ബ്രേക്ക് അപ് സന്ദേശമെത്തിയാൽ ബൾബ് കത്തും; തരംഗമായി യുവതിയുടെ കണ്ടുപിടുത്തം
സാങ്കേതിക രംഗത്ത് ലോകം അതിശയകരമായ പുരോഗതി കൈവരിക്കുമ്പോഴും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ ആഗ്രഹത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. ഏകാന്തതയില്‍ സങ്കടപ്പെടാത്തവരില്ല. സ്നേഹബന്ധത്തിന്റെ സംരക്ഷണയില്‍ ജീവിതദുരിതം മറക്കാന്‍ ആഗ്രഹിക്കാത്തവരില്ല. കൂട്ടായ്മകളില്‍ എല്ലാം മറക്കാന്‍ കൊതിക്കാത്തവരില്ല. അവരുടെ വേദനകളെയും ദുഃഖങ്ങളെയും സാങ്കേതിക വിദ്യ മറക്കുകയാണെന്ന ആരോപണത്തിനു മറുപടിയുമായി ഒരു ജപ്പാന് വനിത എത്തിയിരിക്കുന്നു.
അത്യപൂര്‍വമായ ഒരു കണ്ടുപിടിത്തത്തിലൂടെ വേര്പിരിയുന്നവരെയും ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരെയും സ്നേഹദുഃഖത്തിലൂടെ കടന്നുപോകുന്നവരെയും ചേര്‍ത്തുപിടിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുമാണ് മരി ഫുജിവര എന്ന ജപ്പാന് യുവതി. ലാപ്ടോപുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ബള്‍ബാണ് ഫുജിവരയുടെ കണ്ടുപിടിത്തം. എന്റെ ബന്ധം തകര്‍ന്നിരിക്കുന്നു എന്നോ ഞാന്‍ ഒറ്റയായിരിക്കുന്നു എന്ന് ആരെങ്കിലും സന്ദേശം അയച്ചാല്‍ ആ നിമിഷം ബള്‍ബ് മിന്നും. ഓര്‍മപ്പെടുത്തലായി, സങ്കടം പങ്കിടലായി...സ്നേഹത്തിന്റെ മൂല്യത്തെക്കുറിച്ച് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ട്.
ഇങ്ങനെയൊരു ബള്‍ബ് കണ്ടുപിടിക്കാനുള്ള സാഹചര്യം ഒരു ബ്ലോഗിലൂടെ ഫുജിവര വിശദീകരിച്ചിട്ടുണ്ട്. കാരണം വളരെ ലളിതം. ക്രിസ്മസ് ഫുജിവരയ്ക്ക് ഇഷ്ടമല്ല. ക്രിസ്മസ് മാത്രമല്ല, ആഘോഷകാലങ്ങളൊന്നും തന്നെ ഇഷ്ടമല്ല. ആഘോഷിക്കാനും ആനന്ദിക്കാനും ഒരു പങ്കാളി കൂടെയില്ല എന്നതുതന്നെ കാരണം.
യേശുക്രിസ്തുവിന്റെ തിരുജനനം ആഘോഷിക്കണെമെന്ന് എനിക്കും ആഗ്രഹമുണ്ട്. ലോകത്തെല്ലായിടത്തും സ്ത്രീപുരുഷന്മാര് അരുടെ പങ്കാളികള്‍ക്കൊപ്പം ആഘോഷങ്ങള്‍ക്കു പദ്ധതി ഒരുക്കുമ്പോള്‍ ഞാനിവിടെ ഒറ്റയ്ക്കാണ്. തനിച്ച്. ഞാനും എന്റെ ജോലിയും മാത്രം. എനിക്കു കൂട്ട് ഏകാന്തത മാത്രം. പറയൂ, ഞനെങ്ങനെ ക്രിസ്മസ് ആഘോഷിക്കും- ഫുജിവര ചോദിക്കുന്നു.
ഈ ക്രിസ്മസ് കാലത്ത് ഒറ്റയ്ക്കാക്കപ്പെട്ടു എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള പരിശ്രമത്തിലാണ് ഫുജിവര. തന്റേതായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലും. അതുകൊണ്ടാണ് പുതിയൊരു കണ്ടുപിടിത്തം അവര്‍ നടത്തിയത്. ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഒരു മികച്ച മാര്‍ഗ്ഗം. ഞാന്‍ വേര്‍പിരിഞ്ഞിരിക്കുന്നു എന്നോ എന്റെ ബന്ധം തകര്‍ന്നു എന്നോ ആരെങ്കിലും ട്വീറ്റ് ചെയ്താല്‍ ഫുജിവരയുടെ ലാപ്ടോപിനോട് ഘടിപ്പിച്ചിരിക്കുന്ന ബള്‍ബ് മിന്നും. ഫുജിവരയെപ്പോലെ മറ്റൊരാള്‍ കൂടി. ഏകാന്തതയുടെ ദ്വീപിലേക്ക് ഒരു മനുഷ്യന് കൂടി.
‘ ഇത് ക്രിസ്മസ് കാലമാണ്. ഓരോ പൂവിലും നക്ഷത്രത്തിലും കൂടി ക്രിസ്മസ് തിളങ്ങുന്ന, ജ്വലിക്കുന്ന കാലം. വേര്‍പിരിയാന്‍ വിധിക്കപ്പെട്ടവരുടെ വേദനകള്‍കൊണ്ട് ഇത്തവണത്തെ ക്രിസ്മസ് ഞാനിതാ അലങ്കരിക്കുന്നു- ഫുജിവര പറയുന്നു.
സ്നേഹം വിശുദ്ധവും മനോഹരവുമാണെന്ന കാര്യത്തില്‍ ഫുജിവരയ്ക്ക് ഒരു സംശയവുമില്ല. ‘ എങ്ങനെയും ക്രിസ്മസ് ആഘോഷിക്കൂ. ആഘോഷകാലത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കൂ. ഞാനവിടെ തനിച്ചാണെന്നതു മറന്നേക്കൂ- സങ്കടത്തിന്റെ ആര്‍ദ്രസ്മിതത്തോടെ ഫുജിവരയുടെ വാക്കുകള്‍.
ഫുജിവരയുടെ ട്വിറ്റര്‍ സന്ദേശം പെട്ടെന്നുതന്നെ തരംഗമായി. പതിനായിരത്തോളം പേരാണ് ട്വീറ്റ് പങ്കുവച്ചത്. ആറു ലക്ഷത്തോളം പേര് സന്ദേശം വായിക്കുകയും ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഫുജിവര ലാപ്ടോപില്‍ ജോലി ചെയ്യുന്നതു കാണാം. ഇടയ്ക്ക് ലാപ്ടോപിനോട് ഘടിപ്പിച്ച ബള്‍ബ് മിന്നുന്നു. ഫുജിവരയുടെ മുഖത്ത് ഒരു ചിരി വിടരുന്നു. അവര്‍ വീണ്ടും ജോലിയിലേക്ക്.
English Summary : A Japanese YouTuber has come up with a unique technology