എന്റെയുള്ളിലൊരു പോരാളിയുണ്ട്

ഗുഡ് നൈറ്റ് മോഹന്‍: ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരു കാലത്ത് സിനിമയിലും ബിസിനസിലും നിറഞ്ഞു നിന്നിരുന്ന ഗുഡ്നൈറ്റ് മോഹൻ ഇപ്പോൾ എവിടെയാണ്...?

ഗുഡ് നൈറ്റ് മോഹന്‍ എന്നു പറഞ്ഞാൽ ‘കൊള്ളാല്ലോ. കിടു പേര്...’ എന്നൊരു കമന്റ് പറയുമെന്നല്ലാതെ അതാരാണെന്ന് ഇന്നത്തെ തലമുറ അറിയണമെന്നില്ല. കൊതുകിനെ തുരത്താ നുളള ഒരു കുഞ്ഞിയന്ത്രത്തിലൂടെ ഇന്ത്യൻ ബിസിനസ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയ ബുദ്ധിമാനായ വ്യവസായി, മലയാള സിനിമയിൽ ആദ്യമായി കോടികളുടെ കിലുക്കം കേൾപ്പിച്ച ‘കിലുക്കം’ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളുടെ നിർമാതാവ്... വിശേഷണങ്ങൾ പലതുളള മോഹന്റെ ജീവിതകഥയ്ക്ക് ഇരുപത്തിയഞ്ച് കൊല്ലത്തിലേറെ പഴക്കമുണ്ട്. തൃശ്ശൂർ പൂങ്കുന്നത്ത് രാമസ്വാമിയുടെയും ശാരദയുടെയും മകൻ കല്യാണ രാമൻ ഇന്ത്യയൊട്ടുക്ക് അറിയപ്പെടുന്ന ഗുഡ്നൈറ്റ് മോഹൻ ആയ കഥ.

ബാങ്ക് ലോൺ, മാർവാഡിയിൽ നിന്നു വട്ടിപ്പലിശയ്ക്ക് എടുത്ത വായ്പ, വിപണിയിലെ തിരിച്ചടികൾ, സർക്കാര്‍ ഇടപടലുകൾ... പ്രതിസന്ധികളിൽ നിന്നു പ്രതിസന്ധികളിലേക്കു നീങ്ങിയിട്ടും മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്നു ചോദിക്കുമ്പോൾ മോഹന്റെ ഉത്തരം ലളിതമാണ്. ‘നെസ്സസിറ്റി’. പിന്നെയൊരു പൊട്ടിച്ചിരിയും. പണ്ടു ചവിട്ടിക്കയറിയ കുപ്പിച്ചില്ലും ഉളള് കത്തിയാളിച്ച തീക്കനലും കാലങ്ങൾ കഴിയുമ്പോള്‍ രൂപാന്തരം പ്രാപിച്ച് ഉളളുതുറന്ന് ചിരിക്കാനുളള വകയായി മാറിയതോർത്തുളള ചിരി.

ചരിത്രം

‘‘തൃശ്ശൂരാണ് തറവാട്. എന്റെ കുട്ടിക്കാലത്തൊക്കെ തൃശ്ശൂരു നിന്ന് എറണാകുളത്തേക്ക് പോവുക എന്നത് ന്യൂയോർക്കിൽ പോകുന്നു എന്നു പറയും പോലെയാണ്. അച്ഛൻ ഗവണ്‍മെന്റ് സർവീസിലായിരുന്നു. പൂട്ടിക്കിടക്കുന്ന തുണിമില്ലുകൾ നടത്തുകയാണ് ജോലി. അതിന്റെ ഭാഗമായി കുറേ കേസുകൾ എറണാകുളത്ത് ഉണ്ടാകും കമ്പനിക്കാറിലാണ് യാത്ര. ഒരുപാട് നിർബന്ധങ്ങൾക്കൊടുവില്‍ ഇടയ്ക്ക് അച്ഛന്‍ ഞങ്ങളെയും എറണാകുളത്തേക്ക് കൂട്ടും. ഒരിക്കല്‍ ബന്ധുവീട്ടിൽ പോകേണ്ട ആവശ്യം വന്നു. അവിടെ പോകാൻ പെട്രോൾ അടിക്കാനുളള പണം അച്ഛൻ സ്വന്തം കൈയിൽ നിന്നു കൊടുത്തു. അതിന് കമ്പനി പണം ചെലവാക്കേണ്ട എന്നായിരുന്നു തീരുമാനം. അത്രയ്ക്ക് ആദർശമുളള വ്യക്തിയായിരുന്നു അന്നും ഇന്നും അച്ഛനാണ് എന്റെ റോൾ മോഡല്‍.

ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞ് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ബാറ്റലി ബോയി കമ്പനിയിലെ ഉയർന്ന ഉദ്യോഗം വിടാനുളള കാരണവും ഇതാണ്. അച്ഛനോടു വാങ്ങിയ മുപ്പതിനായിരം രൂപ വച്ച് മുംബൈയിൽ ട്രാൻസ്ഫോമറിലുപയോഗിക്കുന്ന ഇന്‍സുലേറ്ററുകളുടെ ബിസിനസ് ചെയ്തു. ആദ്യം വൻ ലാഭം നേടി. പക്ഷേ, പിന്നീട് വളർച്ച മുരടിച്ചു നിന്നു.’’

രസതന്ത്രം

ഇനി എന്തു ചെയ്യണം എന്നറിയില്ല. അപ്പോഴാണ് തന്റെ ജീവിതത്തെ മൊത്തം മാറ്റി മറിക്കുന്ന ഒരു സംഭവം മോഹന്റെ ജീവിതത്തിൽ ഉണ്ടാകുന്നത്. ചെറിയ കാര്യങ്ങൾ ഉറക്കം കെടുത്തില്ല എന്നു പറയുന്നവർ കൊതുകുളള മുറിയില്‍ കിടന്നു നോക്കൂ... കൊതുക് നിസ്സാരക്കാരനല്ല !

1981 ആയിരുന്നു അത്. ഒരു കൊതുക് മൂളിപ്പാട്ടും പാടി മോഹന്റെ ജീവിതത്തിലേക്കു കടന്നു വന്നു. മകൾക്ക് കൊതുക് കടിച്ച് അലർജിയായപ്പോൾ ഡോക്ടറുടെയടുത്തു കൊണ്ടുപോയതാണ് മോഹൻ. മരുന്നു നൽകിയ ശേഷം ഡോക്ടർ പറഞ്ഞു. ‘‘അലർജി മാറണമെങ്കില്‍ കൊതുക് കടിക്കാതെ നോക്കണം...’

‘‘മാർക്കറ്റിൽ കൊതുകുതിരികള്‍ ധാരാളമുണ്ടെങ്കിലും ചാരവും പുകയും കാരണം അവ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. അപ്പോഴാണ് പൈപ്പ മൊസ്കിറ്റോ കില്ലർ എന്നൊരു ജപ്പാൻ നിർമിത റിപ്പലന്റ് കണ്ടത്. രൂക്ഷ ഗന്ധമോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാക്കാത്ത ആ കൊതുകു നിവാരിണി ഉപയോഗിച്ചതോടെ മകളുടെ അലർജി ഭേ‌ദപ്പെട്ടു.’’ മോഹൻ ഓർക്കുന്നു.

‘‘എത്രയോ പേർ ഇവിടെ കൊതുകു ശല്യം സഹിക്കുന്നു. എന്തു കൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചു കൂടാ? ഈ ചോദ്യമാണ് കൊതുകിനെ പറപ‌റത്താനുളള പുത്തൻ കണ്ടുപിടുത്തത്തിലേക്ക് എന്നെ നയിച്ചത്.

ഗുഡ് നൈറ്റ് മോഹന്‍: ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വിതരണക്കാരോടു സംസാരിച്ച് റിപ്പലന്റിന്റെ പേറ്റന്റ് സ്വന്തമാക്കി. റിപ്പലന്റുകൾ കമ്പനി നേരിട്ട് വിൽക്കാൻ തുടങ്ങിയതോടെ ആ ബിസിനസും നിന്നു. നമ്മുടെ നാട്ടിലും ഇത്തരത്തിലൊരു റിപ്പലന്റ് കൊണ്ടുവരണം എന്ന വാശിയിൽ അതു സ്വന്തമായി നിർമിക്കുന്നതിനെക്കുറിച്ചായി പിന്നീടുളള ചിന്ത. ജപ്പാനിലാണ് കൊതുകു നിവാരിണിയുടെ കെമിക്കലുകൾ ഉണ്ടാക്കുന്നത്. കുറേനാൾ എന്റെ ഊണിലും ഉറക്കത്തിലും ജപ്പാൻ മാത്രമായിരുന്നു.

നിരന്തരം കത്തുകൾ എഴുതി അനുവാദം വാങ്ങി ജപ്പാനില്‍ പോയി സുമിത്തോമാ കെമിക്കൽസിൽ നിന്നു കൊതുകു നിവാരിണിയുടെ രാസപദാർത്ഥം നിർമിക്കാനുളള ടെക്നിക്ക് പഠിച്ചെടുത്തു. പക്ഷേ, നാട്ടിൽ വന്നു ബിസിനസിനു ശ്രമം തുടങ്ങിയപ്പോൾ എല്ലായിടത്തു നിന്നും എതിര്‍പ്പുകൾ. നിരവധി ബാങ്കുകളിൽ കയറിയിറങ്ങി. ‘കൊതുകിനെ ഓടിക്കാൻ യന്ത്രമോ.... ? ഇതൊക്കെ ആരെങ്കിലും വാങ്ങുമോ സുഹൃത്തേ... ഇത്തരം ബിസിനസിനൊന്നും വായ്പ തരാൻ പറ്റില്ല...’ എന്നു പറഞ്ഞ് ബാങ്ക് മാനേജർമാര്‍ കൈമലർത്തി. ഞാൻ പ്രതീക്ഷ വിട്ടില്ല. ഒന്നും രണ്ടുമല്ല, ഇരുപത്തിയേഴ് ബാങ്കുകളാണ് ഈ പദ്ധതിക്കു വായ്പ നിരസിച്ചത്. ഒടുവില്‍ ബാങ്ക് ഓഫ് ഇന്ത്യ അഞ്ചു ലക്ഷം രൂപ വായ്പ നൽകി. ഇതിനിടയ്ക്ക് ഒരു കൊളളപ്പലിശക്കാരൻ മാര്‍വാഡിയുടെ പക്കല്‍ പോയി തല വച്ചു കൊടുത്തിരുന്നു.

ഒരു കാര്യത്തിനിറങ്ങിയാൽ പിന്നെ അതു നേടിയെടുക്കാതെ എനിക്ക് സ‌മാധാനം കിട്ടില്ല. ജീവിതം വച്ചുളള കളികൾ, അതെനിക്കു ഭയങ്കര ഇഷ്ടമാണ്. ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോർഡിലുളളപ്പോൾ ഞാൻ അവരോടു പറയുമാ‌യിരുന്നു. നൂറ്റൊന്നു ചോദ്യങ്ങൾ ചോദിച്ച് ഒരാളെ കുഴപ്പിക്കുന്നതിനു പകരം സഹായം ചോദിച്ചു വരുന്നയാൾക്കു പറയാനുളളതു കേൾക്കണമെന്ന്. സത്യസന്ധമായ ഒരു പ്രവൃത്തിക്കു വേണ്ടിയാണെങ്കിൽ പണം നൽകണമെന്ന്.

കമ്പനി നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ പിന്നെയും വന്നു. ഒരു സ്ഥാപനം തുടങ്ങിക്കാണുന്നതിലും ആളുകള്‍ക്ക് സന്തോഷം അതു പൂട്ടിക്കുന്നതിലാണ്. വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. നാലു തൊഴിലാളികളും ഞാനും ചേർന്ന് ട്രാന്‍സ് ഇലക്ട്രാ എന്ന സ്ഥാപനം മുന്നോട്ട് കൊണ്ടുപോയി. വീട്ടിൽ നിന്നു ഫാക്ടറിയിലേക്കു പോകുന്നതും തിരിച്ചു വരുന്നതുമായ രണ്ടു മണിക്കൂർ, അപ്പോള്‍ മാത്രം ഉറക്കം. സാധനങ്ങൾ വാങ്ങുന്നതും നിര്‍മാണവും പാക്കിങ്ങും വിതരണവും പണം പിരിക്കലും ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്. ചാർളി ചാപ്ളിൻ സിനിമകളിൽ കാണും പോലെ തൊഴിലാളികളും മുതലാളിയും എല്ലാം ഞാൻ.

പണമില്ലാതിരുന്നിട്ടും കടം വാങ്ങി ‌ഏറ്റവും നല്ല പരസ്യക്കമ്പനിയായ ക്രിയേറ്റീവ് യൂണിറ്റിനെ കൊണ്ട് പരസ്യം ചെയ്യിച്ചു. എല്ലാ നാട്ടിലും വിതരണക്കാരെ കണ്ടുപിടിക്കുക പ്രയാസ മായിരുന്നു. അങ്ങോട്ടു പോകാന്‍ പറ്റാത്തപ്പോള്‍ ആവശ്യക്കാരെ ഇങ്ങോട്ടു കൊണ്ടുവരാൻ വേണ്ടിയാണ് അത്ര വലിയ പരസ്യം ചെയ്തത്.

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് അലോസരം സ‍‍‌ൃഷ്ടിച്ചു കൊണ്ട് കൊതുകിന്റെ വരവ്. അപ്പോൾ അതുമായി ബന്ധപ്പെടുത്തി വേണം പ്രോഡക്റ്റിന്റെ പേര് എന്നാലോചിച്ചിരുന്നു. സുകാമി, മോസ്കില്‍... പല നിർദേശങ്ങളും വന്നു. ഒടുവിൽ പരസ്യ ഏജൻസി തന്നെയാണ് പിന്നീടു ചരിത്രമായി മാറിയ ആ പേര് പറഞ്ഞത്, ‘ഗുഡ് നൈറ്റ്.’

നൈറ്റ് (Night) എന്നതിനൊപ്പം K കൂടി ചേർത്ത് Good Knight ആക്കിയതു ഞാനാണ്. സംഭവം ക്ലിക്കായിട്ടും പ്രശ്നങ്ങൾ തുടർന്നു. കടം തന്ന മാർവാഡിക്ക് കമ്പനി ഷെയർ വേണം. ലൈസൻസിന്റെ പ്രശ്നങ്ങൾ... ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആത്മവിശ്വാസം, അതാണെന്നെ തുണച്ചത്.

ലൈസന്‍സിനായി ഉത്തരേന്ത്യയിലെ ഒരു ഉദ്യോഗസ്ഥനെ വീട്ടിൽ പോയി കണ്ടു. ആരും അദ്ദേഹത്തിന്റെ നേരെ പോലും നിൽക്കില്ല. അപ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്നത്. കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞിട്ട് ഗാർഡിനു നേർക്കു നോക്കി ‘ഒരു ഗ്ലാസ് വെളളം കൊടുത്ത് ഇയാളെ പറഞ്ഞു വിടൂ...’ എന്ന് ആജ്ഞാപിച്ച് അദ്ദേഹം മുഖം തിരിച്ചു.

വീട്ടിൽ വന്നു കയറുന്നവര്‍ക്ക് വെളളമെങ്കിലും കൊടുക്കാതെ മടക്കരുത് എന്നതാണ് അവരുടെ രീതി. ‘എന്തെങ്കിലും തരാനാണെങ്കിൽ വെള്ളം മാത്രമാക്കണ്ട ബ്ലാക്ക് ലേബൽ വിസ്കിയും ഐസും കൂടി തരൂ..’. എന്നു ഞാൻ. അടി പ്രതീക്ഷിച്ച നേരത്ത് എങ്ങനെ ഞാൻ അതു പറഞ്ഞു എന്ന് ഇപ്പോഴും അറിയില്ല. ഏതായാലും പുളളിക്കാരനു ആ പറച്ചില്‍ ഇഷ്ടമായി. എന്നെ അദ്ദേഹം സഹായിച്ചു.’’

സാമ്പത്തിക ശാസ്ത്രം

ഗുഡ്നൈറ്റ്, ഹിറ്റ്, സ്നഗ്ഗി... ഗുഡ്നൈറ്റ് ഫിലിം പ്രൊഡക്ഷൻ കമ്പനി, ഷോഗണ്‍ ഓർഗനിക്സ്... മോഹൻ ചവുട്ടിക്കയറിയ പടവുകൾ ഇങ്ങനെ നീളും. ഇതിനിടയിൽ മനോരാജ്യം എന്ന പ്രസിദ്ധീകരണം ഏറ്റെടുത്തു നടത്തി. വിജയം പരാജയം എന്നതിനൊക്കെ അപ്പുറം മോഹൻ എന്ന പേര് പ്രയത്നം എന്നതിന്റെ പര്യായപദമായി മാറി.

‘‘ചെറുപ്പം മുതൽക്കേ സിനിമ എനിക്ക് ക്രേസ് ആണ്. എന്നാല്‍ സിനിമാ നിര്‍മാണത്തിലേക്കു വരുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടും.’’ മോഹൻ പറയുന്നു. ‘‘ സുഹ‍ൃത്തിനെ സഹായിക്കാൻ വേണ്ടിയാണ് ആദ്യ സിനിമ നിര്‍മിച്ചത്. ആ സമയത്തു തന്നെ ‌മറ്റു പലരും വന്നു. പല പ്രോജക്റ്റുകളും കമ്മിറ്റ് ചെയ്തു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം. ഇസബെല്ല, കിലുക്കം, മിന്നാരം, സ്ഫടികം, കാലാപാനി, കൊച്ചിരാജാവ്, ആഹാ, രാജാ കൊ റാണീ സേ പ്യാർ ഹോ ഗയാ, കഭീ ന കഭീ, ചാന്ദ‌ിനീ ബാർ, ഗൗരി : ദി അൺബോണ്‍... അങ്ങനെ കുറച്ചു സിനിമകൾ.

സിനിമ എന്നു പറഞ്ഞാൽ ‘മാരീയിങ് കൊമേഴ്സ് ആൻഡ് ക്രിയേറ്റിവിറ്റി’ എന്നതാണ്. അതൊരു വല്ലാത്ത കോംബിനേഷനും. പല തരത്തിലുളള ആളുകളെ മാനേജ് ചെയ്യുക എന്നത് വളരെ പ്രയാസപ്പെട്ട പണിയാണ്. ‘മനോരാജ്യം’ നിർത്താനുളള കാരണവും അതായിരുന്നു. എനിക്ക് അത്രയ്ക്ക് അറിവും ക്ഷമയും ഒന്നുമില്ല.

സിനിമ ചെയ്തപ്പോൾ ഗുഡ്നൈറ്റിനു കിട്ടിയ എക്സ്പോഷർ വളരെ വലുതായിരുന്നു. ഇപ്പോൾ ഞാന്‍ തിയറ്ററിൽ പോയി സിനിമ കാണാറില്ല. സിഡിയിൽ ഇടയ്ക്കിടെ കാണും. പണ്ടത്തെ സിനിമകൾ എല്ലാം രാമായണമായിരുന്നു. എല്ലാ ഗുണങ്ങളുമുളള നായകൻ, നായകനു പ്രണയിക്കാൻ നായിക, ഇവരെ ബുദ്ധിമുട്ടിക്കാന്‍ വരുന്ന വില്ലനും സഹായികളും... ഒടുവിൽ സർവം ശുഭം. ഇന്നിപ്പോൾ അതൊക്കെ മാറി റിയലിസ്റ്റിക്കായ സിനിമകൾ ജനിക്കുന്നു. കുറ്റവും കുറവും ഒക്കെയുളളവർ നായകന്മാരാകുന്നു.

ഗുഡ് നൈറ്റ് മോഹന്‍ പ്രിയദർശനും ജാക്കി ഷ്റോഫിനും ഒപ്പം

കിലുക്കം ഇറങ്ങിയപ്പോൾ പ്രിയദർശൻ ചോദിച്ചു ‘സ്വാമീ ഈ സിനിമ ഒരു കോടി കളക്ഷൻ നേടിയാൽ അന്യഭാഷാ റൈറ്റ് എനിക്ക് തരുമോ?’ അന്നു വരെ ഞാൻ നിർമിച്ച ഒരു പടവും അത്രയും തുക നേടിയിട്ടില്ല. പ്രിയൻ പറഞ്ഞതു കണ്ണടച്ചു സമ്മതിച്ചു. ‘കിലുക്കം’ അന്നത്തെ കാലത്ത് മൂന്നു കോടി നേട്ടമുണ്ടാക്കി. സിനിമയിൽ ലാഭവും നഷ്ടവും സംഭവിക്കുന്നതു കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. മറ്റൊന്നു കൂടിയുണ്ട്, സിനിമ ഈസ് ഓൾവെയ്സ് അൺപ്രെഡിക്റ്റബിള്‍.

സിനിമയിൽ ഇപ്പോഴും സുഹൃത്തുക്കളുണ്ട്. പത്മരാജനും ഞാനുമായും ശത്രുതയുണ്ടെന്നു പറയുന്നവരുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചില ഭാഗങ്ങൾ ശരിയാകുന്നില്ലെന്നു പറഞ്ഞാൽ പപ്പേട്ടൻ പറയും ‘ഞാൻ പത്മരാജനാണു സ്വാമീ’ എന്ന്. ഒരാളെ സ്നേഹിക്കാനും ബഹുമാനിക്കാനും അയാൾ പറയുന്നതെല്ലാം അംഗീകരിക്കണം എന്നില്ലല്ലോ.

ജീവശാസ്ത്രം

ജീവിതകാലം മുഴുവന്‍ ‍‍ജോലി ചെയ്യണം എന്നു വിചാരിക്കുന്നവരാണ് കൂടുതൽ. എന്നെ സംബന്ധിച്ച് ആ ലോജിക്ക് തെറ്റാണ്. ഇത്രയും നാൾ ജീവൻ പണയം വച്ച് പണിയെടുത്തു. ഇനി വിശ്രമം. ഗുഡ് നൈറ്റ് മറ്റൊരു കമ്പനിക്കു നൽകിയതിനു പിന്നിൽ വേറൊന്നുമില്ല. നല്ല ലാഭം കിട്ടി. അതു വിറ്റു. ഇപ്പോൾ ഷോഗൺ കെമിക്കൽ കമ്പനിയുണ്ട്. കൊതുകിനെ ഓടിക്കുന്ന മാറ്റുകളിലെ രാസവസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനി. ലോകത്തിൽ അങ്ങനെ മൂന്നെണ്ണമേയുളളൂ. മകനാണ് അതിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്.

ഗുഡ് നൈറ്റ് മോഹന്‍ കുടുംബത്തോടൊപ്പം: ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഭാര്യ ലത, മകൻ അമിത്, മകൾ അനു, മരുമക്കൾ, നാലു കൊച്ചുമക്കൾ, ഇതാണ് ഇപ്പോഴെന്റെ ലോകം. കുറേനാൾ ഓടിക്കിതച്ചു നടന്നതിനു ശേഷമുളള വിശ്രമത്തിന്റെ കിക്കി ലാണു ഞാൻ. എന്നു കരുതി ഭാവിയിലും ഒന്നും ചെയ്യില്ല എന്നു പറയാൻ പറയാൻ പറ്റില്ല. ‘ഷോഗൺ’ എന്നാണ് ഞങ്ങളുടെ കമ്പനിയുടെ പേര്. ജാപ്പനീസ് ഭാഷ‌യിൽ ‘ഷോഗണാട്ടേ’ എന്നു പറഞ്ഞാൽ പോരാളി എന്നര്‍ത്ഥം. എനിക്കുളളിൽ ഇപ്പോഴും ഒരു പോരാളിയുണ്ട്.

നസീർ എന്തു ചെയ്യുന്നു ?

ഞാൻ ഒരിക്കല്‍ നസീർ സാറിനോടു ചോദിച്ചു, ‘ചേട്ടന് ഏറ്റവും എംബരാസ്മെന്റ് തോന്നിയ സംഭവം എന്താണെ’ന്ന്. നസീർ സാർ ഒരു അനുഭവം വിശദീകരിച്ചു.

‘‘എന്റെ സ്വാമീ, ഒരിക്കൽ ഞാൻ ട്രെയിനിൽ മദ്രാസിലേക്ക് പോവുകയാണ്. ഒരാള്‍ എന്റെ മുൻ സീറ്റിലിരുന്ന് എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട്. ഞാന്‍ ചുമച്ചും മറ്റും പുള്ളിയുടെ ശ്രദ്ധ ആകർഷിക്കാൻ പല ശ്രമങ്ങളും നടത്തി. ഹേ...ഹേ ! ഒരു അനക്കവുമില്ല.

രണ്ടും കൽപിച്ച് ഞാന്‍ അയാളോടു വർത്തമാനം പറയാൻ തുടങ്ങി. ‘ഹായ്, ഞാൻ നസീർ’. അയാൾ തലപൊക്കി നോക്കാതെ ചോദിച്ചു ‘ ആഹാ, നസീർ എന്തു ചെയ്യുന്നു?’ ‘സിനിമയിലാണ്’ അന്നേരം അയാൾ തലയുയർത്തി എന്നെയൊന്നു നോക്കി. എന്നിട്ട് എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്ത ചോദ്യം.‘ മിസ്റ്റർ നസീർ സിനിമയിൽ എന്തു ചെയ്യുന്നു?’

ഞാൻ തകർന്നു പോയി സ്വാമീ. ട്രെയിനില്‍ നിന്നു ചാടിയാലോ എന്നോർത്തു പോയി. പ്രേംനസീറിനെ അറിയാത്ത മലയാളിയോ ! പിന്നെയാണ് അറിയുന്നത് അദ്ദേഹം പേരു കേട്ട ഒരു ക്രിമിനൽ വക്കീലായിരുന്നു എന്ന്. സിനിമയൊന്നും അദ്ദേഹം കാണാറില്ലത്രെ. എല്ലാവരും തന്നെ അറിയും എന്ന് അഹങ്കരിക്കുമ്പോഴും ആരും അറിയാതെ പോകുക അതാണ് പരിതാപകരം,’ അന്നു നസീർ സാര്‍ പറഞ്ഞു.