Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ലോകമഹായുദ്ധത്തിലെ ആളെക്കൊല്ലി വാഹനങ്ങൾ

fox-armoured-car Fox Armored Car

രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച യുദ്ധവാഹനങ്ങൾ ശ്രദ്ധ നേടിയത് പ്രധാനമായും അവയുടെ മാരക പ്രഹരശേഷി കൊണ്ടാണ്. എന്നാൽ രൂപകൽപനയിലെ വ്യത്യസ്തത കൊണ്ടു ശ്രദ്ധയാകർഷിച്ച യുദ്ധവാഹനങ്ങളുടെ എണ്ണവും കുറവല്ല. ഇപ്രകാരം വ്യത്യസ്തമായ രൂപകൽപന കൊണ്ടും കൂടി ശ്രദ്ധയാകർഷിച്ച ഏതാനും യുദ്ധവീരൻമാരെ പരിചയപ്പെടാം. 1939നും 1945നും ഇടയിൽ നിർമിതമാണ് ഈ മോ‍ഡലുകൾ.

ദ റൈനോ

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഉപയോഗിച്ച യുദ്ധവാഹനം ദ റൈനോ ഹെവി ആർമ്ഡ് കാർ 1941ലാണ് നിർമിതമായത്. ഈ യുദ്ധവാഹനം ദ റൈനോ എന്ന പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്. കോമൺവെൽത്തു രാജ്യങ്ങൾക്കു യുദ്ധവാഹനങ്ങൾ നൽകുന്നതിൽ ബ്രിട്ടീഷ് സർക്കാർ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയൻ സർക്കാരാണ് ഇതു നിർമിച്ചത്.

rhino Rhino

ശത്രുപക്ഷത്തു നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി 30 മില്ലിമീറ്റർ കനത്തിലാണു മുൻഭാഗം നിർമിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പിന്നിലും 11 മില്ലിമീറ്ററാണു കനം. ശക്തിയേറിയ യന്ത്രത്തോക്ക് നാലു വശത്തേക്കും പ്രയോഗിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. 40 എംഎം ശക്തിയുള്ള ഇരട്ടക്കുഴൽ യന്ത്രത്തോക്കിനും 7.7 എംഎം വിക്കേഴ്സ് മെഷീൻ ഗണ്ണിനും സമാനമായിരുന്നു പ്രഹരശേഷി. 1943 ൽ നിർമാണം നിർത്തലാക്കി. ശത്രുപക്ഷ ആക്രമണത്തെ നേരിടുന്നതിൽ പരാജയപ്പെട്ടതാണു കാരണം. അധികഭാരവും കനത്ത പരിപാലന ചെലവും ഇതിന്റെ പ്രധാന പ്രശ്നങ്ങൾ.

ഫോക്സ് ആർമ്ഡ് കാർ

ബ്രിട്ടിഷ് ഹംബർ യുദ്ധവാഹനം എംകെ മൂന്നിൽ നിന്നു പ്രേരണ സ്വീകരിച്ചു പുറത്തിറക്കിയ യുദ്ധവാഹനമാണു ഫോക്സ്. കനേഡിയൻ മിലി‌ട്ടറി ട്രക്ക് ചെയ്സിസ് പാറ്റേണാണ് ഉപയോഗിച്ചിരിക്കുന്നത്. നിർമാതാക്കൾ ജനറൽ മോട്ടോഴ്സ്. കമാൻഡർ, ഡ്രൈവർ, തോക്കുധാരി, വയർലെസ് ഓപ്പറേറ്റ‌ടക്കം നാലു പേർക്ക് ഉള്ളിലിടമുണ്ട്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷവും നിർമാണം തുടർന്ന ഈ യുദ്ധവാഹനം ആകെ 1506 യൂണിറ്റ് പുറത്തിറങ്ങിയിട്ടുണ്ട്.

fox-armoured-car Fox Armored Car

രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലി, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഈ വാഹനം ഉപയോഗിച്ചിരുന്നു. പോളണ്ടിന്റെ 15-ാം കാവൽറി റെജിമെന്റ് ഇറ്റലിയ്ക്കെതിരെ 1943-44 ൽ നടന്ന യുദ്ധത്തിൽ ഈ വാഹനം ഉപയോഗിച്ചിരുന്നു. യുദ്ധത്തിനു ശേഷം പോർച്ചുഗീസ് സൈന്യമാണ് ഈ മോഡൽ പ്രധാനമായും ഉപയോഗിച്ചത്. മൊസാംബിക്, അംഗോള, ഗിനിയ എന്നിവിടങ്ങളിൽ 1961 മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ പോർച്ചുഗീസ് സൈന്യം ഈ മോഡലുപയോഗിച്ചിരുന്നു.

പഴയ ഡച്ച് ഈസ്റ്റ് ഇൻഡീസിന് (ഇന്നത്തെ ഇന്തോനേഷ്യ) എതിരെ നെതർലൻഡും ഈ വാഹനം ഉപയോഗിച്ചു. ഹംബർ യുദ്ധവാഹനങ്ങൾ കിട്ടാതെ വന്ന അവസ്ഥയിലാണ് അവർ ഈ വാഹനം ഉപയോഗിച്ചത്. 39 വാഹനങ്ങളാണ് നെതർലൻഡ് വാങ്ങിയത്. ഇതിൽ 34 എണ്ണം ഹൈബ്രിഡ് മോഡൽ ഹംഫോക്സ് ആയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ വാഹനങ്ങൾ ഇന്തോനേഷ്യ സ്വന്തമാക്കി.

അയൺസൈഡ്

ഹംബർ ലൈറ്റ് റികൊണയ്സൻസ് കാർ (ഹംബർ എൽആർസി എംകെ 3​എ) എന്ന ഈ യുദ്ധവാഹനം അയൺസൈഡ്, ഹംബറെറ്റ് എന്നീ പേരുകളിലാണു പ്രശസ്തം. നിർമാതാക്കൾ ഹംബർ. 1940 നും 1943 നുമിടയിൽ ഏകദേശം മൂവായിരത്തോളം യൂണിറ്റുകളാണു ബ്രിട്ടീഷുകാർ നിർമിച്ചത്. ഹംബർ സൂപ്പർ സ്നൈപ് ചെയ്സിസ്, 4x4 ഹംബർ ഹെവി യൂട്ടിലിറ്റി കാർ എന്നിവയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു മോഡൽ രൂപീകരിച്ചത്.

ironside The Ironside

19-ാം നമ്പർ റേഡിയോ സെറ്റ‌‌് തുടങ്ങിയ സൗകര്യങ്ങളുള്ള ഈ മോഡൽ ആർഎഎഫ് റെജിമെന്റ്, ഇൻഫൻട്രി റികൊണയ്സൻസ് റെജിമെന്റ് തുടങ്ങിയവർ വെസ്റ്റേൺ യൂറോപ്, ടൂണീഷ്യ, ഇറ്റലി എന്നിവിടങ്ങളിൽ ഉപയോഗിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും ക്യാബിനറ്റ് അംഗങ്ങളുടെയും ഉപയോഗത്തിനായി മൂന്നു യൂണിറ്റുകൾ രൂപമാറ്റം വരുത്തിയിരുന്നു. സ്പെഷൽ അയൺസൈഡ് സലൂൺസ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

ദ ഒട്ടർ

ദ ഒട്ടർ റികൊണയ്സൻസ് കാർ (കനേഡിയൻ ജിഎം മാർക് 1) എന്നതിന്റെ ചുരുക്കപ്പേരാണു ദ ഒട്ടർ. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ്, കോമൺവെൽത്ത് ട്രൂപ്പുകൾക്കായി കാനഡ സർക്കാര‍ാണ് ഇതു നിർമിച്ചത്. കാനഡയുടെ സൈനിക ട്രക്ക് ഷെവർലെ സി15 -ന്റെ ഡിസൈനിൽ നിന്നു പേരണ സ്വീകരിച്ചാണ് രൂപകൽപന നൽകിയിരിക്കുന്നത്.

otter Otter

ഹൾ മൗണ്ടഡ് ബോയ്സ് ആന്റി ടാങ്ക് റൈഫിൾ, ബ്രെൻ ലൈറ്റ് മെഷീൻ ഗൺ എന്നിവയാണ് പ്രധാന ആയുധങ്ങൾ. ഹംബറിനെ അപേക്ഷിച്ച് അൽപം കൂടി കരുത്തുറ്റ ആയുധമാണ് ഒട്ടർ. എന്നാൽ ഹംബറിനേക്കാൾ വളരെ ഭാരമേറിയതിനാൽ ഒട്ടറിന്റെ പ്രവർത്തനം അത്ര തൃപ്തികരമായിരുന്നില്ല.

ബോബിക്

സോവിയറ്റ് യൂണിയന്റെ പ്രധാന യുദ്ധവാഹനമായിരുന്നു ബിഎ 64 അഥവാ ബോബിക്. നാലു ചക്രമുള്ള സ്കൗട്ട് കാർ 1942 മുതൽ 1960കൾ വരെ സോവിയറ്റ് യൂണിയന്റെ സൈന്യത്തിന്റെ ഭാഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തോ കൊറിയൻ യുദ്ധത്തിലോ പക്ഷേ ഈ യുദ്ധവാഹനം ഉപയോഗിച്ചിരുന്നില്ല.

bobik Bobik

ഈ മോഡലിന്റെ എത്രയെണ്ണം സോവിയറ്റ് യൂണിയന്റെ കൈയിലുണ്ടായിരുന്നുവെന്നതിനു വ്യത്യസ്ത റിപ്പോർട്ടുകളാണുള്ളത്. ജിഎസെഡ് ഓട്ടോമൊബീൽ പ്ലാന്റിന്റെ കണക്കനുസരിച്ച് 9000 ബോബിക് യുദ്ധവാഹനങ്ങൾ സോവിയറ്റ് യൂണിയനു സ്വന്തമായിരുന്നു.