ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പ്രമാണം .നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ ചിട്ടയോടെയും ഇശ്വരഭക്തിയോടെയും വളർത്തിയാൽ ഭാവിയെക്കുറിച്ചു ആകുലപെടേണ്ട കാര്യമില്ല.നിത്യേനയുള്ള നാമജപത്തോടൊപ്പം ശക്തിയുടെ ഉറവിടമായ മന്ത്രങ്ങള്‍ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നത് എന്നാണർത്ഥം.ഓരോ മന്ത്രവും അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്.
രാവിലെ സൂര്യോദയത്തിനു മുൻപായി വലതുവശം ചരിഞ്ഞു എഴുന്നേറ്റു ഇരുകൈകളും മുഖത്തിനു അഭിമുഖമായി പിടിച്ച് താഴെ പറയുന്ന മന്ത്രം ജപിക്കണം.
കരാഗ്രേ വസതേ ലക്ഷ്മി കര മദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി പ്രഭാതേ കരദര്ശനം
അർഥം - കൈവെള്ളയുടെ അഗ്രത്തിൽ ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. കാരദര്ശനത്തിലൂടെ ഈ മൂന്ന് ദേവിമാരെയും കണികാണുന്നു .യഥാക്രമം ധനം, വിദ്യ, ശക്തി എന്നിവയ്ക്കു വേണ്ടിയാണീ പ്രാർഥന.
പാദങ്ങൾ ഭൂമിയിൽ സ്പർശിക്കുന്നതിനു മുൻപായി കൈകൾകൊണ്ട് ഭൂമിയിൽ തൊട്ടു വണങ്ങി ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ആചാര്യമതം അനുശാസിക്കുന്നു.
സമുദ്ര വസനേ ദേവി പർവ്വത സ്തനമണ്ഡലേ
വിഷ്ണു പത്നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ
അർഥം - സമുദ്രത്തിലേക്കു കാല്‍വച്ചും പര്‍വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിക്കുന്നതു മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.
ഈ മന്ത്രത്തിനു ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിലുള്ള ഊർജം സ്റ്റാറ്റിക് ആണ്. എഴുന്നേൽക്കുമ്പോൾ കൈനറ്റിക് എനർജിയാണു ശരീരത്തിൽ നിറയുന്നത്. ഭൂമിയിൽ തൊടുന്നതോടെ ശരീരത്തിലെ മലിനോർജം പോയി ശുദ്ധോർജം നിറയുന്നു. ആദ്യം കാലാണു തറയിൽ തൊടുന്നതെങ്കിൽ ഊർജം താഴൊട്ടൊഴുകി ശരീരബലം കുറയുന്നു. കൈ ആദ്യം തറയിൽ തൊടുമ്പോൾ ഊർജം മുകളിലേക്കു വ്യാപിച്ച് കയ്യിലൂടെ പുറത്തുപോകുകയും അതിന്റെ ഫലമായി ശരീരബലം ഇരട്ടിക്കുകയും ചെയ്യുന്നു.
ദന്തശുദ്ധി വരുത്തുമ്പോൾ "ക്ലിം കാമദേവായ നമ: സർവജനപ്രിയായ നമ:" എന്ന് ജപിക്കുക.
കുളിക്കുന്നതിനു മുൻപ് ഇരുകൈകളിലും ജലം എടുത്തു ഈ മന്ത്രം ചൊല്ലി കുളിക്കാനുള്ള വെള്ളത്തിലേക്ക് ഒഴിക്കുക.
ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു .
അർഥം - ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം കുളിക്കുന്ന വെള്ളത്തിൽ ഉണ്ടാവട്ടെ.
കുളികഴിഞ്ഞു സൂര്യനഭിമുഖമായി നിന്നുകൊണ്ട് ഗായത്രിമന്ത്രം ചൊല്ലുക.
ഓം ഭുർ ഭുവസ്വഃ തത് സവിതുർ വരേണ്യം
ഭർഗ്ഗോ ദേവസ്യ ധീമഹി ധിയോ യോനഃ പ്രചോദയാത്
അർഥം - ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ.
ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു. ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നത് കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രീ മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർദ്ധിക്കുകയും ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.
ഭക്ഷണം കഴിക്കുന്നതിനു മുൻപായി താഴെ കൊടുത്തിരിക്കുന്ന മന്ത്രം ജപിക്കുക
അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി
ഈശ്വരനോട് നന്ദി അർപ്പിക്കാൻ ഭക്ഷണശേഷം "അമൃതാഭി ധാനമസി അന്നദാതാ സുഖീ ഭവ: "എന്ന് ചൊല്ലുക
വിളക്ക് കത്തിച്ചുകഴിഞ്ഞു ദീപം കണ്ടു തൊഴുമ്പോൾ താഴെ പറയുന്ന മന്ത്രം ജപിക്കണം
ശിവം ഭവതു കല്യാണ മായുരാരോഗ്യവർദ്ധനം
മമ ബുദ്ധി പ്രകാശായ ദീപതേ നമോനമഃ
ഭസ്മധാരണശ്ലോകം - ശ്രീകരം ച പവിത്രം ച ശോകനിവാരണം
ലോകേവശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം
ചന്ദനം തൊടുമ്പോൾ ചൊല്ലേണ്ട മന്ത്രം - ഓം കേശവായ നമ
ഉറങ്ങുന്നതിനു മുൻപായി ചൊല്ലേണ്ട മന്ത്രങ്ങൾ
അച്യുതായ നമഃ
അനന്തായ നമഃ
വാസുകയേ നമഃ
ചിത്രഗുപ്തായ നമഃ
വിഷ്ണവേ ഹരയെ നമഃ
കരചരണകൃതം വാക്കായജം
കർമജം വാ ശ്രവണ നയനജം വാ
മാനസം വാപരാധം വിഹിതമവിഹിതം വാ സർവമേതത്‍
ക്ഷമസ്വ ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ
അർഥം -പ്രവൃത്തിയാലോ വാക്കാലോ ചെയ്ത പാപത്തിനു ഭഗവാനോട് ക്ഷമ ചോദിക്കുന്നു.
പേടിസ്വപ്നം കാണാതിരിക്കാൻ ചൊല്ലേണ്ട മന്ത്രങ്ങൾ
ആലത്തിയൂർ ഹനുമാനെ പേടിസ്വപ്നം കാട്ടല്ലേ
പേടിസ്വപ്നം കാട്ടിയാൽ ഹനുമാന്റെ വാലാൽ തട്ടിയും മുട്ടിയും ഉണർത്തേണമേ .
അർജ്ജുനൻ, ഫൽഗുനൻ, പാർഥൻ, വിജയനും
വിശ്രുതമായ പേർ പിന്നെ കിരീടിയും,
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും
ബീഭത്സുവും സവ്യസാചിയും ഞാനെടോ.
പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യഭയങ്ങൾ അകന്നു പോം നിർണ്ണയം
Read More.. More Astro news, Astrology, Star Prediction