തടിച്ചി, കറുമ്പി എന്നുവിളിച്ച് 5 വർഷം മാറ്റി നിർത്തി; സബ്യസാചി മോഡലായി ഗംഭീര മറുപടി നൽകി
ഒരു മോഡലിനുവേണ്ട നിറമില്ല, പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന അഴകളവുകളുമല്ല. നീണ്ട അഞ്ചുവർഷക്കാലം അവഗണനയുടെയും തിരസ്കാരത്തിന്റെയും കയ്പുനീർ കുടിച്ചയാളാണ് വർഷിത തടവർത്തി. എന്നാൽ പരിഹാസങ്ങളിലും മാറ്റിനിർത്തപ്പെടലിലും തളർന്നു പോകാൻ ആ 25വയസ്സുകാരി ഒരുക്കമല്ലായിരുന്നു.
പരിഹാസങ്ങൾക്ക് മറുപടിയായി സൗന്ദര്യസങ്കൽപ്പങ്ങൾ തിരുത്തിയെഴുതി അവൾ തിരിച്ചു വന്നു. തന്നെ അവഗണിച്ചവർക്കു മുന്നിലേക്ക് ഇക്കുറി അവളെത്തുന്നത് പ്രശസ്ത ഫാഷൻ ഡിസൈനർ സബ്യസാചിയുടെ മോഡലായിട്ടാണ്. മാറ്റത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് വർഷിത മനസ്സു തുറക്കുന്നതിങ്ങനെ :-
'' അഴകളവുകളെക്കുറിച്ച് ഒരു പ്രത്യേക മാനദണ്ഡം കാത്തുസൂക്ഷിക്കുന്ന ഒരു മേഖലയിൽ നിലനിൽക്കണമെങ്കിൽ അസാധ്യമായ ക്ഷമയും കരുത്തും വേണം. എന്റെ ശരീര വണ്ണത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ ഞാൻ തിരസ്കരിക്കപ്പെട്ടത് നാലു വർഷമാണ്. ഇന്ത്യയിലെ ഒരു ഏജൻസിയും എന്നെ അവരുടെ മോഡലാക്കാൻ തയാറായില്ല. അവരുടെയൊന്നും പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്ന ആളായിരുന്നില്ല ഞാൻ എന്നതായിരുന്നു അവർ പറഞ്ഞ ന്യായം. വലിയ ശരീരമുള്ള സ്ത്രീകളോട് ഇൻഡസ്ട്രി കാണിക്കുന്ന വിവേചനത്തെ പല രീതിയിലും വർഷിത ചോദ്യം ചെയ്തു.
ആന്ധ്രാപ്രദേശിൽ ജനിച്ച് ഡൽഹിയിൽ വളർന്ന വർഷിത ആളുകൾ തന്നെ പ്ലസ് സൈസ് എന്നു വിളിക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് മനസ്സു തുറക്കുന്നതിങ്ങനെ :-
'' പ്ലസ് സൈസ് മോഡൽ എന്ന വിളി കേൾക്കുമ്പോൾ അസഹ്യത തോന്നും. മെലിഞ്ഞ മോഡലുകളെ മോഡൽ എന്നു തന്നെ വിളിക്കും വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും എന്തിനാണ് സ്ത്രീകൾക്കി
ടയിൽ ഇങ്ങനെയൊരു തരംതിരിവ്. ആ വിളികേൾക്കുന്നത് ഒട്ടും സുഖകരമായിരുന്നില്ല. എനിക്കറിയാം എന്റെ അതേ സൈസിലുള്ള പലർക്കും അതു കേൾക്കുന്നത് ഇഷ്ടമായിരിക്കില്ല''.
എല്ലാവർക്കും സ്വീകാര്യമായ ബോഡിഷേപ്പിലെത്താൻ താൻ പലകുറി ശ്രമിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് വർഷിത ആ കാര്യങ്ങളെ ഓർത്തെടുക്കുന്നതിങ്ങനെ :-
'' എന്റെ കാലഘത്തിലെ കുട്ടികളുടെ (90 കളിൽ) വളർച്ച അത്രയെളുപ്പമായിരുന്നില്ല. അന്ന് ഇന്നത്തെപ്പോലെ ഇന്റർനെറ്റൊന്നും അത്രകണ്ട് പ്രചരിച്ചിരുന്നില്ല. ശരീരത്തെ ആഘോഷിക്കണമെന്നൊന്നും അന്ന് ആരും പറഞ്ഞു തന്നിരുന്നില്ല. എന്റെ ചുറ്റിലുമുള്ളവരൊക്കെ വെളുക്കാനായി ക്രീമും പൗഡറും ഒക്കെ മുഖത്തിടുമായിരുന്നു. അങ്ങനെയൊക്കെ ചെയ്ത് എന്നെ നന്നാക്കി നിർത്തമെന്ന് ഞാനും കരുതിയിരുന്നു. ഞാൻ സ്വന്തമായി മാറാൻ തീരുമാനിക്കുന്നതുവരെ എന്നെ കാണാൻ വളരെ മോശമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു''.
തെന്നിന്ത്യൻ സിനിമയിൽ അവസരമന്വേഷിച്ചെത്തിയപ്പോൾ തന്നെ കാത്തിരുന്ന അനുഭവങ്ങളെക്കുറിച്ച് വർഷിത വെളിപ്പെടുത്തുന്നതിങ്ങനെ :-
'' സൗത്തിന്ത്യയിൽ അവസരങ്ങൾക്കായി ഞാൻ അഞ്ചുവർഷം ശ്രമിച്ചു. ഞാൻ കണ്ട സംവിധായകരും നിർമാതാക്കളുമൊക്കെ എന്നോടാവർത്തിച്ചത് ഒരേയൊരു കാര്യമാണ്. തടികുറച്ച്, നിറം വച്ചു വരൂ എന്ന്. ഞാനാകെ തകർന്നു പോയിരുന്നു. ഇതൊക്കെ എനിക്കു മനസ്സിലാകുന്നതിനും അപ്പുറമായിരുന്നു. പക്ഷേ എങ്കിലും ഞാൻ അവസരങ്ങൾക്കായി ശ്രമിച്ചു കൊണ്ടിരുന്നു. കാരണം എന്നെങ്കിലും ആരെങ്കിലും എന്നെ ഞാനായിത്തന്നെ സ്വീകരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അഞ്ചുവർഷത്തിനു ശേഷം സബ്യസാചിയിലൂടെ അതു സാധിച്ചു.
രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചാണ് വർഷിതയുടെ ഫോട്ടോഷൂട്ട് തരംഗമായത്. അതേത്തുടർന്ന് നിരവധി പേരാണ് വർഷിതയെ അഭിനന്ദിച്ചത്. ബോഡിപോസിറ്റിവിറ്റി ഐക്കണായാണ് പലരും അവരെ കണ്ടത്. നിറത്തിന്റെ, വണ്ണത്തിന്റെ, കഴിവിന്റെ പേരിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പലരും തങ്ങൾക്ക് പ്രചോദനമായതിന് വർഷിതയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിക്കുന്നുണ്ട്.