നീയൊരു സ്ത്രീയല്ലേ, എങ്ങനെ ക്യാപ്റ്റനാകും? സെക്സിസ്റ്റിന് ചുട്ടമറുപടിയുമായി കേറ്റ്- വിഡിയോ
സ്ത്രീകൾക്കെപ്പോഴും പലരീതിയിലുള്ള വിമർശനങ്ങൾ നേരേടേണ്ടി വരാറുണ്ട്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് എടുക്കുന്ന തീരുമാനങ്ങളിലാണ് പലപ്പോഴും ഇത്തരം വിമർശനങ്ങൾ സ്ത്രീകളെ തേടി എത്താറുള്ളത്. പഠനം, ജോലി, വിവാഹം, ജീവിതം അങ്ങനെ എല്ലാകാര്യങ്ങളിലും സ്വതന്ത്രമായി തീരുമാനം എടുക്കുന്നവർക്ക് പിന്നാലെ എത്തും വിമർശനം. മിക്കപ്പോഴും പല ജോലികളും സ്ത്രീകൾക്ക് ചേർന്നതല്ലെന്ന വിമർശനം ഇപ്പോഴും നേരിടുന്നതാണ്. അത്തരത്തിലുള്ള വിമർശനത്തിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അമേരിക്കൻ ആഡംബര കപ്പലിന്റെ ക്യാപ്റ്റൻ കേറ്റ് മാക്യൂ. കേറ്റ് നേരിട്ട ചോദ്യവും അതിനുള്ള മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
19 വർഷത്തെ അനുഭവ പാരമ്പര്യമുള്ള മെഗാ ക്രൂയിസ് കപ്പലിലെ യുഎസിൽ നിന്നുള്ള ആദ്യ വനിത ക്യാപ്റ്റനാണ് കേറ്റ്. നിങ്ങളൊരു സ്ത്രീ അല്ലേ, നിങ്ങള്‍ക്കെങ്ങനെ ക്യാപ്റ്റനാകാൻ സാധിക്കുമെന്നായിരുന്നു ചോദ്യം. ‘Your only a woman’ എന്ന് വ്യാകരണ പിശകോടെയായിരുന്നു ചോദ്യം. ഈ ചോദ്യത്തിനായിരുന്നു സോഷ്യൽ മീഡിയയിലൂടെ കേറ്റിന്റെ കുറിക്കു കൊള്ളുന്ന മറുപടി. ഉചിതമായ മറുപടി നൽകുന്നതിനൊപ്പം ചോദ്യകർത്താവിനെ അൽപം വ്യാകരണവും പഠിപ്പിച്ചു കേറ്റ്.
കേറ്റിന്റെ മറുപടി ഇങ്ങനെ: സാധാരണ ഇത്തരം കമന്റുകൾക്ക് ഞാൻ മറുപടി നൽകാറില്ല. എന്നാൽ, ഇനിയും മറുപടി നൽകാതിരിക്കുന്നത് ശരിയല്ലെന്നാണ് ഇപ്പോൾ എനിക്കു തോന്നുന്നത്. ഇത് 2020 ആണ്. പ്രസ്തുത വ്യക്തിക്ക് ഇപ്പോഴും ഇക്കാര്യം അറിയില്ലെന്ന് തോന്നുന്നു. യു ആർ, യുവർ എന്നീ വാക്കുകൾ തമ്മിലുള്ള വ്യത്യാസം. യൂആർ എന്നത് നീയൊരു സെക്സിസ്റ്റാകുന്നു എന്നതു പോലെയാണ് ഉപയേഗിക്കേണ്ടത്. യുവർ എന്നത് അത് നിങ്ങളുടെതാകുന്നു എന്നതു പോലെയാണ് അഭിസംബോധന ചെയ്യേണ്ടത്. ഉദാഹരണമായി പറഞ്ഞാൽ നിങ്ങളുടെ അറിവില്ലായ്മ പോലെ. പക്ഷേ, സാരമില്ല. കൂടുതൽ വിശദീകരണം വേണമെങ്കിൽ ഞാൻ ഇവിടെയുണ്ട്. ഈ ക്യാപ്റ്റൻ കസേരയിൽ.’– കേറ്റ് പറഞ്ഞു.
കേറ്റിന്റെ കുറിക്കു കൊള്ളുന്ന ഈ മറുപടി നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇപ്പോഴും ലിംഗവിവേചവുമായി നടക്കുന്നവർ ഈ മറുപടിയാണ് അർഹിക്കുന്നത്. നേതൃപാഠവം കൂടുതലുള്ളത് സ്ത്രീകൾക്കു തന്നെയാണ്. ക്യാപ്റ്റൻ കസേരയിലെ രാജകുമാരി എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. പുരുഷാധിപത്യമുള്ള ഈ തൊഴിൽ മേഖലയെ കുറിച്ച് കേറ്റ് മുൻപും പറഞ്ഞിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ ജോലി ആസ്വദിക്കുന്നുണ്ടെന്നും ഒന്‍പതു മുതൽ അഞ്ചു വരെയുള്ള ജോലിയെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ഓരോ ദിവസവും കടലിലെ കാഴ്ചകൾ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. പുതിയ മനുഷ്യരും പുതിയ കാഴ്ചകളും ഏറെ ആനന്ദം പകരാറുണ്ട്. അതുകൊണ്ടു തന്നെ മറ്റേത് ജോലിയേക്കാളും ആസ്വാദ്യകരമാണ് ഈ ജോലിയെന്നും കേറ്റ് പറയുന്നു.