സ്ത്രീകൾ സഹിക്കുകയാണ്; എന്റെ രാഷ്ട്രീയത്തിന് എതിരെങ്കിലും കാണും: തുറന്നടിച്ച് സ്മൃതി
ഒരു യുവതിയുടെ പ്രതിഷേധത്തിന്റെ കഥ പറയുന്ന തപ്പദ് സിനിമയുടെ ട്രെയ്ലര് ഇറങ്ങി ദിവസങ്ങള്‍ക്കകം ചിത്രത്തിനെതിരെ കടുത്ത പ്രതികരണവുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന തപ്സി പന്നു കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന സിനിമയുടെ ട്രെയ്ലറിന്റെ ഒരു ഭാഗം ഷെയര്‍ ചെയ്തുകൊണ്ടാണ് സ്മൃതിയുടെ പ്രതികരണം.
ഈ സിനിമ ഞാന്‍ തീര്‍ച്ചയായും കാണും- സ്മൃതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. എന്റെ രാഷ്ട്രീയ വിശ്വാസവുമായി യോജിക്കുന്നതല്ല ഈ സിനിമ. സംവിധായകന്റെയും നടിയുടെയും കാഴ്ചപ്പാടുകളുമായും എനിക്കു യോജിപ്പില്ല. എന്നാലും ഈ സിനിമ എനിക്കു കണ്ടേ പറ്റൂ. നമ്മുടെ രാജ്യത്തെ എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണിത് എന്നാണ് എന്റെ അഭിപ്രായം- സ്മൃതി അഭിപ്രായപ്പെട്ടു.
കുടുംബജീവിതത്തില്‍ സ്ത്രീകള്‍ പലപ്പോഴും യാതനകള്‍ അനുഭവിക്കാറുണ്ടെന്ന് സ്മൃതി സമ്മതിക്കുന്നു. ദുഷ്കരമായ അനുഭവങ്ങളിലൂടെ സ്ത്രീകള്‍ക്ക് കടന്നുപോകേണ്ടിവരുന്നുമുണ്ട്. വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപം മുതല്‍ ശാരീരിക ആക്രമണം വരെ സ്ത്രീകള്‍ നേരിടുന്നു. പൊരുത്തപ്പെടാനാണ് എല്ലാവരും സ്ത്രീകളോട് ആവശ്യപ്പെടുന്നത്. കുടുംബത്തിനും മക്കള്‍ക്കും ഭാവിക്കുംവേണ്ടി പ്രതിഷേധം ഉള്ളിലടക്കിപ്പിടിച്ച് സ്ത്രീകള്‍ എല്ലാം സഹിക്കുകയാണ്. എന്തായാലും സ്ത്രീയെ മര്‍ദിക്കുന്നത് അംഗീകരിക്കാനാകില്ല. ഒരു സാഹചര്യത്തിലും ഒരാളും ഒരു സ്ത്രീയ്ക്കെതിരെയും കൈ ഉയര്‍ത്തരുത്- സ്മൃതി തന്റെ പോസ്റ്റില്‍ പറയുന്നു.
സന്തോഷം നിറഞ്ഞ ജീവിതം നയിക്കുന്ന ഒരു കുടുംബത്തില്‍ ഒരു ദിവസം ഭര്‍ത്താവ് ഭാര്യയെ അതിഥികളുടെ മുന്നില്‍വച്ച് അടിക്കുന്നതും അതേത്തുടര്‍ന്ന് ഭാര്യ കുടുംബജീവിതം ഉപേക്ഷിക്കുന്നതുമാണ് ‘തപ്പദ്’ സിനിമയുടെ പ്രമേയം. തപ്സി പന്നുവാണ് കേന്ദ്ര കഥാപാത്രമായ അമൃത എന്ന യുവതിയെ അവതരിപ്പിക്കുന്നത്.
ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിവന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നുവെന്ന് തപ്സി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഞാന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ് അമൃതയുടെ വേഷം. അടങ്ങിയൊതുങ്ങിക്കഴിയുന്ന ഒരു ഭാര്യയുടെ വേഷം മികച്ചതാക്കാന്‍ എനിക്കു ശരിക്കും ബുദ്ധിമുട്ടേണ്ടിവന്നു. പുതിയ കാലത്തെ അടിപൊളി കഥാപാത്രങ്ങളില്‍നിന്നും യാഥാസ്ഥിതിക കുടുംബ വ്യവസ്ഥയിലേക്കും അവസാനത്തെ വിപ്ലവത്തിലേക്കും മാറുന്ന യുവതിയെ അവതരിപ്പിച്ചപ്പോള്‍ എന്റെ മനസ്സിലും സംഘര്‍ഷങ്ങള്‍ ഉയര്‍ന്നു. ഞാനും അസ്വസ്ഥയായി. 15 ദിവസത്തെ ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും ഞാന്‍ അവശയായി- തപ്സി പറഞ്ഞു. പവെയ്ല്‍ ഗുലാത്തി, ദിയ മിര്‍സ, രത്നാ പഥക് ഷാ, തന്വി ആസ്മി, മാനവ് കൗള്‍ എന്നിവരാണു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.
English Summary: Taapsee Pannu's Thappad Trailer Gets A Big Shout-Out From Smriti Irani