‘കുഞ്ഞിന്റെ പേര് നവ്ജോത്; എന്റെ അതേ പേര്’, വികാര നിർഭരമായി തിരുവനന്തപുരം കലക്ടർ പറയുന്നു
ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കുഞ്ഞുകാര്യങ്ങൾ വലിയ സന്തോഷങ്ങൾ നല്‍കാറുണ്ട്. അത്തരത്തില്‍ തനിക്കുണ്ടാ ഹൃദയസ്പർശിയായ ഒരു അനുഭവം പറയുകയാണ് തിരുവനന്തപുരം ജില്ലാകലക്ടർ നവ്ജോത് ഖോസ ഐഎഎസ്. ഐഎഎസ് ഓഫിസർ എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്ന മുഖവുരയോടെയാണ് കലക്ടർ തന്റെ അനുഭവം പങ്കുവച്ചത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു കലക്ടറുടെ പ്രതികരണം.
· വാക്കുകൾ ഇങ്ങനെ: ‘ഒരു ഐഎഎസ് ഓഫീസർ എന്ന നിലയിൽ എന്റെ കരിയറിലെ സന്തോഷകരമായ ഒരു നിമിഷം നിങ്ങളോട് പങ്കുവെയ്ക്കട്ടെ. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന അഭിലാഷത്തോടെ സിവിൽ സർവീസ് പരീക്ഷ പാസ്സാകണമെന്ന് ആഗ്രഹിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. സർവീസിൽ കയറിയതിനു മുതൽ എന്റെയും ആഗ്രഹം അതുതന്നെയാണ്.ഒരു കുടുംബത്തിനെ അവരുടെ ഏറ്റവും നിർണായക സമയത്ത് സഹായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ.’– കലക്ടർ പറയുന്നു.
‘മൂന്ന് വർഷത്തെ കാത്തിരുപ്പിനൊടുവിലാണ് ഈ കുടുംബത്തിന് ലോക്ക്ഡൗൺ കാലയളവിൽ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം ലഭിച്ചത്. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ ഉള്ളതു കാരണം അവർക്ക് കുട്ടിയുടെ സംസ്ഥാനത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെയൊരു നിരാശാജനകമായ സാഹചര്യത്തിലാണ് അവർ സഹായത്തിനായി എന്നെ സമീപിച്ചത്. വിവരങ്ങൾ അന്വേഷിച്ച ശേഷം അവർ പോകുന്ന ജില്ലയിലെ കളക്ടറോട് ഞാൻ സംസാരിക്കുകയും അദ്ദേഹം ഒരു കത്ത് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിക്കുന്നതിനു വേണ്ടി അവർക്ക് സഹായമൊരുക്കാൻ ഞങ്ങൾ എല്ലാവരും കഠിനമായി പരിശ്രമിച്ചു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഈ കുടുംബം എന്നെ കാണാൻ വന്നു. അവർ കുട്ടിക്ക് ഇട്ടിരിക്കുന്ന പേര് 'നവ്ജോത്' എന്നാണ്. എന്റെ അതേ പേര്! ഒരു നിമിഷം കണ്ണുനിറഞ്ഞു. എന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ ശ്രമം അവരുടെ ജീവിതത്തിൽ ഇത്ര വലിയ സ്വാധീനം ചെലുത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ഈ സംഭവം എന്നും എന്റെ ഹൃദയത്തോട് ചേർന്നിരിക്കും. ഈ ഭംഗിയുള്ള ജില്ലയിലുള്ളവർക്ക് വേണ്ടി സേവനം അനുഷഠിക്കാൻ സാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.’– കലക്ടർ വ്യക്തമാക്കി.
English Summary: Trivandrum Collector Navjoth khosa Post Viral In Social Media