പുതിയകാലത്ത് മലയാളിയുടെ വായനയെ വിപുലമാക്കിയ എഴുത്തുകാരനാണ് ബെന്യാമിന്‍. മലയാളനോവല്‍ സാഹിത്യത്തില്‍ ഒരു വഴിത്തിരിവായിരുന്നു ആടുജീവിതം. തന്‍റെ രചനകളെക്കുറിച്ച്, വിവാദങ്ങളെക്കുറിച്ച്, പുതിയ നോവലിനെക്കുറിച്ച് ഒക്കെ പറയുന്നതിനൊപ്പം വായനക്കാര്‍ ചോദിക്കാനാഗ്രഹിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ബെന്യാമിന്‍ മനസ്സുതുറക്കുന്നു...
ആടുജീവിതത്തെ ജനപ്രിയമാക്കിയത്...
ആടുജീവിതം എഴുതുന്ന ഘട്ടത്തിൽ ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല അതിത്രമാത്രം വായിക്കപ്പെടുമെന്നോ ചർച്ച ചെയ്യപ്പെടുമെന്നോ നൂറു എഡിഷനുകളും കടന്നു പോകുമെന്നോ ഒക്കെ. മാത്രമല്ല, ഒരു അതിശയോക്തിപരമായ കൃതി എന്ന നിലയിൽ ആടുജീവിതം വായനക്കാർ തിരസ്കരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ ഒരു 'മൗത്ത് പബ്ലിസിറ്റി' എന്ന നിലയിലാണ് ആ പുസ്തകം കൂടുതൽ വായനക്കാരിലേക്കെത്തിയത്.
നോവൽ മുന്നോട്ട് വയ്ക്കുന്ന പ്രത്യാശ എന്ന ദർശനം കേരളീയ ജനതയെ ഏറെ ആകർഷിച്ചിട്ടിട്ടുണ്ട്. താനാണ് ഏറ്റവും ഹതഭാഗ്യവാനായ വ്യക്തി എന്നൊരു ചിന്ത ഭൂരിഭാഗം മലയാളികളുടെയും ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന ഒരവസരത്തിലാണ് ആടുജീവിതം ഇറങ്ങുന്നത്. തന്നെക്കാൾ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ഒരു വ്യക്തിയുടെ ജീവിതം നോവലിലൂടെ അറിയുമ്പോൾ ജീവിതത്തിലെ ഏതു പ്രയാസങ്ങളും അതിജീവിച്ചു മുന്നോട്ടു പോകാം എന്നൊരു പ്രത്യാശ വായനക്കാരനിൽ നിറയുന്നു.
മലയാളിയുടെ ജീവിതത്തെ നിർണയിക്കുന്ന ഗൾഫ് ജീവിതത്തിന്റെ വ്യത്യസ്തമായ ഒരേട് എന്ന നിലയിൽ പുതിയൊരു വായനാനുഭവം സാധ്യമാക്കിയത് കൊണ്ടായിരിക്കണം ആടുജീവിതം ഇത്രയും സ്വീകരിക്കപ്പെട്ടത്. എന്നിരുന്നാലും ജനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച കൃതി എന്നാണ് ഞാൻ ആടുജീവിതത്തെ വിശേഷിപ്പിക്കുന്നത്.
ബെന്യാമിന്‍റെ മാസ്റ്റര്‍പീസ്...
എല്ലാ എഴുത്തുകാരും ഒരു ഘട്ടത്തിൽ അഭിമുഖീകരിക്കുന്ന ഒരു പരിമിതിയാണ് മാസ്റ്റർപീസ് എന്ന് ഞാൻ കരുതുന്നു. അത് അറിയാതെ സംഭവിച്ചു പോകുന്നതാണ്. വായനക്കാരന് ഹൃദയം കൊണ്ട് അടുപ്പം തോന്നുന്ന ഒരു കൃതിയുടെ പേരിലായിരിക്കും ആ എഴുത്തുകാരൻ എല്ലാകാലവും അറിയപ്പെടുന്നത്. വായനക്കാരുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണ്.
എന്റെ കാര്യത്തിൽ, ഒരു വിഭാഗം വായനക്കാർ പറയുന്നത് ആടുജീവിതത്തെക്കാൾ ഇഷ്ടപ്പെട്ടത് മഞ്ഞവെയിൽ മരണങ്ങളാണെന്നാണ്. മറ്റൊരു വിഭാഗം പറയുന്നു അൽ-അറേബ്യൻ നോവൽ ഫാക്ടറിയും അക്കപ്പോരിന്റെ ഇരുപതു നസ്രാണി വർഷങ്ങളും ആടുജീവിതത്തെക്കാൾ മികച്ചു നിൽക്കുന്നുവെന്നാണ്. പൊതുസമൂഹം ഏറ്റെടുത്ത കൃതി എന്ന നിലയിൽ ആടുജീവിതം മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും ഏറെ പ്രയത്നിച്ചെഴുതിയ മറ്റു പല കൃതികളും ശ്രദ്ധിക്കപ്പെടാതിരിക്കാൻ മാസ്റ്റർപീസ് ഒരു കാരണമാകുന്നുണ്ട്. അതിൽ ദുഃഖവുമുണ്ട്.
പ്രവാസം രൂപപ്പെടുത്തിയ എഴുത്തുകാരന്‍...
ബെന്യാമിൻ എന്ന വ്യക്തിയേയും എഴുത്തുകാരനെയും രൂപപ്പെടുത്തിയത് പ്രവാസം തന്നെയാണ്. വിദ്യാഭ്യാസ കാലത്ത് വലിയ വായനയുടെ പിൻബലമൊന്നും ഇല്ലാതെ വളർന്ന എനിക്ക്, പ്രവാസകാലത്തുണ്ടായ ഒറ്റപ്പെടലും ഏകാന്തതയുമാണ് വായനയിലേക്കും എഴുത്തിലേക്കുമുള്ള വഴിത്തിരിവായത്. ലോകസാഹിത്യത്തിലെ ക്‌ളാസിക്കുകളുമായി പരിചയപ്പെടാൻ ഈ കാലഘട്ടത്തിൽ എനിക്ക് അവസരമുണ്ടായി. മനസിന്റെ അടിത്തട്ടില്‍ ഉറഞ്ഞു കിടന്ന വാക്കുകളെ പ്രവാസകാലഘട്ടത്തിലെ അനുഭവങ്ങള്‍ തുറന്നു വിട്ടു എന്നാണ് ഞാന്‍ കരുതുന്നത്.
എഴുത്തിലെ വെല്ലുവിളികള്‍...
എന്നെ സംബന്ധിച്ച്, എഴുത്തിനുള്ള വിഷയത്തിന് വേണ്ട ശൈലി രൂപീകരിക്കുന്നതാണ് ഏറ്റവും വെല്ലുവിളി നേരിടുന്ന ഘട്ടം. ആ മോള്‍ഡ് രൂപപ്പെട്ടു കഴിഞ്ഞാല്‍പിന്നെ അതിലേക്ക് ഒഴിക്കുന്ന വിഷയങ്ങളാണ് നോവലായി മാറുന്നത്. ഓരോ നോവലിലും വ്യത്യസ്തമായ മോള്‍ഡുകള്‍ ഉണ്ടാക്കുകയും അതിന്റെ ക്രിയേറ്റിവിറ്റിയുടെ സുഖം അനുഭവിക്കുകയും ചെയ്യുക എന്നതാണ് എഴുത്തിലെ വെല്ലുവിളിയും ആഹ്ളാദവും.
ചോദ്യങ്ങള്‍ ബാക്കിയാവുന്ന മഞ്ഞവെയില്‍ മരണങ്ങള്‍...
ഒരു നോവല്‍ പൂര്‍ണമായും നോവലിസ്റ്റ് തന്നെ പറഞ്ഞു തീര്‍ക്കണം എന്നില്ല. ഇടയ്ക്ക് വെച്ചു നോവലിസ്റ്റ് കഥ പറഞ്ഞു നിര്‍ത്തുകയും ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ട് എന്ന തോന്നല്‍ വായനക്കാരില്‍ ഉണ്ടാകുകയും അതവര്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോളാണ് വായനയുടെ തലം വിസ്തൃതമാകുന്നത്. മഞ്ഞവെയില്‍ മരണങ്ങളില്‍ അടുത്ത മൂന്നോ നാലോ അധ്യായങ്ങളില്‍ കൃത്യമായി പറഞ്ഞവസാനിപ്പിക്കാവുന്നത്, വായനക്കാരന്റെ ക്രിയേറ്റിവിറ്റിക്ക് വിട്ടുകൊടുക്കുകയാണ് ഞാന്‍ ചെയ്തത്.
ക്രിസ്റ്റി അന്ത്രപ്പേറിനു പിന്നെയെന്തു സംഭവിച്ചു, സെന്തിലിനെ കൊന്നതാരാണ്..തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ വായനക്കാരന്‍റെ മനസില്‍ ഇരുന്നു വിങ്ങുന്നതുകൊണ്ടാണ് ഇപ്പോഴും ആ കൃതി അവരുടെ മനസ്സില്‍ അവശേഷിക്കുന്നത്. അത് എഴുത്തിന്‍റെ ഒരു ശൈലിയായി ഒരു തന്ത്രമായി ഞാന്‍ സ്വീകരിച്ചിട്ടുള്ളതാണെന്ന് വേണമെങ്കില്‍ പറയാം.
വായനക്കാര്‍ കാത്തിരിക്കുന്ന പുതിയ നോവല്‍...
ശരീരശാസ്ത്രം എന്ന എന്‍റെ പുതിയ നോവല്‍ പറയുന്നത് കേരളത്തിലെ ആത്മീയകച്ചവടത്തെ കുറിച്ചാണ്. ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന ക്രിസ്തുവിനെ, പുതിയകാലത്തില്‍ ആര്‍ത്തിയുടെയും ധനസമ്പാദനത്തിന്‍റെയുമൊക്കെ മാര്‍ഗമായി മാറ്റുന്നതിനെയാണ് നോവല്‍ വിഷയമാക്കുന്നത്. ലോകത്തെവിടെയുമുള്ള വിശ്വാസധാരകള്‍ കേരളത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. അതില്‍ പുതിയതാണ് കരിസ്മാറ്റിക് സംഘങ്ങള്‍.
ഉണര്‍വുയോഗങ്ങള്‍, രോഗശാന്തി ശുശ്രൂഷകള്‍ എന്നൊക്കെ പറഞ്ഞു കേരളത്തിന്‍റെ ആത്മീയമണ്ഡലത്തെ മലീമസമാക്കുന്ന ഒരു കാലഘട്ടത്തില്‍ അതിന്‍റെയൊക്കെ കച്ചവടം എങ്ങനെ നടക്കുന്നു, മനുഷ്യമനസുകളെ അത് എങ്ങനെ സ്വാധീനിക്കുന്നു, അതിന്റെ വേരുകള്‍ എവിടെയൊക്കെ എന്നിങ്ങനെയുള്ള അന്വേഷണമാണ് ശരീരശാസ്ത്രം എന്ന പുതിയ നോവല്‍.
ആടുജീവിതം സിനിമയും പ്രിഥ്വിരാജിന്‍റെ നജീബും...
നോവല്‍ ഇറങ്ങിയ കാലം മുതല്‍ സിനിമാചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷത്തേക്ക് ചിത്രീകരണം ആരംഭിക്കും എന്ന ധാരണയിലാണ് എത്തിയിരിക്കുന്നത്. പ്രിഥ്വിരാജിന്‍റെ കയ്യില്‍ നജീബ് എത്രത്തോളം സേഫ് ആയിരിക്കും എന്ന അന്തിമമായ തീരുമാനം സംവിധായകന്‍റെയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയില്‍ സിനിമയില്‍ അദ്ദേഹത്തിന്‍റെ ഡെഡിക്കേഷന്‍ വലുതാണ്. നജീബിനെ അവതരിപ്പിക്കണമെങ്കില്‍ രൂപമാറ്റമടക്കമുള്ള കഷ്ടപ്പാടുകള്‍ സഹിക്കാന്‍ സന്മനസ്സുള്ള അഭിനേതാവ് ആവശ്യമാണ്. പ്രിഥ്വിരാജിന് അത് കഴിയുമെന്ന് മാത്രമല്ല, വളരെ ആവേശത്തോടെയാണ് അദ്ദേഹം ആ വേഷം സ്വീകരിച്ചത്. ഏതാണ്ട് ഒരു വര്‍ഷത്തെ ഡേറ്റാണ് ഈ സിനിമയ്ക്കായി മാത്രം അദ്ദേഹം മാറ്റിവെച്ചിരിക്കുന്നത്. അത് നിശ്ചയമായും സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ന്യൂജനറേഷന്‍ എഴുത്ത്, സോഷ്യല്‍ മീഡിയ, ട്രോള്‍ രാഷ്ട്രീയം...
പുതിയതലമുറ വളരെ ക്രിയേറ്റീവ് ആണ്. പുതിയ കാലത്ത് എഴുത്തും വായനയും മരിക്കുന്നു എന്ന് പറയുന്നതില്‍ വലിയ സത്യമില്ല. എഴുത്തിന്റെ കാര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ അവര്‍ ഉപയോഗപ്പെടുത്തുന്നു. വായനയുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ മാഗസിനുകളും ഇ-ബുക്കുകളും ഉപയോഗിക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയതലമുറ എഴുത്തിനെയും വായനയെയും നവീകരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
കുഞ്ചന്‍ നമ്പ്യാരുടെ പാരമ്പര്യമുള്ള നമുക്ക് എത്ര വലിയ അധികാരിയെയും ഫലിതം കൊണ്ടു മുട്ടുകുത്തിക്കുവാനുള്ള കഴിവുണ്ട്. വാട്ട്‌സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെയുള്ള ട്രോളുകള്‍ കാണുമ്പോള്‍, പുതിയ തലമുറ എത്രത്തോളം ക്രിയേറ്റീവ് ആയി ചിന്തിക്കുന്നു എന്നു മനസിലാകുന്നു. പണ്ട് നാടോടിക്കഥകളുടെ കാലത്ത് വാമൊഴിയായി പ്രചരിച്ചിരുന്ന കഥകള്‍ പോലെ ഇവയുടെ രചയിതാവ് അജ്ഞാതനാണ് എന്നത് കൗതുകകരമാണ്. ട്രോളുകള്‍ വലിയ ഒരു സാമൂഹികപ്രസക്തി കൂടി നിര്‍വഹിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അസഹിഷ്ണുത..എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍...
ഏകാധിപത്യം എല്ലാ കാലത്തും പല രൂപത്തില്‍ നമ്മുടെ രാജ്യത്ത് നിലനിന്നിട്ടുണ്ട്. എന്നാല്‍ എല്ലാ മനുഷരും ഏകാധിപത്യ സ്വഭാവം കാണിക്കുന്നു എന്നതാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ദോഷവും അപകടവും. തങ്ങളുടെ മതവും രാഷ്ട്രീയവും മാത്രമാണ് ശരി, എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുക എന്നതാണ് ഇവരുടെ രീതി. പല എഴുത്തുകാരും ചിന്തകരും കൊല്ലപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുരസ്കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നത് പോലെയുള്ള പ്രതിഷേധങ്ങള്‍ക്ക് എഴുത്തുകാര്‍ നിര്‍ബന്ധിതരായത്.
ആഭ്യന്തര കലാപങ്ങള്‍ നടക്കുന്ന രാജ്യങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാകും ഇവിടെയെല്ലാം ഏകാധിപത്യ പ്രവണതകളും വിശ്വാസധാരകളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് കലാപങ്ങള്‍ക്ക് കാരണമായതെന്ന്. ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്‍റെ അടിത്തറ. അതിളകാതെ സംരക്ഷിക്കാന്‍ നാമേവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്.
മോഹന്‍ലാലും പട്ടാളസ്നേഹവും വിവാദങ്ങള്‍...
മോഹന്‍ലാല്‍ എന്ന അനുഗ്രഹീത നടന്‍ തന്‍റെ ബ്ലോഗില്‍ കുറിച്ച നിരവധി കുറിപ്പുകളില്‍ ഒന്നായിരുന്നു രാജ്യസ്നേഹത്തെ കുറിച്ചുള്ളത്. അതിനു മറുപടിയായി ഞാന്‍ അന്നുമിന്നും പറയാനാഗ്രഹിക്കുന്നത് രാജ്യസ്നേഹമെന്നാല്‍ പട്ടാളസ്നേഹം മാത്രമല്ല എന്നാണ്. അത് കര്‍ഷകരെ സ്നേഹിക്കലും തൊഴിലാളികളെ സ്നേഹിക്കലും പൗരന്മാരെ സ്നേഹിക്കലും ഒക്കെ കൂടിയാണ്. പട്ടാളം മാത്രമാണ് രാജ്യം എന്ന് പറഞ്ഞിടത്ത് ഒരപകടമുണ്ടെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.
ഹിറ്റ്‌ലര്‍ മുതല്‍ സദ്ദാം ഹുസൈനും ഗദ്ദാഫിയും വരെ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട്, പട്ടാളം കൈയിലുണ്ടെന്നു വന്നപ്പോള്‍ ഏകാധിപതികളായി മാറിയവരാണ്. പട്ടാളം മഹത്വവത്കരിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും അപകടങ്ങള്‍ ദേശങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്ന ചരിത്രസത്യം ഓര്‍മിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്ത്. അതിനെ അടര്‍ത്തി മാറ്റി ഒരു വലിയ നടനെതിരെയുള്ള വിമര്‍ശനമായി ചിത്രീകരിച്ചതാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. ശ്രീ.മോഹന്‍ലാല്‍ സജീവമായി സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുന്ന വ്യക്തിയാണ്, അത്തരത്തില്‍ ഒരുപാടുപേരെ സ്വാധീനിക്കുന്ന ആളുമാണ്. അതുകൊണ്ട് പട്ടാളസ്നേഹമെന്ന ആ എഴുത്തിലുള്ള ഒരപകടം ചൂണ്ടിക്കാട്ടാനുള്ള സ്വാതന്ത്ര്യം ഞാന്‍ എടുത്തു എന്നു മാത്രമേയുള്ളൂ. അതിനി മറ്റൊരു വിവാദമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.
അര്‍ഹമായ പരിഗണന/പുരസ്കാരങ്ങള്‍ ലഭിക്കുന്നില്ല...
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആദ്യമായി സാഹിത്യഅക്കാദമി പുരസ്‌കാരം വരുന്നത് ആടുജീവിതത്തിനാണ് എന്നതുതന്നെ വലിയൊരു കാര്യമല്ലേ... കേരളീയസമൂഹം പല അവാര്‍ഡുകള്‍ കൊണ്ടെന്നെ അംഗീകരിച്ചിട്ടുണ്ടെന്നു ഞാന്‍ കരുതുന്നു. പത്മപ്രഭാ പുരസ്‌കാരം, സര്‍ക്കാരിന്റെ നോര്‍ക്ക പുരസ്‌കാരം തുടങ്ങിയവ ഉദാഹരണം. സര്‍ക്കാരുകള്‍ വേണ്ടവിധം പരിഗണിക്കുന്നില്ല എന്നൊരു പരാതി എനിക്കില്ല. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം തന്‍റെ കൃതി അവനാഗ്രഹിക്കുന്ന വിധത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ എഴുതാന്‍ കഴിയുക എന്നതാണ് ആത്മസംതൃപ്തി നല്‍കുന്നത്.
എഴുതിയതില്‍ ത്രില്ലടിപ്പിച്ച കൃതി...
ഇനിയും വരാന്‍ പോകുന്നതായിരിക്കും എന്‍റെ മികച്ച കൃതി എന്നൊരു സങ്കല്‍പ്പമാണ് പുതിയ രചനകള്‍ക്കുള്ള പ്രചോദനം. എഴുതിയ കൃതികളില്‍ സത്യസന്ധമായി വിലയിരുത്തിയാല്‍ ഏറ്റവും നിര്‍വൃതി ലഭിച്ചത് മഞ്ഞവെയില്‍മരണങ്ങളിലാണ്. കാരണം അതിന്റെ ഒരു ത്രില്ലര്‍ സ്വഭാവം, ബെന്യാമിന്‍ തന്നെ ഒരു കഥാപാത്രമായി വരുന്നത്, മറിയം സേവ പോലെ കേരളത്തില്‍ നിലവിലുള്ള നിഗൂഡ ആചാരങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍...ഇതുകൊണ്ടൊക്കെ എഴുതുമ്പോള്‍ വല്ലാതെ ത്രില്ലടിപ്പിച്ച ഒരു കൃതിയാണ് മഞ്ഞവെയില്‍മരണങ്ങള്‍...