ജ്യോതിഷത്തിലും മറ്റും അതീവ വിശ്വാസമുള്ള നടനായി സിനിമാരംഗത്ത് അറിയപ്പെടുന്ന ദിലീപിന് ഇപ്പോൾ കണ്ടകശനിയാണെന്നു സുഹൃത്തുക്കൾ.
ജീവിതത്തിലെ പലതരം പ്രശ്നങ്ങളുടെ നടുവിലായിരുന്ന ദിലീപ് അതിൽ നിന്നെല്ലാം മോചനമായി എന്നു കരുതിയിരിക്കുമ്പോഴാണ് ജയിൽവാസം വിധിക്കപ്പെട്ടത്.
ആലുവ പാലസിനു സമീപത്തെ ദിലീപിന്റെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ സബ് ജയിലിലേക്ക്. പെരിയാർ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്ന വീട്. പന്ത്രണ്ടു വർഷം മുൻപ് നടനെന്ന നിലയിൽ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്.
രണ്ടു വർഷം മുൻപ് പഴയ വീടു പൂർണമായും പൊളിച്ചുനീക്കി പുതിയതു നിർമിച്ചു. കൊച്ചിയിലെ താലികെട്ടു ചടങ്ങു കഴിഞ്ഞു കാവ്യ മാധവൻ വിളക്കുവച്ചു കയറിയതു പുതിയ വീട്ടിലാണ്. അന്നു പണി മുഴുവൻ പൂർത്തിയായിരുന്നില്ല. ജ്യോതിഷികളുടെ ഉപദേശത്തെ തുടർന്നാണു പഴയ വീട് പൊളിച്ചു പുതിയതു നിർമിച്ചതെന്നു പറയുന്നു.
ദേശത്താണ് ദിലീപ് ജനിച്ചുവളർന്ന തറവാട്ടു വീട്. സിനിമയിൽ എത്തിയ ശേഷം പറവൂർ കവല വിഐപി ലെയ്നിൽ വീടു വാങ്ങി പുനർനിർമിച്ചു.
മഞ്ജു വാരിയരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരൻ അനൂപും കുടുംബവുമാണ് ഇപ്പോൾ അവിടെ താമസം.
ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ഒരിക്കൽ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളിൽ പറയാറുണ്ട്. മണപ്പുറത്തു വച്ചാണ് നാദിർഷായെ ആദ്യമായി പരിചയപ്പെട്ടതെന്നും ദിലീപ് പറഞ്ഞിരുന്നു.
രേഖകളിൽ ഗോപാലകൃഷ്ണൻ
പേര്– ഗോപാലകൃഷ്ണൻ
ജന്മദിനം– 1968 ഒക്ടോബർ 27
നക്ഷത്രം– ഉത്രം
സ്വദേശം– ആലുവ
വിദ്യാഭ്യാസം– എംഎ–ചരിത്രം
നടൻ ദിലീപിന്റെ യഥാർഥ പേരു ഗോപാലകൃഷ്ണൻ എന്നാണ്. നടിയെ തട്ടിക്കൊണ്ടുപോയ കേസ് രേഖകളിൽ ആലുവ കൊട്ടാരക്കടവ് റോഡിൽ പത്മസരോവരം വീട്ടിൽ ഗോപാലകൃഷ്ണൻ എന്നാണ് ചേർത്തിരിക്കുന്നത്.
സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷമാണു ഗോപാലകൃഷ്ണൻ ദിലീപായത്. പക്ഷേ, തിരഞ്ഞെടുപ്പു വോട്ടർപട്ടിക അടക്കമുള്ള സർക്കാർ രേഖകളിൽ പഴയ പേരു മാറ്റിയിട്ടില്ല. സ്കൂളിലെയും കോളജിലെയും പഴയ സഹപാഠികളുടെയും അയൽവാസികളുടെയും മനസ്സിലും ദിലീപ് ഇപ്പോഴും ഗോപാലകൃഷ്ണൻ തന്നെ.