പൊതുബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സ്വാമി വിവേകാനന്ദന്റെ ഉദ്ധരണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിജയം വരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മന്ത്രിക്കു തെറ്റു പറ്റി എന്ന രീരിയില്‍ ട്വിറ്ററില്‍ സന്ദേശം അയച്ച ആളിനെ, തെറ്റ് ബോധ്യപ്പെടുത്തിയും താന്‍ പഠിച്ചുതന്നെയാണു കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് തെളിയിച്ചും കൈയ്യടി നേടിയിരിക്കുയാണ് മന്ത്രി. വരുന്ന ഫെബ്രുവരി ഒന്നിനാണ് നിര്‍മല തന്റെ രണ്ടാമത്തെ പൊതുബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 

സ്വാമി വിവേകാനന്ദന്റെ ജന്‍മവാര്‍ഷികം പ്രമാണിച്ച് ഞായറാഴ്ച നിര്‍മല ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. സ്വാമിയുടെ ഒരു ഉദ്ധരണി തന്നെയാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി അവര്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഉത്തിഷ്ഠത, ജാഗ്രത എന്ന പേരില്‍ പ്രശസ്തമായ മുദ്രാവാക്യം കൂടിയായിരുന്നു അത്.  ‘ഉണരുക, എഴുന്നേല്‍ക്കുക, ഇനി സ്വപ്നം കാണാന്‍ സമയമില്ല’. 

‘ദ് അവേക്കന്‍ഡ് ഇന്ത്യ’ എന്ന സ്വാമിജിയുടെ ലേഖനത്തില്‍ നിന്നുള്ള പ്രശസ്തമായ ഉദ്ധരണി. സ്വാമിയുടെ സമ്പൂര്‍ണ കൃതികള്‍ വോള്യം 4 -ാം ഭാഗത്തിലെ 388-89 പേജുകളില്‍നിന്നുള്ള ഉദ്ധരണിയാണു താന്‍ ചേര്‍ക്കുന്നതെന്നും മന്ത്രി വിശദീകരിച്ചിരുന്നു. പക്ഷേ, സഞ്ജയ് ഘോഷ് എന്നയാള്‍ മന്ത്രിക്കു തെറ്റു പറ്റി എന്ന മറുപടിയുമായി ഉടന്‍ രംഗത്തെത്തി. 

ഉണരുക, എഴുന്നേല്‍ക്കുക എന്നതു ശരിയാണെങ്കിലും ഇനി സ്വപ്നം കാണാന്‍ സമയമില്ല എന്നു വിവേകാനന്ദന്‍ എഴുതിയിട്ടില്ലെന്നായിരുന്നു ഘോഷിന്റെ വിശദീകരണം. പകരം, ലക്ഷ്യം കാണുന്നതുവരെ വിശ്രമിക്കാന്‍ പാടില്ലെന്നാണ് വിവേകാനന്ദന്‍ എഴുതിയത് എന്നാണ് ഘോഷ് വാദിച്ചത്. തന്റെ വാദം അവതരിപ്പിക്കുന്നതിനിടെ, ‘ സ്വീറ്റി’  എന്നും ഘോഷ് പരിഹാസരൂപേണ മന്ത്രിയെ വിളിച്ചു. ഏറ്റവും അടുപ്പമുള്ളവര്‍ പങ്കാളികളെയോ സുഹൃത്തുക്കളെയോ 

വിളിക്കാന്‍ ഉപയോഗിക്കുന്ന  വാക്കാണ് ഘോഷ് മന്ത്രിയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചത്.  കര്‍മത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന സ്വാമിയുടെ സന്ദേശം 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് എന്നതുപോലെ ഇന്നും പ്രസക്തവും പ്രശസ്തവുമാണ്. ഘോഷ് പരിഹാസരൂപേണ തന്റെ വാദം അവതരിപ്പിച്ചയുടന്‍ മന്ത്രി ചുട്ടമറുപടിയുമായി രംഗത്തെത്തി. 

‘ഷോഷ് പറയുന്നതു ശരിയായിരിക്കാം. അദ്ദേഹം പരാമര്‍ശിക്കുന്ന വാക്കുകള്‍ കഠോപനിഷത്തില്‍നിന്നുള്ളവയാണ്. 1898-ല്‍ സ്വാമി എഴുതിയ ദ് അവേക്കന്‍ഡ് ഇന്ത്യ എന്ന ലേഖനത്തില്‍നിന്നുള്ള വാക്കുകളാണ് ഞാന്‍ ഉദ്ധരിച്ചത്. അതു പൂര്‍ണമായും ശരിയുമാണ്. സംശയമുണ്ടെങ്കില്‍ ആ ലേഖനം താങ്കള്‍ക്കോ മറ്റാര്‍ക്കുവേണമെങ്കിലോ വായിച്ചുനോക്കാം. സംശയം ഉയരാതിരിക്കാന്‍വേണ്ടിയാണ് ഞാന്‍ പുസ്തകത്തിന്റെ പേരും പേജും പോലും കൃത്യമായി രേഖപ്പെടുത്തിയത്.’- മന്ത്രി പ്രതികരിച്ചു. 

തന്നെ പരിഹസിച്ചിട്ടും അന്തസ്സില്ലാതെ  അഭിസംബോധന ചെയ്തിട്ടും വിമര്‍ശകനോട് നിര്‍മല പ്രതികരിച്ച രീതി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തു. രാജ്യത്തിന്റെ ധനമന്ത്രിയെ അഭിസംബോധന ചെയ്യേണ്ട രീതിയല്ല ഘോഷ് അനുവര്‍ത്തിച്ചതെന്ന് പലരും ചൂണ്ടിക്കാട്ടി. ആവേശത്തില്‍ അദ്ദേഹത്തിനു തെറ്റുപറ്റിയതായിരിക്കുമെന്നും എന്നാല്‍ മറുപടിയില്‍ പോലും മന്ത്രി എത്ര അന്തസ്സോടെയാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് എന്നു നോക്കൂ എന്നും പലരും എടുത്തുപറയുകയും ചെയ്തു. 

ഫെബ്രുവരി ഒന്നിന്റെ പൊതുബജറ്റിനു മുമ്പു തന്നെ രാജ്യം ആകാംക്ഷയിലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എന്തു പരിഹാര നടപടികളായിരിക്കും മന്ത്രി അവതരിപ്പിക്കാന്‍ പോകുന്നത് എന്ന ചര്‍ച്ചയിലുമാണ് രാജ്യം. അതിനിടെ, ബജറ്റിനു മുമ്പ് പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ചിലര്‍ നിര്‍മലയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

English Summary: Nirmala Sitharaman's Response To Twitter User Who Called Her "Sweetie"