സിനിമ എന്ന തേന്മാവിൻ കൊമ്പത്ത്...

ശോഭന

ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ യാത്ര. എന്റെ സിനിമാജീവിതത്തെ അങ്ങനെയാണ് ഞാൻ വിശേഷിപ്പിക്കുന്നത്. രാജപാർവയും ജഗൻമോഹിനിയും ഉൾപ്പെടെ ഞാൻ കണ്ട എല്ലാ സിനിമകളും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. പത്മിനിയാന്റിക്കു ജനം നൽകുന്ന സ്നേഹം കുട്ടിക്കാലത്ത് എന്നുമൊരു അദ്ഭുതക്കാഴ്ചയായിരുന്നു. ഒൻപതു വയസുള്ള ഒരു കുട്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോഴും മനസിൽ ആ വിസ്മയത്തിന്റെ റീൽ ഓടിക്കൊണ്ടേയിരുന്നു. അന്ന് എന്റെ അഭിനയം കണ്ട് സംവിധായകൻ പഞ്ചു സാർ, ഈ കുട്ടി എന്താണ് കാണിക്കുന്നതെന്നു ദേഷ്യപ്പെട്ടിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് സിനിമ വിട്ടോടിപ്പോയേനെ. പതിനാറു വയസും 22 വയസും പ്രായമുള്ള രണ്ടു ചേച്ചിമാരുണ്ടായിരുന്നു ആദ്യ സിനിമയിൽ എനിക്ക്. അവരെ ഇടയ്ക്കു വഴക്കു പറയുമ്പോഴും പഞ്ചു സാർ എനിക്കു മാത്രം ഒരു കൊച്ചുകുട്ടി അർഹിക്കുന്ന ഇളവുകൾ നൽകി. എന്റെ മുഖത്തെ ഭാവങ്ങൾ കണ്ട് സോ സ്വീറ്റ് എന്നു പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ഒരുപാടു വർഷങ്ങൾക്കു ശേഷം ഞാൻ തിരയിൽ അഭിനയിച്ചു. അപ്പോഴും സിനിമ എന്നെ അതേ അളവിൽ സ്നേഹിക്കുന്നുണ്ടായിരുന്നു. അതേ ഊഷ്മളത എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. സിനിമ എനിക്കൊരു സുന്ദരലോകമാണ് അന്നുമിന്നും.

രണ്ടാമത്തെ സിനിമയുടെ സെറ്റിൽ വച്ച് എനിക്കൊരു കൂട്ടുകാരിയെ കിട്ടി. രോഹിണി. ഞങ്ങൾ തമ്മിൽ രണ്ടു വയസിന്റെ വ്യത്യാസമേയുള്ളൂ. ഭാനുമതിയമ്മയാണ് ആ സിനിമയിലെ നായിക. ഭരണി സ്റ്റുഡിയോയുടെ പുറത്ത് ഒരു വലിയ മാവുണ്ട്. ഞങ്ങൾ അഭിനയിക്കാൻ വന്ന കുട്ടികൾ ആ മാവിലേക്കു കൊതിയോടെ ഒന്നു നോക്കിയാൽ മതി, അതു പറിച്ചുതരാൻ ലൊക്കേഷനിലെ സ്നേഹനിധിയായ ആളുകൾ മാവിൽ കയറിയിട്ടുണ്ടാവും. സിനിമയിലെ രീതി അങ്ങനെയാണ്. ആഗ്രഹിക്കുന്നതെന്തും നമുക്കു കിട്ടും. അഭിനയം നന്നായാൽ മാത്രം മതി.

ആദ്യം നായികയായി അഭിനയിക്കുമ്പോൾ എനിക്കു പതിമൂന്നര വയസാണ്. സിനിമയെക്കുറിച്ച് ആ പ്രായത്തിൽ കൂടുതൽ എന്തറിയാനാണ്. പത്മിനിയാന്റി പങ്കുവെച്ച ഓർമകളും അനുഭവങ്ങളും കാരണമാവണം അച്ഛനും അമ്മയ്ക്കും ഓരോ കാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. അവർ പറഞ്ഞിരുന്ന കാര്യങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. സിനിമ ഒരു ജോലി പോലെ തന്നെയാണ്. നന്നായി ജോലി ചെയ്യുന്നവരെ വിജയം വന്ന് അനുഗ്രഹിക്കും. സിനിമ വിജയിക്കാനുള്ള ഭാഗ്യം കൂടിയുണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ട. ലോബിയിങ്ങിനെയും. പാരവെയ്പുകളെയുമൊന്നും പേടിക്കേണ്ട.

പിന്നീട് വലിയ സംവിധായകരും എഴുത്തുകാരും വലിയ സിനിമകളും എന്റെ ലോകം വലുതാക്കി മാറ്റി. വലിയ എഴുത്തുകാരുടെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസിന്റെ അതിരുകളും വലുതാവുമല്ലോ? എന്നിലെ കുട്ടിയുടെ പിടിവാശികൾ ചിലയാളുകൾക്കു മനസിലായില്ല. ഭരതൻ സാറിനെയും പപ്പേട്ടനെയും (പത്മരാജൻ) പോലെ വളരെ ക്രിയേറ്റീവ് ആയ സംവിധായകർ അതെളുപ്പം മനസിലാക്കുകയും ചെയ്തു.

എന്റെ കരിയറിലെ മറക്കാനാവാത്ത സിനിമകളിലൊന്നാണ് യാത്ര. പുതിയ തരം സിനിമകളിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നതവിടെ നിന്നാണ്. യാത്രയിൽ അഭിനയിക്കുമ്പോൾ ബാലു മഹേന്ദ്ര സാർ ഒരിക്കലും എന്നെ ശോഭന എന്നു വിളിച്ചതേയില്ല. ബീന എന്നേ അദ്ദേഹം എന്നെ വിളിക്കൂ. എന്റെ പേരു മാറ്റിയ വിവരം ഒരിക്കലും എന്നോടു പറഞ്ഞതുമില്ല. ബീനാ, ഇങ്ങനെ നോക്കൂ, ബീന റെഡിയല്ലേ എന്നൊക്കെ ചോദിക്കും. ഞാൻ ശ്രദ്ധിക്കാതെ നിൽക്കും. എന്റെ ഹെയർ ഡ്രസറാണ് പറഞ്ഞത്, മാഡത്തിനെയാണ് വിളിക്കുന്നതെന്നു തോന്നുന്നു. അദ്ദേഹം എന്നെ അങ്ങനെ വിളിക്കുന്നതിന്റെ കാരണം, എനിക്കിപ്പോഴും അറിയില്ല. ചില സംവിധായകർ കഥാപാത്രങ്ങളുടെ പേര് ഓർക്കാതെ വിളിച്ചു പോവും. യാത്രയിലാണെങ്കിൽ എന്റെ കഥാപാത്രത്തിന്റെ പേരും ബീനയെന്നല്ല. പക്ഷേ, പതുക്കെ പതുക്കെ ഞാൻ ആ സത്യം അംഗീകരിച്ചു തുടങ്ങി. ബീനാ എന്ന് അദ്ദേഹം നീട്ടിവിളിക്കുമ്പോൾ അറിയാതെ വിളികേട്ടു തുടങ്ങി. ആ സിനിമയുടെ അവസാനമായപ്പോഴേക്കും എനിക്കു പോലും തോന്നിത്തുടങ്ങി ഞാൻ ശോഭനയല്ല ബീനയാണെന്ന്. ഓരോ സിനിമയെക്കുറിച്ചും പറയാനുണ്ടാവും അങ്ങനെ ഓരോ നല്ല ഓർമകൾ. അതുകൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത്, എന്റെ ജീവിതത്തിലെ സുന്ദരയാത്രയാണ് സിനിമാകാലമെന്ന്.

നാഗവല്ലി മനോഹരീ

എനിക്കിപ്പോഴുമോർമയുണ്ട് മായാമയൂരത്തിന്റെ ലൊക്കേഷനിലിരുന്ന് മോഹൻലാൽ അഭിനയിക്കാൻ പോവുന്ന ഒരു സിനിമയെക്കുറിച്ച് പതിവില്ലാതെ വാചാലനാവുന്നു. ലാലിന്റെ സുഹൃത്തുക്കളാരോ ആണ് കേൾവിക്കാർ. വളരെ ഇന്ററസ്റ്റിങ്ങായ സിനിമയായിരിക്കുമത്. അതിലൊരു നർത്തകിയുടെ വേഷമുണ്ട്. ഗംഭീര വേഷമാണത്. അത്രയുമേ ഞാൻ കേട്ടുള്ളൂ. നമ്മൾ സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ഇത്തരം വാർത്തകളെല്ലാം ചെവി വട്ടമിട്ടു പിടിക്കുമല്ലോ? അന്ന് ആഗ്രഹം തോന്നി ആ വേഷം എനിക്കു കിട്ടിയിരുന്നെങ്കിൽ എന്ന്. ഒരു മികച്ച വേഷം വരുമ്പോൾ ആ വേഷം എനിക്കു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കാതിരിക്കാനും മാത്രം ഫിലോസഫിക്കൽ അല്ല ഞാൻ അന്ന്. ഒരു മികച്ച സംവിധായകൻ സിനിമ ആലോചിക്കുമ്പോൾ അതു കിട്ടിയാൽ നല്ലതായിരുന്നു എന്ന് സ്വാഭാവികമായും ആഗ്രഹിക്കുമല്ലോ? അതിനപ്പുറമുള്ള മത്സരബുദ്ധിയൊന്നും അന്നത്തെ നായികമാർക്കിടയിൽ ഇല്ലായിരുന്നു. സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ളവരായിരുന്നു എല്ലാവരും. കുതികാൽവെട്ടിനും, പരദൂഷണത്തിനുമൊന്നും അവിടെ പ്രസക്തിയില്ല. അതുകൊണ്ടാണ് ഇപ്പോഴും ആ സ്നേഹം നഷ്ടപ്പെടാത്തതും.

പാച്ചിക്ക (ഫാസിൽ സാർ) മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയുമായി മാറാൻ എന്നെ വിളിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു കാലങ്ങളോളം മലയാളിയുടെ ഇഷ്ടസിനിമയായി ഓടാൻ പോവുന്നൊരു സിനിമയാണതെന്ന്. ശരിക്കും നാഗവല്ലിയായി മാറിയതെങ്ങനെയെന്നൊരു ചോദ്യം കാലങ്ങളോളം ഞാൻ നേരിടേണ്ടി വരുമെന്ന്. ചോദിച്ചവരോടെല്ലാം ഞാൻ പറഞ്ഞു, പാച്ചിക്ക നിർദേശങ്ങൾ തന്നു. അതുപോലെ ഞാനങ്ങ് അഭിനയിച്ചു. അത്രേയുള്ളൂ. ആളുകൾക്ക് ആ മറുപടി കേട്ടു തൃപ്തിയായില്ല. അവർ പിന്നെയും പിന്നെയും നാഗവല്ലിയുടെ വിശേഷങ്ങൾ ചോദിച്ചു.

അതോടെ ഒരു കുസൃതിക്കു ഞാൻ ചിലരോടെല്ലാം നുണക്കഥകളുണ്ടാക്കി പറയാൻ തുടങ്ങി. അല്ലിയുടെ കല്യാണസാരി വാങ്ങാൻ പോവേണ്ടഎന്നു നകുലൻ പറയുന്നതു കേട്ട് ഗംഗ കട്ടിൽ എടുത്തുയർത്തുന്ന സീനിന്റെ ഒരു പിന്നാമ്പുറക്കഥയുണ്ടാക്കി. ഞാൻ പാച്ചിക്കയോടു ചോദിച്ചു, ഈ കട്ടിൽ എനിക്കൊറ്റയ്ക്ക് എടുത്തു പൊക്കാൻ പറ്റുമോ? പാച്ചിക്ക പറഞ്ഞു, കട്ടിലിനടിയിൽ പ്രൊഡക്ഷനിലെ ഒരു പയ്യനുണ്ടാവും, അയാളതു പൊക്കിക്കോളുമെന്ന്. ഷോട്ട് എടുത്തു കഴിഞ്ഞ് ഞാൻ കട്ടിലിനടിയിലേക്കു നോക്കി. അവിടെ ആരുമില്ല. നാഗവല്ലി എന്നിൽ കടന്നുകൂടിയതിന്റെ ശക്തിയാവണം എനിക്കാ കട്ടിൽ എടുത്തു പൊക്കാൻ കഴിഞ്ഞതെന്നു കേട്ടപ്പോൾ ആളുകൾ ഞെട്ടി. ആ കഥ കേട്ട് എല്ലാവരും സന്തുഷ്ടരായി. പക്ഷേ, ശരിക്കും കിട്ടിലിനടിയിലിരുന്ന പ്രൊഡക്ഷൻ ബോയിയായിരുന്നു കട്ടിൽ പൊക്കിയത്. ഒരു മുറൈ വന്ത് പാർത്തായാ എന്ന പാട്ടു സീൻ ഷൂട്ട് ചെയ്ത ദിവസത്തെക്കുറിച്ചും ഒരു കഥ മെനഞ്ഞു. അന്നു ശരിക്കുമൊരു മന്ത്രവാദിയെ സെറ്റിൽ കൊണ്ടുവന്നിരുന്നുവെന്നും, അയാൾ പൂജകൾ നടത്തിയെന്നും എന്റെ ഉള്ളിൽ ഒരു തമിഴത്തിയുടെ ആത്മാവ് കയറിയെന്നുമെല്ലാം തട്ടിവിട്ടു. അത് കേട്ടവർ കേട്ടവർ ഹരം കൊണ്ടു. എല്ലാവർക്കും കഥകളാണല്ലോ ഇഷ്ടം.

ഏതു കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോൾ നിങ്ങൾ 30 ശതമാനത്തിൽ കൂടുതൽ കഥാപാത്രമായി മാറരുതെന്നാണ് ഞാൻ പഠിച്ചത്. ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നിയന്ത്രണം നിങ്ങൾക്കായിരിക്കണം. അതു നഷ്ടപ്പെടുമ്പോഴാണ് ചില നടന്മാർ സഹനടനെ കുളത്തിൽ താഴ്ത്തുന്ന സീൻ ഷൂട്ട് ചെയ്യുമ്പോൾ ശരിക്കും കുളത്തിൽ താഴ്ത്തി വെള്ളം കുടിപ്പിക്കുന്നത്. ശരിക്കും ഒപ്പം അഭിനയിക്കുന്നയാളെ തല്ലി മുറിവേൽപ്പിക്കുന്നത്. ചിലർ ശരിക്കും പ്രണയിക്കുന്നത്. ഒരു സിനിമയിലെ കാമുകനായി അഭിനയിച്ചയാളെ അങ്ങനെ പ്രണയിച്ചാൽ അടുത്ത സിനിമയിൽ സഹോദരനായി അഭിനയിക്കുമ്പോൾ എങ്ങനെ മനസിലെ പ്രണയം മായ്ച്ചുകളയും? എനിക്കീ വക പ്രശ്നങ്ങളില്ല.

കഴിഞ്ഞ ദിവസം എന്നെ സുഹാസിനി വിളിച്ചു. എൺപതുകളിലെ സ്നേഹം ഇന്നും അതേ അളവിൽ സൂക്ഷിക്കുന്ന പ്രിയ സുഹൃത്ത്. ഇത്തവണ സുഹാസിനി വിളിച്ചത് ഒരു സഹായം ചോദിച്ചുകൊണ്ടാണ്. തമിഴ് സിനിമയുടെ വാർഷികാഘോഷങ്ങൾക്ക് ഒരു നൃത്തം അവതരിപ്പിക്കണം. ഇരുവർ എന്ന സിനിമയിലെ നറുനുഖയേ എന്ന ഗാനമാണ് അവതരിപ്പിക്കേണ്ടത്. ആവശ്യപ്പെടുന്നത് അത്രയും അടുപ്പമുള്ള ഒരു സുഹൃത്താവുമ്പോൾ ഒഴിഞ്ഞുമാറാനാവില്ല ഒരിക്കലും. പക്ഷേ, എന്റെ ഒപ്പം നൃത്തം ചെയ്യാൻ ഒരു നടനെ കിട്ടാനില്ല. നൃത്തം ചെയ്യുന്ന പല നടന്മാരും ആ ദിവസം ഷൂട്ടിങ്ങിലാണ്. ഒടുവിൽ ഞാൻ കൃഷ്ണയെ വിളിച്ചു. നടൻ മാത്രമല്ലല്ലോ അവൻ എനിക്ക്. എന്റെ ചേച്ചിയുടെ മകനുമാണ്. ശരി വരാം കുഞ്ഞമ്മ എന്നവൻ പറഞ്ഞു. സ്റ്റേജിൽ എന്റെ ചേച്ചിയുടെ മകനെ പ്രേമിക്കുന്നതു പോലെ അഭിനയിക്കുകയെന്നതാണ് അന്നത്തെ വെല്ലുവിളി.

അതുപോലെ പതിവായി ഒരു നടി നേരിടുന്ന ചോദ്യമാണ് ഏതു കഥാപാത്രത്തെ അഭിനയിക്കുമ്പോഴായിരുന്നു ഏറ്റവും ടെൻഷനെന്ന്. ഒരു നടിയെന്ന നിലയിൽ നാലു ദിവസം മുമ്പേ കഥ കേൾക്കുക, ഡയലോഗുകൾ കാണാതെ പഠിക്കുക റിഹേഴ്സൽ ചെയ്യുക തുടങ്ങിയ കാര്യങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. മനസുകൊണ്ട് അടുപ്പമുള്ളവരുടെ സിനിമകളിലാണ് ഞാൻ കൂടുതലും അഭിനയിച്ചത്. നായകൻമാരെല്ലാം സുഹൃത്തുക്കളായിരുന്നു.

രണ്ടു സിനിമകളിൽ അഭിനയിക്കുമ്പോൾ മാത്രമേ ഞാൻ ഭയപ്പെട്ടിട്ടുള്ളൂ. ദളപതിയും അനന്തരവുമാണ് ആ രണ്ടു സിനിമകൾ. ഏതു രീതിയിൽ അഭിനയിച്ചാലാവും അടൂർ സാറിന് ഇഷ്ടപ്പെടുക എന്നതായിരുന്നു അനന്തരത്തിൽ അഭിനയിച്ചു തുടങ്ങുമ്പോൾ ഞാൻ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരുന്നത്. ദളപതി എന്ന സിനിമയുടെ വലിയ ക്യാൻവാസ് ഭയാനകമായിരുന്നു. രജനികാന്ത് കുതിരപ്പുറത്തേറി വരുന്നു. ഇരുനൂറോളം നർത്തകർ നൃത്തം ചെയ്യുന്നു. ആനയും കുതിരയുമെല്ലാം അനുസരണയോടെ അഭിനയിക്കുന്നു. പിന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യുകയും എല്ലാത്തിലും സൂക്ഷ്മമായി ശ്രദ്ധിച്ചിടപെടുകയും ചെയ്യുന്ന മണിരത്നത്തെപ്പോലൊരു സംവിധായകൻ.

മാസങ്ങൾക്കു മുമ്പ് എന്നെക്കാണാൻ ഒരു ചെറുപ്പക്കാരൻ വന്നു. ശ്രീനിവാസന്റെ മകൻ വിനീത്. അയാളുടെ കഥയിലെ നായികയെ ഞാൻ തന്നെ അവതരിപ്പിക്കണമെന്നു ഫോണിലൂടെ പറഞ്ഞു. ഒരു നടന്റെ മകനാണ്, വിജയിച്ച സംവിധായകനാണ്, ഞാൻ കരുതി അയാൾ വലിയ കാറിൽ വന്നിറങ്ങും. പിറകേ മറ്റൊരു കാറിൽ കംപ്യൂട്ടറും സന്നാഹങ്ങളുമായി പരിവാരങ്ങൾ കൂടെയുണ്ടാവും എന്ന്. പക്ഷേ, വിനീത് വന്നത് ഒരു ചെറിയ കാർ തനിയെ ഓടിച്ചായിരുന്നു. ഒറ്റയ്ക്കായിരുന്നു. വളരെ ആത്മവിശ്വാസത്തോടെ വിനീത് കഥ പറഞ്ഞു. താൻ പറയുന്ന കഥയെക്കുറിച്ചു വ്യക്തതയുണ്ടായിരുന്നു. എനിക്കു കഥയിഷ്ടമായി എന്നു പറഞ്ഞതും വിനീത് പറഞ്ഞു, ചേച്ചിക്കിഷ്ടമായോ, എങ്കിൽ ഞാനിതു കുറച്ചുകൂടി റീവർക്ക് ചെയ്യാം. തിര എന്ന എന്റെ പുതിയ മലയാള സിനിമ അങ്ങനെയാണു സംഭവിച്ചത്.

കരിയറിന്റെ ഏറ്റവും തിരക്കേറിയ നാളുകളിലാണ് ഞാൻ കലാർപ്പണ തുടങ്ങിയതും, അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചതും. അതൊരു സ്വാഭാവിക പരിണാമമായിരുന്നു. ഒരു കഥാപാത്രത്തിൽ നിന്നു മറ്റൊരു കഥാപാത്രത്തിലേക്കു മാറുമ്പോലെയൊരു മാറ്റം. ഞാൻ സിനിമ കുറച്ചിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടു. പക്ഷേ, ആളുകളുടെ മനസിൽ എനിക്കിപ്പോഴും 24 വയസാണെന്നു തോന്നാറുണ്ട്. എത്ര കണ്ടാലും മതിവരാത്ത, ഇന്നു ടെലിവിഷനിൽ വീണ്ടും ടെലികാസ്റ്റ് ചെയ്താൽ അറിയാതെ കണ്ണുടക്കിപോവുന്നതരം സിനിമകളിൽ അഭിനയിച്ചതാവാം അതിന്റെ കാരണം.

ശോഭന

ഗംഗയും കാർത്തുമ്പിയും

മണിച്ചിത്രത്താഴിന്റെ പകുതി വരെ ശോഭനയെ ഞാൻ ഒരു ഷാഡോയിൽ നിർത്തി. ആ ഷാഡോയിൽ നിന്നുകൊണ്ട് അതിമനോഹരമായി ശോഭന അഭിനയിച്ചു. രണ്ടാം പകുതിയിൽ വിടമാട്ടേ എന്നു പറഞ്ഞ് രൂപം മാറുന്ന സീനിലാണ് ശോഭന അഭിനയത്തിന്റെ ഉയരങ്ങളിലേക്കു പോവുന്നത്. ഒരു മുറൈ വന്ത് എന്ന ഗാനരംഗത്തിൽ അവർ എന്നെ വിസ്മയിപ്പിച്ചു. ഫാസിൽ.

സിനിമയെക്കാൾ നൃത്തത്തോടാണ് ശോഭനയ്ക്ക് സ്നേഹം കൂടുതൽ എന്നു പലരും പറയാറുണ്ട്. പക്ഷേ, അഭിനയിച്ച സിനിമകളിലെല്ലാം ശോഭന ഓരോ നിമിഷവും തന്റെ കഥാപാത്രത്തോടു നീതി കാട്ടി. ഒരു കംപ്ലീറ്റ് വുമൺ. ശോഭന പലപ്പോഴും പറഞ്ഞിട്ടുണ്ട് താൻ ഏറ്റവും സുന്ദരിയായി തോന്നിയത് തേൻമാവിൻ കൊമ്പത്തിലാണെന്ന്. പ്രിയദർശൻ.