എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്ര ഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 6 അടി ഉയരമുള്ള ചതുർബാഹുവായ വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഏകഛത്രാധിപതി ഭാവത്തിലാണ് വാഴുന്നത്. മതിൽ കെട്ടിനകത്ത് അതിനാൽ തന്നെ ഉപദേവതമാരാരും ഇല്ല. മതിലിന് പുറത്ത് മഹാവിഷ്ണുവിന്റെയും പാർത്ഥസാരഥിയുടെയും കൊച്ചമ്പലങ്ങൾ ഉണ്ട്. ത്രേതായുഗത്തിൽ ജടായുവിന് വെട്ടേറ്റ് നടുഭാഗം വീണ സ്ഥലമാണിത് എന്നാണ് വിശ്വാസം. വായ വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണ് എന്നാണ് ഐതീഹ്യം.
ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും പറയപ്പെടുന്നു.
പെരുമ്പാവൂർ ഐക്കര നാട്ടിൽ നിന്നും തോണിയിൽ ഓലക്കുട ചൂടിയാണ് വിഗ്രഹം കൊണ്ടുവന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ട രീതിയിൽ തന്നെയാണ് കൊച്ചമ്പലത്തിലെ വിഗ്രഹങ്ങൾ ഇപ്പോഴും നിലകൊള്ളുന്നത്. കടുങ്ങല്ലൂര്‍ ദേവസ്വം ട്രസ്റ്റിന്റെ ഭരണം നാല് ഊരാഴ്മക്കാരുടെ കീഴിലാണ്. മേടമാസത്തിലെ വിഷുവിന്റെ തലേന്ന് മുതൽ ഏഴ് ദിവസം ആണ് ഉത്സവം. നവംബറിൽ ദശാവതാരം ചന്ദനം ചാർത്ത് വിശേഷമാണ്. മണ്ഡലകാലം, ഓണം എന്നിവ പ്രധാന ദിനങ്ങളായി ആഘോഷിക്കുന്നു. എല്ലാമാസവും തിരുവോണം ഊട്ട് നടക്കുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതൽ ജനം ആറാട്ട് കുളിക്കുവാൻ എത്തുന്നത് കടുങ്ങല്ലൂര്‍ തേവരുടെ ആലുവ മണപ്പുറത്തെ ആറാട്ടിനാണ്. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടാണ്. ഉത്സവകാലത്ത് വലിയ വിളക്കിന്റെ ദീപാരാധന തൊഴുന്നവർക്ക് ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കുന്നതാണ്.
ഇവിടത്തെ പ്രധാന വഴിപാട് പാൽപായസം, പിഴിഞ്ഞുപായസം, കൂട്ടുപായസം, തൃമധുരം, പാനകം എന്നിവയാണ്. കുട്ടികളെ അടിമ കിടത്തുന്ന ചടങ്ങും ഇവിടത്തെ പ്രത്യേകതയാണ്.
ഉളിയന്നൂർ പെരുന്തച്ചന്റെ നേതൃത്വത്തിൽ ആണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. വട്ടശ്രീകോവിൽ കാണുന്നവർക്ക് അത് ബോധ്യമാവുകയും ചെയ്യും.
രാവിലെ 4 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 8 വരെയും ആണ് സാധാരണ ദർശന സമയം. വ്യാഴാഴ്ച രാവിലെ 11 വരെ ദർശനം ഉണ്ടാകും. ആലുവ പറവൂർ കവല വഴി ഈ ക്ഷേത്രത്തിൽ എളുപ്പം എത്തിച്ചേരാം. എറണാകുളം ജില്ലയിലാണ് ക്ഷേത്രം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas
Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O,
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2603643
Read more.. Temples and Festivals, Prediction, Download yearly prediction