ഒരു ടിക് ടോക് സുന്ദരിക്കു പിന്നാലെയാണ് ഇപ്പോൾ വെർച്വൽ ലോകം. പാക്ക് ഭരണാധികാരികൾക്കൊപ്പം ടിക്ടോക് വിഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ഈ പാക് സുന്ദരി ആരാണ്?, എങ്ങനെയാണ് പാക്ക് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖരെ ഇവൾക്കു പരിചയം? അങ്ങനെ നീണ്ടു നീണ്ടുപോകുന്നു വെർച്വൽ ലോകത്ത് ഇവളെക്കുറിച്ചുള്ള ചോദ്യം.

വിവാദങ്ങൾകൊണ്ടും പ്രശസ്തികൊണ്ടും ടിക്ടോക് ലോകത്ത് പ്രശസ്തയായ ഈ പെൺകുട്ടിയുടെ പേര് ഹറിംഷാ. ഹറീം എന്ന പെൺകുട്ടിക്കും അവളുടെ ഉറ്റ ചങ്ങാതി സണ്ഡൽ ഖട്ടക് എന്ന പെൺകുട്ടിക്കും വെർച്വൽ ലോകത്ത് സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടിയതിന്റെ കഥയിങ്ങനെ:-

ആരാണ് ഹറീം

കുറച്ചു നാളുകളായി പാക്ക് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളും നിറഞ്ഞു നിൽക്കുന്ന പേരാണ് ഹറീം ഷാ. 2.1 മില്യൺ കാഴ്ചക്കാരാണ് ടിക്ടോക് ഫോളോവേഴ്സ് ആയി ഈ പെൺകുട്ടിയ്ക്കുള്ളത്. 2019 ഒക്ടോബർ 22 ന് പങ്കുവച്ച ഒരു വിഡിയോയാണ് ഹറീം ഷായെ പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് എത്തിച്ചത്. പാക് ആഭ്യന്തരമന്ത്രാലയത്തിൽ നിൽക്കുന്ന വിഡിയോയായിരുന്നു അത്. 15 മില്യണിലധികം കാഴ്ചക്കാരാണ് ആ വിഡിയോയ്ക്കുണ്ടായത്. എങ്ങനെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് ആ ഓഫിസിൽ കയറിപ്പറ്റാനായത് എന്ന ചോദ്യമുയർത്തിയാണ് ആ ദൃശ്യങ്ങൾ തരംഗമായത്. ആ ടിക്ടോക് വിഡിയോയാണ് പ്രശസ്തിയുടെ ലോകത്തേക്ക് ഹറീമിന് ടിക്കറ്റെടുത്തു നൽകിയത്.

ആഭ്യന്തര മന്ത്രാലയത്തിൽ നിൽക്കുന്ന വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനൊപ്പം നിൽക്കുന്ന വിഡിയോ അവർ പങ്കുവച്ചത്. അതോടെ വീണ്ടും ചോദ്യങ്ങളുയർന്നു. എങ്ങനെയാണ് പാക്കിസ്ഥാനിലെ ഉന്നതരുമായി ഇവർ ബന്ധം സ്ഥാപിക്കുന്നത്.

വെർച്വൽ ലോകത്തെ പ്രശസ്തിയെപ്പറ്റി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവൾ പറഞ്ഞതിങ്ങനെ :-

''എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്റെ ജീവിതത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ടിക്ടോക് വിഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. ജിമ്മിൽ പോകുന്നതും, പാർക്കിൽ പോകുന്നതും എല്ലാം ഞാൻ പങ്കുവയ്ക്കാറുണ്ട്. പാക്ക് പ്രധാനമന്ത്രിയ്ക്കൊപ്പം നിൽക്കുന്ന വിഡിയോയെപ്പറ്റി പറയുകയാണെങ്കിൽ അദ്ദേഹത്തെ ഒരുപാടു പ്രാവശ്യം മീറ്റ് ചെയ്തിട്ടുണ്ട്. എന്റെ ആന്റി സെനറ്ററാണ്. അങ്ങനെയാണ് അവർ വർക്ക് ചെയ്ത ഓഫിസ് സന്ദർശിക്കാനും അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കാനും എനിക്കവസരം ലഭിച്ചത്''.

ഹറീമിന്റെ എല്ലാ വിഡിയോയിലും അവർക്കൊപ്പം മറ്റൊരു പെൺകുട്ടിയുമുണ്ട്. ഹറീമിന്റെ ഉറ്റ ചങ്ങാതിയായ സണ്ഡൽ ഖട്ടക്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. ഹറീമിനെപ്പോലെ തന്നെ വിവാദനായികയാണ് 23 വയസ്സുകാരിയായ ചങ്ങാതിയും. ഒരിക്കൽ സണ്ഡലിന്റെ ടിക്ടോക് അക്കൗണ്ട് നിരോധിക്കുക പോലുമുണ്ടായി.

പാക്ക് റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദിനെ വിഡിയോ കോൾ ചെയ്യുന്ന വിഡിയോയാണ് അടുത്തിടെ ഏറ്റവും കൂടുതൽ വിവാദം സൃഷ്ടിച്ചത്. ഹറീമിന്റെ സുഹൃത്തുക്കളിലാരോ വിഡിയോ പുറത്തു വിട്ടതിനെത്തുടർന്നാണ് ടിക് ടോക് സ്റ്റാറിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഇതേത്തുടർന്ന് ഭീഷണിപ്പെടുത്തുന്ന കുറേ സന്ദേശങ്ങളാണ് ഇരുവർക്കും ലഭിച്ചത്. പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്ത ടിക്ടോക് സ്റ്റാറിനെ സ്വന്തം സഹോദരൻ വധിച്ചിരുന്നു.  അതൊരു ദുരഭിമാനക്കൊലപാതകമായിരുന്നു. അവരെപ്പോലെ ഹറീമിനെയും ഇല്ലാതാക്കുമെന്ന സന്ദേശങ്ങളാണ് ഹറീമിന് ലഭിക്കുന്നത്.

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് ചോദിച്ചാൽ ടിക്ടോക് സുന്ദരിമാർക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കുടുംബത്തിന്റെ പൂർണ്ണപിന്തുണയുണ്ടെന്നാണ് സണ്ഡലിന്റെ മറുപടി. കുടുംബത്തിന്റെ പിന്തുണ തനിക്ക് തീരെയില്ലെന്നാണ് ഹറീമിന്റെ പക്ഷം. അച്ഛനമ്മമാർ സർക്കാർ ജോലിക്കാരാണ്. മൂന്നു സഹോദരിമാരും മൂന്നു സഹോദരന്മാരുമുണ്ട്. എംഫിൽ സ്റ്റുഡന്റാണ് താൻ. ആര് എന്തു ചിന്തിക്കും എന്നതിനെക്കുറിച്ചൊന്നും താൻ ആലോചിക്കാറില്ല. കുടുംബം ഒരിക്കലും ഇതിനെ അംഗീകരിക്കില്ല എന്ന് തനിക്ക് നന്നായറിയാമെന്നും ഹറീം പറയുന്നു.

English Summary : Who Is This Tik Tok Star