ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ ഒരു ആംഗ്യം പ്രാര്‍ഥനയാണെന്നു തെറ്റിധരിച്ച അമേരിക്കന്‍ മാധ്യമ കുട്ടായ്മ എബിസിയെ തിരുത്തി ബോളുവുഡ് നടിയും എഴുത്തുകാരിയുമായ രവീണ ഠണ്ഡന്‍. ചാള്‍സിന്റെ ആംഗ്യം പ്രാര്‍ഥനയല്ലെന്നും ഇന്ത്യന്‍ പാരമ്പര്യത്തിലുള്ള നമസ്തെ പറയലാണെെന്നുമാണ് രവീണ തിരുത്തിയിരിക്കുന്നത്. എബിസിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് രവീണ തിരുത്ത് പ്രസിദ്ധീകരിച്ചത്. കൂടെ എബിസിക്ക് ഒരു ഉപദേശവും രവീണ കൊടുത്തിട്ടുണ്ട്- കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി പഠിക്കൂ. അതിനുശേഷം മാത്രം അവയെക്കുറിച്ച് എഴുതൂ. ഹോം വര്‍ക്ക് ചെയ്യാന്‍ എബിസിക്ക് കൊടുത്ത രവീണയുടെ ഉപദേശം സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായിരിക്കുകയാണ്. രവീണയുടെ ട്വിറ്റര്‍ സന്ദേശം നൂറു കണക്കിനുപേരാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

പ്രിന്‍സ് ട്രസ്റ്റ് അവാര്‍ഡ് കൊടുക്കുന്നതിനു മുന്നോടിയായി നടന്ന ചടങ്ങിലാണ് ചാള്‍സ് രാജകുമാരന്‍ വ്യക്തികളെ കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്തത്. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ഹസ്തദാനം ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ചാള്‍സും ഹസ്തദാനം ഒഴിവാക്കി കൈ കൂപ്പിയത്. പക്ഷേ, ഇത് പ്രാര്‍ഥനയായാണ് എബിസി വ്യാഖ്യാനിച്ചത്. 

ചാള്‍സിന്റെ നമസ്തെ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ പ്രവീണ്‍ കസ്വാനും രംഗത്തെത്തി. നോക്കൂ, എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ നമസ്തെയെക്കെറിച്ച് ഇന്ത്യ ലോകത്തോടു പറഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് നമസ്തെ എന്താണെന്ന് ലോകത്തിനു മനസ്സിലായതും അനുകരിക്കുന്നതും. എങ്ങനെയാണ് നമസ്തെ പറയേണ്ടതെന്ന് അദ്ദേഹം ഒരു ഡെമോയും ഷെയര്‍ ചെയ്തിട്ടുണ്ട്. 

രവീണയുടെ പോസ്റ്റിനു പിന്നാലെ നടിപ്രിയങ്ക ചോപ്രയും നമസ്തെയുടെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തി. വര്‍ഷങ്ങളായി രാജ്യാന്തര വേദികളില്‍ താന്‍ നമസ്തെ പറയാറുണ്ടെന്നും വ്യക്തമാക്കി. എബിസിയുടെ ടിവി ഷോയില്‍ അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് പ്രിയങ്ക.

വൈറ്റ് ഹൗസില്‍ അടുത്തിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഐറിഷ് പ്രധാനമന്ത്രിയും കണ്ടുമുട്ടിയപ്പോഴും പരസ്പരം ഹസ്തദാനം ഒഴിവാക്കി നമസ്തെ പറയുകയായിരുന്നു. എന്നാല്‍ ഇതും എബിസിക്ക് മനസ്സിലായിട്ടില്ല എന്നുവേണം കരുതാന്‍. അതുകൊണ്ടാണ് ഹോം വര്‍ക് ചെയ്തിട്ടുവേണം വാര്‍ത്ത എഴുതാന്‍ എന്ന് നടി ഉപദേശം കൊടുത്തത്.  

ഹസ്തദാനം ഒഴിവാക്കണമെന്നും നമസ്തെ പറയണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നേരത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. കവിളില്‍ ചുംബിക്കുന്ന പതിവു രീതി ഒഴിവാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും നമസ്തെയിലേക്ക് ചുവടുമാറിയിരിക്കുകയാണ്. 2018 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് മാക്രോണ്‍ നമസ്തെ പറയുന്നത് എങ്ങനെയെന്ന് പഠിച്ചത്. അയ്യായിരത്തോളം പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് ലോകമാകെ ഇപ്പോഴും ഭീഷണി പരത്തി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 

English Summary: "Do Some Homework": Raveena Tandon Schools Media Outlet On Namaste