ഷാജി ഈ വീടിന്റെ ഐശ്വര്യം

സാജു നവോദയ

റിയാലിറ്റി ഷോ വേദിയില്‍ നിന്നു സിനിമയിലെ പുതിയ ചിരിമിന്നലായ സാജു നവോദയയുടെ വിശേഷങ്ങൾ

നാല് ഇയോൺ കാറുകൾ പെട്ടെന്ന് വന്ന് നിന്നു. പരേ‍ഡ് പോലെ കാറുകൾ വന്ന് നില്‍ക്കുന്നത് കണ്ട് അര‌ൂർ മഴവിൽ മനോരമ ഓഫിസിനു മുന്നിലെ സെക്യൂരിറ്റി ജീവനക്കാരൻ അന്തം വിട്ടു നോക്കി. ഏറ്റവും മുന്നിലെ കാറിൽ നിന്ന് ഗഡാഗഡിയനായ ഒരാൾ ഇറങ്ങി. പി.ടി.സാജുവെന്ന പേര് പറഞ്ഞാൽ അധികം പേർ അറിയില്ല. പക്ഷേ, ‘പഷാണം ഷാജി ’യെ അറിയാത്തവർ നാട്ടിൽ ചുരുക്കം. സാജുവാണ് മുന്നിൽ. കൈയിലൊരു തേങ്ങയുണ്ട്. പിന്നാലെ മൂന്ന് പേര്‍. മൂന്ന് പേരുടെയും കൈയിൽ തേങ്ങ. റെഡി, വൺ, ടൂ ത്രീ പറയുന്ന കൃത്യതയിൽ നാലു പേരും ഒരേ സെക്കൻഡിൽ തേങ്ങയുടച്ചു.

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവൽ റിയാലിറ്റി ഷോയിലെ അമ്പതു ലക്ഷം ഒന്നാം സമ്മാനം കിട്ടിയതിന്റെ ആഘോഷം. ‘കണ്ടു നിന്ന എല്ലാവരും ഞങ്ങളുടെ സ്പെഷൽ പെര്‍ഫോമൻസ് കണ്ടു കൈയടിച്ചു. ’സാജുവിന്റെ വാക്കുകളിലും ചിരിയുടെ മിന്നൽ.

കോമഡി ഫെസ്റ്റിവലിലെ ഒന്നാം സ്ഥാനത്തിനൊപ്പം സാജുവിനു സിനിമയിലേക്കുള്ള ഹൈവേ തുറന്നു കിട്ടി. വെള്ളിമൂങ്ങയിലെ കൊച്ചാപ്പിയിൽ നിന്ന് ഹൈസ്പീഡിൽ പായുകയാണ് സാജു. ഭാസ്കർ ദ റാസ്കല്‍, മര്യാദരാമൻ, ലൈഫ് ഓഫ് ജോസൂട്ടി , തിങ്കള്‍ മുതൽ വെള്ളി വരെ, അങ്ങനെ പത്തോളം സിനിമകളുടെ ഒഴിവാക്കാനാവാത്ത ചിരിച്ചേരുവയാണ് ഈ നടൻ.

റിയാലിറ്റി ഷോയിലേക്ക് എത്തിയത്?

നല്ല നേരത്തു മാറുക എന്നു പറയാറില്ലേ. അത് എന്റെ ജീവിത്തിൽ വളരെ കറക്ടാണ്. മനോജ് ഗിന്നസിന്റെ നവോദയ ട്രൂപ്പിൽ വച്ചാണ് എനിക്കൊരു പേരുണ്ടാകുന്നത്. മനോജാണു സാജു നവോദയ എന്ന് പേര് മാറ്റിയത്. എട്ടു വർഷത്തോളം പല ട്രൂപ്പുകളിൽ മിമിക്രി കളിച്ച് ഒടുവില്‍ കൊച്ചിൻ ജോക്കേഴ്സ് എന്ന ഞങ്ങളുടെ സ്വന്തം ട്രൂപ്പ് വരെ എത്തി നില്‍ക്കുമ്പോഴാണ് റിയാലിറ്റി ഷോയുടെ അവസരം വരുന്നത്. മിമിക്രി ട്രൂപ്പുകളുടെ റിയാലിറ്റി ഷോ എന്ന് പറഞ്ഞപ്പോൾ കൂട്ടുകാർ‌ക്കൊന്നും വലിയ താല്‍പര്യം ഇല്ല.

എന്തായാലും ഒരു ടീമുമായി മൽസരിക്കാൻ പോവാൻ തന്നെ ഞാൻ തീരുമാനിച്ചു. പഴയ പല സുഹൃത്തുക്കളെയും വിളിച്ചു. ‘കോളേജിൽ പഠിച്ചിട്ട്, ഇനി സ്കൂളിൽ പോണോ? അതൊക്കെ മടുപ്പല്ലേ മച്ചൂ ’ചോദിച്ചതു തന്നെ തെറ്റായിപ്പോയി എന്ന മട്ടിലായിരുന്നു ചിലരുടെ പ്രതികരണം.

ഞാൻ പറഞ്ഞു ‘കോളജില്‍ പഠിച്ച കഥയൊന്നും എനിക്കറിയില്ല, സ‌്കൂളിൽ പോയാൽ കഞ്ഞി കിട്ടും’. ഞങ്ങളു‍ടെ പ്രതീക്ഷ തെറ്റിയില്ല. 28 ടീമുകൾ ഉണ്ടായിരുന്നു മത്സരിക്കാൻ. ജോഷി മഹാത്മ, രാജേഷ് പറവൂർ, കൊല്ലം സുധി, ജിഷോ പിന്നെ, ഞാനും അതായിരുന്നു ഞങ്ങളുടെ ടീം. ഒന്നാം സമ്മാനം കിട്ടിയപ്പോൾ എന്തു ചെയ്യണമെന്നു കൺഫ്യൂഷനിലായി. ഞാനാണെങ്കിൽ വാടക വീട്ടിലാണു താമസം. അഞ്ചു പേർക്കായി വീതം വച്ചു കഴിയുമ്പോൾ വീട് എന്ന സ്വപ്നം നടക്കില്ല. പ്രോഗ്രാമിനു പോകുമ്പോഴാണെങ്കിലും സ്വന്തമായി കാർ ഇല്ലാത്തതു വലിയ പ്രശ്നമാണ്. അതിനോടു യോജിപ്പുള്ള ഞങ്ങള്‍ നാലു പേർ ഒരേ ദിവസം കാർ വാങ്ങി. കാർ വാങ്ങുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു. മഴവിൽ മനോരമ ഓഫീസിനു മുന്നിൽ തേങ്ങയുടച്ച് യാത്ര തുടങ്ങണമെന്ന്.

കോമഡി ഫെസ്റ്റിവലിലൂടെ ഞങ്ങളുടെ ടീം പോപ്പുലറായി. ധാരാളം പ്രോഗ്രാമുകളും വ‌ന്നു തുടങ്ങി. ടീം ഫൈനലില്‍ എത്തിയപ്പോൾ എനിക്ക് സിനിമയിലെ ആദ്യ അവസരവും കിട്ടി. ‘മാന്നാർ മത്തായി സ്പീക്കിങ് 2 ൽ കള്ളന്റെ വേഷം. ഒരു പാട് സീനിൽ അഭിനയിച്ചു. പക്ഷേ, സിനിമ വന്നപ്പോൾ ഒന്നു രണ്ടു രംഗത്തേ ഉണ്ടായിരുന്നുള്ളൂ. വെള്ളിമൂങ്ങയ്ക്കു ശേഷം പിന്നെ അവസരങ്ങൾക്കു പഞ്ഞം ഉണ്ടായിട്ടില്ല.’

സിനിമാ നടൻ ആയപ്പോൾ ‘പാ‌ഷാണം ഷാജി’ യെന്ന വിളിപ്പ‌േര് ബാധ്യത ആയോ?

എന്റെ ഒരു ഫോട്ടോയും വച്ച് ‘ഷാജി ഈ വീടിന്റെ ഐശ്വര്യം’ എന്നൊരു ബോർഡ് തൂ‌ക്കിയാലോ എന്ന് പോലും ചിലപ്പോൾ ആലോചിച്ചിട്ടുണ്ട്. ഉദയംപേരൂരാണ് എന്റെ നാട്. അവിടെ പോലും ഇപ്പോള്‍ ആരും പേര് വിളിക്കാറില്ല. അനിയന്റെ കുട്ടി പോലും ‘പാച്ചാണം’ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ നാട്ടിലുള്ള ഒരു വികൃതിപ്പയ്യനില്‍ നിന്നാണ് അങ്ങനെയൊരു കഥാപാത്രത്തെ ഞാൻ രൂപപ്പെടുത്തിയത്. ആളുകൾക്ക് വഴി തെറ്റിച്ചു പറഞ്ഞു കൊടുക്കലാണ് അവന്റെ പ്രധാന പരിപാടി. ഒരിക്കൽ പുതുതായി വന്ന പോസ്റ്റ്മാൻ അവനോട് ഒരു വീടിന്റെ വിലാസം ചോദിച്ചു. അവൻ ക‌ൃത്യമായി തെറ്റായ വഴി പറഞ്ഞു കൊടുത്തു. എവിടെയൊക്കെയോ അലഞ്ഞ് ഒടുവിൽ പോസ്റ്റ്മാൻ ശരിക്കുള്ള വീട്ടിലെത്തി. അപ്പോൾ രാവിലെ വഴി പറഞ്ഞു കൊടുത്ത പയ്യൻ ഉമ്മറത്തിരുന്നു കാപ്പി കുടിക്കുന്നു. പോസ്റ്റ്മാൻ ചോദിച്ച അഡ്രസ് അവന്റെ വീ‍ടിന്റെ തന്നെയായിരുന്നു.

വണ്ണം കുറച്ച് കുറഞ്ഞല്ലോ ?

ഭാരം സെഞ്ചുറി കടന്നായിരുന്നു. പക്ഷേ, എനിക്കതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. കൊളസ്ട്രോൾ കൂടിയപ്പോൾ നിയന്ത്രിക്കാതെ വയ്യെന്നായി. ബീഫ് ആണ് വീക്നസ്, ദിവസം മൂന്ന് നേരവും ബീഫ് ഉണ്ടെങ്കിൽ ഹാപ്പി. ഇനി അത്രയൊന്നും പറ്റില്ല. ആഴ്ചയിൽ ഒരിക്കലൊക്കെ ആവാമെന്ന് തോന്നുന്നു. ഭക്ഷണം കുറച്ചതോടെ മൂന്ന് മാസം കൊണ്ട് ഭാരം പതിമൂന്ന് കിലോ കുറഞ്ഞു. ഇപ്പോൾ 87 കിലോ. കാര്യമിതൊക്കെയാണെ ങ്കിലും ബീഫിനെ തള്ളിപ്പറയാൻ ഞാനില്ല.

കേരളത്തിൽ ബീഫ് നിരോധിച്ചാല്‍ ആദ്യം ഈ നാട് വിട്ടു പോകുന്നത് ഞാനായിരിക്കും. ഭക്ഷണം നിയന്ത്രിക്കണമെന്ന് ഉപദേശിച്ചത് മമ്മൂക്കയാണ്. പത്തേമാരി എന്ന സിനിമയിലാണ് ആദ്യമായി മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയത്.

മിമിക്രിയിലേക്ക് എത്തുന്നത് എങ്ങനെയാണ് ?

രശ്മി, സാജു

ചേട്ടന്‍ സുരേഷ് മിമിക്രി ആർട്ടിസ്റ്റായിരുന്നു. സ്കൂൾ മുതൽ ചേട്ടൻ പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. ആ പിന്നാലെ ഞാനും മിമിക്രി പഠിച്ചു. സ്കൂളിൽ എന്തു പരിപാടി ഉണ്ടെങ്കിലും പേരു കൊടുക്കും. ഫാൻസി‍ഡ്രസ് മുതൽ അക്ഷരശ്ലോകത്തിനു വരെ മത്സരിക്കും. സ്റ്റേജ് പേടി മാറിയത് അങ്ങനെയാണ്. സ്കൂള്‍ കഴിഞ്ഞപ്പോൾ എനിക്ക് താൽപര്യം സിനിമാറ്റിക് ഡാൻസിലായി. കോളേജിലെത്തിയപ്പോള്‍ ഡാൻസ് ഹരമായി. അങ്ങനെ ഉദയംപേരൂരിൽ മിറാക്കിൾ എന്ന ഡാൻസ് സ്കൂൾ തുടങ്ങി. അവിടെ കുട്ടികളെ ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കാൻ എത്തിയതാണ് രശ്മി. പനങ്ങാടാണ് അവരുടെ വീട്. ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചതോടെ ഡാൻസ് ‌സ്കൂളിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ടീച്ചറും സാറും കൂടി കല്യാണമായതോടെ ഡാൻസ് സ്കൂൾ പൂട്ടി. ചേട്ടന്റെ കല്യാണത്തിന്റെ പിറ്റേന്നായിരുന്നു എന്റെ വിവാഹം. ചേട്ടന്റെ വിവാഹം കൂടാൻ വന്ന പെണ്ണിനെ ഞാൻ തിരിച്ചുവിട്ടില്ലെന്നാണ് നാട്ടുകാർ തമാശയായി പറഞ്ഞിരുന്നത്. ഇരുപത്തിനാലു വയസ്സുള്ളപ്പോൾ വാടകവീട്ടിൽ ഞാൻ ഗൃഹനാഥനായി. എങ്ങനെ ജീവിക്കുമെന്നൊന്നും അറിയില്ല. അങ്ങനെ മനസ്സില്ലാമനസ്സോടെ പെയിന്റിങ് പണിക്കു പോയി.

വീട്ടിൽ ഞങ്ങൾ ഒമ്പതു മക്കളാണ്. ഏഴ് ആണും രണ്ടു പെണ്ണും. സെവൻസ് ഫുട്ബോൾ കളിക്കാനുള്ള ആള് വീട്ടിൽ തന്നെ ഉണ്ട്. ഫുട്ബോളും ക്രിക്കറ്റും കളിച്ചു പഠിച്ചതും കുറച്ചു ദിവസങ്ങളിൽ വരുമാനമായിട്ടുണ്ട്. പെയിന്റിങ് പണി ഇല്ലാത്ത ദിവസം മൂന്ന് മാച്ച് വരെ ഉണ്ടാകും. പണിക്കു പോയാൽ കിട്ടുന്ന കൂലി അതിനും കിട്ടും. ഒപ്പം സന്തോഷവും.

സിനിമയിൽ ചാൻസ് കിട്ടിയ സമയത്ത് സംവിധായകൻ സിദ്ദിഖ് സാര്‍ പറഞ്ഞു.‘മനസ്സിനു സന്തോഷം തരുന്ന കാര്യം അത്മാർത്ഥമായി ചെയ്താൽ അതിനു ഫലം കിട്ടും. ഒരിക്കലും പണത്തിനു പിന്നാലെ പോകരുത്. നല്ല കഥാപാത്രം ചെയ്യാനുള്ള അവസരത്തിൽ ആദ്യം ശ്രദ്ധിക്കുക. ചെയ്യുന്നത് ആത്മാർത്ഥമെങ്കിൽ പണം നിങ്ങളെ തേടി വരും.’ എന്നെ സംബന്ധിച്ച് ആ ഉപദേശം വളരെ സത്യമായി.

സിനിമയിലെ തുടക്കം ?

മാന്നാർ മത്തായി 2 ആണ് ആദ്യ സിനിമ. അതില്‍ പെട്ടി തട്ടിക്കൊണ്ടു പോകുന്ന കള്ളന്മാരിൽ ഒരാൾ. ഷൂട്ട് ചെയ്തപ്പോൾ ഞങ്ങൾക്കു ഒത്തിരി മോഷണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, എഡിറ്റ് ചെയ്ത് വന്നപ്പോൾ അത്രയും വേണ്ടതില്ല എന്നായി. അങ്ങനെ നാമമാത്രമായ ഒരു മോഷണത്തിലൂടെ ഞാൻ സിനിമയ്ക്കുള്ളിലായി.

വെള്ളിമൂങ്ങയിലെ കൊച്ചാപ്പി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ദിവസം ഒരു കോൾ വന്നു. മോഹന്‍ല‌ാലാണ്. ഞാൻ ആദ്യം വിശ്വസിച്ചില്ല. മിമിക്രി സുഹൃത്തുക്കൾ ആരെങ്കിലും പറ്റിക്കുന്നതാകും എന്ന് കരുതി. ‘മോനേ, വെള്ളിമൂങ്ങ കണ്ടു. നന്നായി. നമുക്ക് സിനിമയിലൂടെ കാണാം.’. താങ്ക് യു സാർ എന്നല്ലാതെ മറ്റൊരു മറുപടിയും പറയാന്‍ എനിക്ക് കഴിഞ്ഞില്ല.

മിമിക്രി വേദിയുടെ ഓർമകൾ?

പേരുകൾ പറയാതെ ഒരു സംഭവം പറയാം. ഞങ്ങളുടെ പഴയ ട്രൂപ്പിന്റെ മാനേജർ ആളൊരു പുലിയാണ്. തെക്കും വടക്കുമാണെങ്കിലും ദിവസം മൂന്നാം കളിക്കു പോകുന്ന മിമിക്രിക്കാരൻ അതിർത്തിയിലെ പട്ടാളക്കാരനെപ്പോലെയാണ്. സദാ യുദ്ധസന്നദ്ധനായിരിക്കണം. കാരണം ഒരിക്കലും സമയത്തിനെത്താൻ പറ്റില്ല. ട്രൂപ്പിൽ മാനേജരുടെ അസിസ്റ്റന്റ് ഉണ്ട്. അവന്റെ ലക്ഷ്യം തന്നെ ഒരു ട്രൂപ്പ് മാനേജരാവുകയാണ്. ഇതറിയാവുന്ന ഞങ്ങളുടെ ബൂദ്ധിമാനായ മാനേജർ മൂന്നാം കളിയുള്ള ദിവസം അസിസ്റ്റന്റിനോടു പറയും.

‘ഡാ, ഇന്ന് നീ മാനേജരായിക്കോ.’ അത് കേള്‍ക്കേണ്ട താമസം അസിസ്റ്റന്റ് ട്രൂപ്പ് വണ്ടിയു‍ടെ മുൻസീറ്റിൽ പോയി ഇരിക്കും. അതാണ് മാനേജരുടെ സീറ്റ്. 11 മണിക്കു ചെല്ലാമെന്ന് പറഞ്ഞ പ്രോഗ്രാമിന് എത്തുന്നത് രണ്ടു മണിക്ക്. ചെല്ലുന്ന വഴിയേ കമ്മറ്റിക്കാർ ഓടി വരും. സ്വീകരിക്കാനല്ല, എന്നറിയാമല്ലോ. ‘ആരാടാ മാനേജര്‍’ എന്ന് ചോദ്യം വരും. നമ്മുടെ പുതിയ മാനേജർ ജാ‍‍‍ഡയിൽ അങ്ങ് ഇറങ്ങി നിൽക്കും. ചിലപ്പോൾ അടി, അല്ലെങ്കിൽ ഒരിക്കലും മറക്കാത്ത ചീത്ത.

പക്ഷേ, ഒരനുഭവം കൊണ്ട് അവൻ പഠിക്കില്ല. പിന്നെയും മാനേജരാക്കാമെന്ന് പറ‍ഞ്ഞാൽ കക്ഷി റെ‍ഡി. അന്നൊക്കെ തടി എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. വലുപ്പം കണ്ട് പെട്ടെന്നാരും കൈ വയ്ക്കില്ലല്ലോ. ഒഴിവായിപ്പോയ അടികൾക്കു തീർച്ചയായും ഞാൻ നന്ദി പറയുന്നത് പോത്തിനോടാണ്.