‘എലിക്കുട്ടി’ എന്ന  പേരിലൂടെ മലയാളികൾക്ക് പരിചിതയാണ് അമേരിക്കക്കാരി എലിസബത്ത് കെയ്റ്റൻ. മലയാളം മണിമണിയായി പറയുകയും പഠിപ്പിക്കുകയും ചെയ്താണ് എലൈസ എന്ന എലിക്കുട്ടി വൈറൽ ആയത്. മലയാളം പഠിക്കാനുള്ള/ പഠിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും മലയാളിക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും എലിക്കുട്ടി പറയുന്നു.

'എലിക്കുട്ടി' ആ പേര് തന്നെ ക്യൂട്ടല്ലേ?

ദുബൈയിലുള്ള കൂട്ടുകാരിയാണ് എലി എന്നു വിളിച്ചത്. പേരിന്റെ അർഥം അറിഞ്ഞപ്പോൾ ചിരിവന്നു. പക്ഷേ നല്ല രസമുള്ള പേരാണെന്ന് തോന്നി. മലയാളം പഠിപ്പിക്കുന്ന ക്ലാസുകൾ ഇൻസ്റ്റഗ്രാമിൽ ഇടുമ്പോൾ എന്ത് പേരിടുമെന്ന് പിന്നെ ആലോചിക്കേണ്ടി വന്നില്ല. നല്ല ക്യൂട്ട് പേരല്ലേ എലിക്കുട്ടി എന്ന്. ഇപ്പോഴും ചിലരൊക്കെ വന്ന് ചോദിക്കും യ്യോ എലിക്കുട്ടി എന്ന് പറഞ്ഞാൽ മലയാളത്തിൽ എന്താണെന്ന് അറിയാമോ! പിന്നേ എനിക്കറിയാമെന്ന് പറഞ്ഞ് ഞാൻ ചിരിക്കും

ഞെട്ടിപ്പോയി, എലിക്കുട്ടി വൈറലായത് കണ്ട്...

18 മാസങ്ങൾക്ക് മുമ്പാണ് ഇൻസ്റ്റഗ്രാമിൽ എലിക്കുട്ടിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്. സെൽഫ് സ്റ്റഡിയെന്ന നിലയിലാണ് ആദ്യം പോസ്റ്റുകൾ ഇട്ടു തുടങ്ങിയത്. ആദ്യത്തെ മാസം 1000 ഫോളോവേഴ്സായി. പിന്നത്തെ മാസം 10,000 ആയി. ഞെട്ടിപ്പോയി ഞാൻ. അപ്പോൾ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ആത്മവിശ്വാസം ഉണ്ടായി. യുഎസിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലുമുള്ള മലയാളികളുടെ മക്കൾക്ക് പലർക്കും മലയാളം അറിയില്ല. അവർക്ക് ഇത് സഹായകമാകുന്നുവെന്ന് എനിക്ക് തോന്നി. ഇപ്പോൾ ക്ലാസുകൾ പോസ്റ്റ് ചെയ്യാൻ വൈകിയാൽ ' ചേച്ചീ, എവിടെയാ എന്ന് ചോദിച്ച് ആളുകൾ മെസേജ് അയയ്ക്കും.

തെറ്റിയാലും സാരമില്ല, ധൈര്യമായി പറഞ്ഞോളൂ

പുതിയ ഭാഷ പഠിക്കുമ്പോൾ തെറ്റിയാലും സാരമില്ല. പറഞ്ഞു പറഞ്ഞേ പഠിക്കുകയുള്ളൂ. പിന്നെ തൃശ്ശൂരിലെ മലയാളവും തിരുവനന്തപുരത്തെ മലയാളവും തമ്മിൽ വ്യത്യാസമില്ലേ..

അമേരിക്കക്കാരിയെ കൊച്ചിക്കാരിയാക്കിയ ആ പ്രണയകഥ അർജുൻ പറയും. 

ഡേറ്റിങ് ആപ്പ് വഴിയാണ് എലൈസയെ പരിചയപ്പെടുന്നത്. അന്ന് എലൈസ ഒരു യാത്ര പോവുകയായിരുന്നു. അത് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നീങ്ങിയെന്ന് അർജുൻ പറയുന്നു. ഭാഷകളോട്  എലൈസക്ക് പ്രത്യേക താൽപര്യമുണ്ട്. എനിക്ക് മലയാളത്തിനോടുള്ള സ്നേഹം കണ്ടാണ് എലൈസ മലയാളം സീരിയസായി പഠിക്കാൻ തുടങ്ങിയത്' അർജുൻ കൂട്ടിച്ചേർക്കുന്നു.

അടികൂടുമ്പോൾ ഞങ്ങൾ സായിപ്പാകും

സാധാരണ അഭിപ്രായവ്യത്യാസങ്ങളും ചെറിയ തല്ലുകൂട്ടവും ഉണ്ടാകുമ്പോൾ മലയാളം വിട്ട് ഇംഗ്ലീഷിലാകും ചീത്ത പറയുകയെന്നാണ് എലൈസയും അർജുനും പറയുന്നത്. ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കണമല്ലോ!

എലിക്കുട്ടി ഫാൻസാണ് എന്റെ ഫ്രണ്ട്സും

അർജുന്‍ എലൈസയെ വിവാഹം കഴിക്കുന്നുവെന്ന് പറഞ്ഞപ്പോൾ അതൊരു ഷോക്കിങ് ആയിരുന്നില്ലെന്ന് അർജുന്റെ മാതാപിതാക്കൾ പറയുന്നു. 'അവരുടെ പാർട്നേഴ്സിനെ അവര് തന്നെ തീരുമാനിക്കുന്നതാണ് അതിന്റെ ശരിയെന്ന് ഞങ്ങൾക്കും തോന്നി. ഒരു വർഷമേ ആയുള്ളൂവെങ്കിലും മലയാളം പറയാൻ എലൈസ നന്നായി ശ്രമിക്കുമായിരുന്നു. ഒരു ഫോറിനറാണ് എന്നൊരു തോന്നലേ ഞങ്ങൾക്കുണ്ടായിട്ടില്ല. ഫോൺ വിളിച്ചാൽ തന്നെ പറ്റുന്നത്രയും എലൈസ മലയാളത്തിലാണ് സംസാരിക്കുന്നത്.  എലിക്കുട്ടി ട്യൂട്ടോറിയൽ കണ്ടിട്ട് എന്റെ ഫ്രണ്ട്സ് തന്നെ ലക്ഷ്മീ ഇതു കണ്ടോ എന്ന് പറഞ്ഞ് അയച്ചുതരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

എഫിഷ്യന്റ് എലൈസ

രണ്ട് സ്കൂളുകളിലെ ജോലി, മറ്റ് കുടുംബകാര്യങ്ങൾ, മീറ്റപ്പുകൾ ഇതിനിടയിൽ എലിക്കുട്ടി. എലൈസ ആകെ തിരക്കിലാണ്. അർജുന്റെ ഭാഷയിൽ പറഞ്ഞാൽ റോബോട്ടിനെ പോലെ എഫിഷ്യന്റായി എല്ലാം കൈകാര്യം ചെയ്യും

English Summary: Meet 'Eli Kutty', American woman on Instagram who's learning and teaching Malayalam