഹിത്യോല്‍സവത്തിന്റെ ആദ്യദിനം മനിഷ തന്റെ യാത്രയെക്കുറിച്ചു വിശദമായി സംസാരിച്ചു.
രോഗവുമായി ഏറ്റുമുട്ടി തിരിച്ചറിവില്‍ എത്തിയതിനെത്തുറിച്ചും. അനുഭവങ്ങള്‍ മനിഷ എഴുതുകയും ചെയ്തു - കാന്‍സര്‍ എങ്ങനെ എനിക്ക് പുതിയ ജീവിതം നല്‍കി എന്ന തലക്കെട്ടില്‍. രോഗം രൂക്ഷമായ കാലത്ത് ഞാന്‍ ഡോക്ടര്‍മാരോട് ചോദിച്ചത് ഒരേയൊരു കാര്യം- എനിക്കെത്രനാള്‍ കൂടിയുണ്ട്. ഈ ഭൂമിയില്‍ എനിക്ക് എത്രദിവസം ബാക്കിയുണ്ട്. പക്ഷേ, ക്രമേണ ഞാന്‍ ഭയവുമായി പൊരുത്തപ്പെട്ടു. മരണ ഭയവുമായി. ജീവിതത്തിലെ ഓരോ നിമിഷവും പരാമവധി പ്രയോജനപ്പെടുത്താന്‍ അതോടെ ഞാന്‍ പഠിച്ചു. നീട്ടിക്കിട്ടിയ ജീവിതത്തിന്റെ നിമിഷങ്ങള്‍ ആസ്വദിക്കാനും തുടങ്ങി.
2012 ലാണ് ഗര്‍ഭാശയ കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് താന്‍ എന്ന് മനീഷ തിരിച്ചറിയുന്നത്. അധികം പ്രതീക്ഷയൊന്നും ബാക്കിയില്ലെന്നും. അതോടെ ജീവിതം അവസാനിച്ചതായാണ് തോന്നിയത്. 'എന്റെ വിവാഹ ജീവിതം പരാജയപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായി. അതേ സമയത്തുതന്നെ രോഗവും. പുതിയൊരു ജീവിതത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയ സമയത്താണ് രോഗം എല്ലാം തകര്‍ക്കാന്‍ വേണ്ടിയെത്തിയത്. അതോടെ പശ്ചാത്താപമായി. അനാരോഗ്യകരമായ ജീവിതശൈലി വരുത്തിവച്ച ദുരന്തം മനസ്സില്‍ വിഷാദം നിറച്ചു. ആരോഗ്യം വലിയ സ്വത്താണ്. ആരോഗ്യം എല്ലാവരും ശ്രദ്ധിക്കണം. ആരോഗ്യത്തെ അവഗണിക്കുകയും തെറ്റായ ജീവിതശൈലി പിന്തുടരുകയും ചെയ്താല്‍ തീര്‍ച്ചയായി ദുഃഖിക്കേണ്ടിവരുമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്''- 49 വയസ്സുകാരിയായ മനീഷ പറയുന്നു.
നഷ്ടപ്പെട്ട ജീവിതം തിരിച്ചുകിട്ടുന്നത് അമേരിക്കയിലെ ചികിത്സയെത്തുടര്‍ന്നാണ്. കാന്‍സര്‍ പൂര്‍ണമായും മാറി എന്നു ഡോക്ടര്‍മാര്‍ പറഞ്ഞ ദിവസം മനീഷ വീണ്ടും ജീവിതത്തിലേക്കു തിരിച്ചെത്തി. തലയില്‍ ഒരു മുടി പോലുമില്ലാതെ. കണ്‍പീലികള്‍ പോലുമില്ലാതെ. പഴയ രൂപത്തിന്റെ നിഴല്‍ മാത്രമായി. തന്നെ കാണുമ്പോള്‍ പരിചയക്കാര്‍ എന്തു പറയും എന്നായിരുന്നു ആദ്യത്തെ ചിന്ത. ആളുകളുടെ മുഖത്ത് നോക്കാന്‍ മടി തോന്നി. കണ്ണുകള്‍ നിലത്തുറപ്പിച്ച് ഭീതിയോടെ നടന്ന ദിവസങ്ങള്‍. പതുക്കെപ്പതുക്കെ ജീവിതത്തില്‍ ധൈര്യം തിരിച്ചുകിട്ടി. എല്ലാവരും മോശമായി പെരുമാറുന്നവരല്ലെന്നു തിരിച്ചറിഞ്ഞു. എല്ലാവരും ക്രൂരതയോടെ പെരുമാറുന്നവരല്ലെന്നും.
'എന്റെ ധൈര്യത്തെ അംഗീകരിക്കുന്നവരെയും ഞാന്‍ കണ്ടെത്തി. അതെനിക്കു ശക്തി തന്നു''. രോഗകാലത്തോ അതിനുശേഷമോ ബോളിവുഡില്‍ നിന്നു പിന്തുണ ലഭിച്ചോ എന്ന ചോദ്യത്തിന് അക്കാലത്ത് താന്‍ ഫോണ്‍ പോലും ഉപയോഗിച്ചിരുന്നില്ലെന്നാണ് മനീഷ പറയുന്നത്. അന്നങ്ങനെ പിന്തുണയെക്കുറിച്ചൊന്നും ആലോചിച്ചില്ലെന്നും. ഒറ്റയ്ക്ക് വിധിയുമായി പൊരുത്തപ്പെടാനായിരുന്നു അന്നത്തെ ശ്രമമെന്നും അവര്‍ പറയുന്നു.
പ്രതിസന്ധിഘട്ടത്തില്‍ ചില ആളുകളുടെ ചെറിയ വാക്കുകള്‍ പോലും തന്നെ സാന്ത്വനിപ്പിച്ചിട്ടുണ്ടെന്നും മനീഷ ഓര്‍മിക്കുന്നു. കീമോതെറാപ്പിയെ ടോണിക്കായി കരുതാനായിരുന്നു അമ്മാവന്റെ ഉപേദേശം. കീമോയെ പേടിക്കരുതെന്നും അതിനെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞത് വലിയ ആശ്വാസമായാണ് തോന്നിയത്. ചികിത്സയ്ക്ക് യുഎസിലേക്കു പോയപ്പോള്‍ ശരീരം മൂടുന്ന കോട്ട് കടം തന്ന് വേഗം തിരിച്ചുവരൂ എന്നാശംസിച്ച സുഹത്തിനെയും മറക്കാനാവില്ല.
രോഗകാലത്ത് ജപിക്കാന്‍ മന്ത്രം പറഞ്ഞുതന്ന മറ്റൊരു സുഹൃത്ത്. ഇന്നു ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ പല കാര്യങ്ങളും ഒഴിവാക്കാമായിരുന്നു എന്നെനിക്കു തോന്നുന്നു. ചെയ്യരുതാത്ത പല കാര്യങ്ങളും ചെയ്തു. ഇനിയെങ്കിലും എനിക്കു വ്യത്യസ്തമായി ജീവിക്കണം. അതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഞാനിപ്പോള്‍ വാക്കു കൊടുക്കുന്നത് എനിക്കു തന്നെയാണ്. നന്നായി ജീവിക്കാമെന്ന വാഗ്ദാനം. കുടുംബത്തെ ഞാന്‍ വിലമതിക്കുന്നു. ബന്ധങ്ങളെ, ആരോഗ്യത്തെ, ജോലിയെ.. മനീഷ പറയുന്നു.
രണ്ടു പതിറ്റാണ്ടിനു ശേഷം നടി ബോളിവുഡിലേക്ക് മടങ്ങിവരികയുമാണ്. 2010-ല്‍ ഇറങ്ങിയ തെലുഗ് ചിത്രം പ്രസ്താനാമിന്റെ ഹിന്ദി റീമേക്ക്. ജാക്കി ഷറോഫും സന്‍ജയ് ദത്തുമാണ് ഒപ്പം അഭിനയിക്കുന്നത്.
English Summary : Manisha Koirala, Battle With Cancer, Cancer memoir