നാനാ പടേക്കർക്കെതിരെ ലൈംഗിക പീഡനആരോപണം ഉന്നയിച്ചുകൊണ്ടാണ് തനുശ്രീ ദത്ത ബിടൗണിൽ സിനിമാ മേഖലയിലെ മീ ടൂവിന് തുടക്കമിട്ടത്. പിന്നെ ഒളിഞ്ഞും തെളിഞ്ഞും പലരും തങ്ങള്‍ ജോലിസ്ഥലങ്ങളിൽ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. 2008 ൽ ഹോൺ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിൽ നാനാപഡേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു തനുശ്രീയുടെ പരാതി. 

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ബോളിവുഡ് താരം സണ്ണിലിയോണിനും മീ ടൂവിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നു. മീ ടൂ മൂവ്മെന്റും സ്ത്രീ ശാക്തീകരണവുമെല്ലാം സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു സണ്ണിയുടെ മറുപടി.

'' ഞാൻ ഒരു ഓഫീസിൽ അല്ല ജോലി ചെയ്യുന്നത്. ഒരു നീർക്കുമിളയിലാണെന്റെ ജീവിതം. പക്ഷേ, ഞാൻ വിശ്വസിക്കുന്നത് ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്, അല്ലെങ്കിൽ സ്വസ്ഥമായി ജോലിചെയ്യാൻ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതൽ തുറന്നു സംസാരിക്കുന്നത് എന്നാണ്. പക്ഷേ സ്ത്രീയോ, പുരുഷനോ ആയിക്കൊള്ളട്ടെ... എനിക്ക് പറയാനുള്ളതെന്താണെന്നു വച്ചാൽ ഇത്തരം അനുഭവങ്ങൾ പുരുഷന്മാർക്കും ഉണ്ടാകുന്നുണ്ടെന്നാണ്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവൻ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും സമീപനം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കിൽ അതേക്കുറിച്ച് ഉറക്കെപ്പറയാൻ, അതേക്കുറിച്ച് ബോധവാന്മാരാകാൻ, അത് ശരിയല്ല എന്ന് പറയാൻ അവർ പ്രാപ്തരായിട്ടുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ മാറ്റം''.

'' മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഒരുപാടു കാര്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതുകൊണ്ട് മോശം കാര്യങ്ങൾ ചെയ്യുന്നതിനു മുൻപ് ആളുകൾ രണ്ടുവട്ടം ചിന്തിക്കും. എന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടാൽ എന്തുചെയ്യും?,ഞാൻ ചെയ്യുന്നതൊക്കെ റെക്കോർഡ് ചെയ്യപ്പെടില്ലേ? എന്നൊക്കെ ചിന്തിക്കും. എനിക്കുറപ്പാണ് അത്തരം ചിന്തകൾ മോശം പ്രവർത്തികൾ ചെയ്യാൻ ഉദ്ദേശിച്ചവരെ അസ്വസ്ഥരാക്കും''.- സണ്ണി ലിയോൺ പറയുന്നു.

English Summary : MeToo : “It Does Happen To Men As Well”