ലോകമെമ്പാടും ഭീതിപടർത്തുകയാണ് കൊറോണ വൈറസ്. കോവിഡ്–19 എന്ന മഹാമാരി ഇറ്റലിയിൽ നിന്നും ദിനംപ്രതി കവർന്നെടുക്കുന്നത് നൂറുകണക്കിനു ജീവനുകളാണ്. പഠനത്തിനും ജോലിക്കുമായി അന്യനാടുകളിലേക്ക് പോയവരാണ് രോഗത്തിന്റെ പിടിയിലടക്കപ്പെട്ട് ഇന്ത്യയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരികെ എത്തിയത്. ഇതിനിടയിൽ സ്വന്തം ജീവൻ പോലും പണയം വച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കുന്നവരുമണ്ട്. അത്തരത്തിൽ വാർത്തകളിൽ ഇടം നേടുകയാണ് ക്യാപ്റ്റൻ സ്വാതി റാവൽ. 

ഇറ്റലിയിൽ നിന്നും 263 പേരെ ഇന്ത്യയിലെത്തിക്കാനായി പറന്ന എയർ ഇന്ത്യ 777 വിമാനം നിയന്ത്രിച്ചത് സ്വാതിയായിരുന്നു. വിമാനവുമായി ഇന്ത്യയിലെത്തിയ സ്വാതിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. വിമാനം ലാന്റ് ചെയ്തതിനു ശേഷമുള്ള സ്വാതിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സ്വന്തം തൊഴിലിനോട് സ്വാതി കാണിച്ച അർപ്പണ മനോഭാവത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ സ്വാതിക്ക് അഭിനന്ദനങ്ങളുമായി  എത്തി. ഇതാണ് യഥാർഥത്തിൽ  ധീരത എന്നായിരുന്നു പലരുടെയും കമന്റുകൾ. 2010ൽ മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് വനിതാ ക്രൂവുമായി പറന്ന എയർ ഇന്ത്യ വിമാനത്തിലും സ്വാതി ഉണ്ടായിരുന്നു. പതിനഞ്ചു വർഷമായി സ്വാതി പൈലറ്റാണ്. യുദ്ധവിമാനത്തിലെ പൈലറ്റാകാനായിരുന്നു ആഗ്രഹമെങ്കിലും അന്ന് എയർഫോഴ്സിൽ വനിതാ പൈലറ്റുമാർ ഉണ്ടായിരുന്നില്ല. 10 വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ് സ്വാതി. 

English Summary: Captain Swati Rawal: A Mother Who Brought Back 263 Indians From Italy