Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഹി ഇരട്ടക്കൊലപാതകം: അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല

Babu Shamej

കണ്ണൂർ∙ മാഹി ഇരട്ടക്കൊലപാതകങ്ങൾ നടന്നതു രണ്ടു വ്യത്യസ്ത സംസ്ഥാനങ്ങളിലായത് അന്വേഷണത്തിനു തിരിച്ചടിയാകുന്നു. കൊലപാതകങ്ങൾ കഴിഞ്ഞു മൂന്നു ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രതികളെ പിടികൂടുന്ന കാര്യത്തിൽ പുതുച്ചേരി, കേരള പൊലീസിന്റെ പരസ്പര സഹകരണമാണ് ഇനി നിർണായകമാവുക. 

സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകം പുതുച്ചേരി സംസ്ഥാനത്തിനു കീഴിലെ മാഹിയിലാണെങ്കിലും പ്രതികൾ എത്തിയതു കണ്ണൂരിൽ നിന്നാണെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മാഹിയിലെത്തി കൊലപാതകം നടത്തി മടങ്ങിയ സംഘത്തെ കേരളത്തിലെത്തി പിടികൂടാൻ മാഹി പൊലീസിനു കേരള പൊലീസിന്റെ പൂർണ സഹായം വേണം. ആർഎസ്എസ് പ്രവർത്തകൻ കെ.പി.ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പൊലീസിനും സമാന വെല്ലുവിളിയുണ്ട്. മാഹിയിൽ നിന്നുള്ള ക്രിമിനൽ സംഘം കേരള അതിർത്തിയിലെത്തി കൊലപാതകം നടത്തി മടങ്ങിയ സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിയിട്ടില്ല. 

അന്വേഷണ ഉദ്യോഗസ്ഥരായ പുതുച്ചേരി എസ്എസ്പി അപൂർവ ഗുപ്തയും തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണും സിഐ കെ.ഇ.പ്രേമചന്ദ്രനും ഇന്നലെ തലശ്ശേരിയിൽ വീണ്ടും കൂടിക്കാഴ്ച നടത്തി. അന്വേഷണ പുരോഗതികൾ വിലയിരുത്തി. ലഭ്യമായ വിവരങ്ങൾ കൈമാറി.

അതേസമയം പുതുച്ചേരി പൊലീസിൽ വിശ്വാസമില്ലെന്ന് സിപിഎമ്മും കേരള പൊലീസിൽ വിശ്വാസമില്ലെന്നു ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി ഭരിക്കുന്നതു കോൺഗ്രസാണ്, ഗവർണർ ബിജെപി നോമിനിയും. ബാബുവിന്റെ കൊലപാതകത്തിൽ നീതിയുക്തമായ അന്വേഷണമുണ്ടാകില്ലെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു.എന്നാൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേരള പൊലീസ് യഥാർഥ പ്രതികളെ പിടികൂടില്ലെന്നാണു ബിജെപിയുടെ ആരോപണം.