ജസ്റ്റിൻ ബീബർ വൈകാരികമായി ചൂഷണം ചെയ്തിരുന്നു എന്ന വെളിപ്പെടുത്തലുമായി ഗായിക സലീന ഗോമസ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഭാഗമാണ് അതെന്നും സലീന പറഞ്ഞു. ക്ലേശകരമായിരുന്നു  ആ സമയം. അത് മറികടക്കാൻ എങ്ങനെയാണ് സാധിച്ചതെന്ന് ഇപ്പോഴും അറിയില്ല. ബീബറിനൊപ്പം ഡേറ്റിങ്ങിലായിരുന്ന കാലഘട്ടത്തിൽ നിരവധി ചൂഷണങ്ങൾ നേരിടേണ്ടി വന്നിരുന്നതായും സലീന കൂട്ടിച്ചേർത്തു. 

വൈകാരികമായ ചൂഷണങ്ങൾ നേരിടേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് സലീനയുടെ മറുപടി ഇങ്ങനെ: ‘ശരിയാണ്, വൈകാരികമായ ചൂഷണങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ആ പ്രായത്തിൽ അതെല്ലാം ചൂഷണങ്ങളാണെന്ന് എനിക്കു മനസിലായില്ല. പിന്നീട് ചിന്തിക്കുമ്പോഴാണ് അത് വ്യക്തമായത്. കരുത്തുള്ള ഒരു സ്ത്രീയാക്കി മാറ്റിയതും ഇത്തരം ചൂഷണങ്ങളിൽ നിന്നും ഉൾക്കൊണ്ട ജീവിത പാഠങ്ങളാണ്. വേദന നിറഞ്ഞ ആ ദിവസങ്ങളെ കുറിച്ച് ജീവിതകാലം മുഴുവൻ സംസാരിക്കാൻ എനിക്ക് ആഗ്രഹമില്ല. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ആ വഴികളിലൂടെയെല്ലാം ഞാന്‍ കടന്നുപോയി. അതെല്ലാം തരണം ചെയ്യാൻ കഴിഞ്ഞതിൽ ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്.’– സലീന ഗോമസ് പറഞ്ഞു. 

2011ലായിരുന്നു പ്രശസ്ത പോപ് ഗായകൻ ജസ്റ്റിൻ ബീബറും സറീന ഗോമസും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇത്തരം വാർത്തകൾക്കിടെ തന്നെയാണ് 2018ല്‍ മോഡലായ ഹെയ്‌ലി ബാൾവിനെ ജസ്റ്റിന്‍ രഹസ്യമായി വിവാഹം ചെയ്തത്. ഡിസ്നി പരമ്പരയുടെ ഭാഗമാകുന്നതിലൂടെയാണ് സലീന പ്രശസ്തയാകുന്നത്. 

English Summary: Selena Gomez Reveals She Felt 'Emotionally Abused' While Dating Justin Bieber