Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെൺമണിയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് സംഘർഷം 6 പേർക്കു പരുക്ക്

rss-cpm വെൺമണിയിലെ സിപിഎം–ആർഎസ്എസ് സംഘർഷത്തിൽ പരുക്കേറ്റ ജില്ലാപഞ്ചായത്ത് അംഗം ജെബിൻ പി.വർഗീസ്, രാജേഷ് എന്നിവർ ആശുപത്രിയിൽ.

ചെങ്ങന്നൂർ ∙ വെൺമണിയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് സംഘർഷത്തിൽ 6 പേർക്കു പരുക്ക്. കല്ലേറിൽ കല്യാത്ര ഭുവനേശ്വരി ക്ഷേത്രത്തിനു കേടുപാടുണ്ടായി. ജില്ലാ പഞ്ചായത്തംഗം ജെബിൻ പി.വർഗീസ് (30), ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്യാംകുമാർ (45), സെൻസിലാൽ (33), ആർഎസ്എസ് പ്രവർത്തകരായ വെണ്മണി വേലന്തറയിൽ രാജേഷ് (36), പുല്ലേലിൽ അനൂപ് (31), സുരേഷ് ഭവനത്തിൽ സുരേഷ് (33) എന്നിവർക്കാണു പരുക്കേറ്റത്. രാജേഷിന്റെ പരുക്ക് ഗുരുതരമാണ്.

ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ ട്രഷറർ വെൺമണിത്താഴം പാടത്തു കിഴക്കേതിൽ സിബി ഏബ്രഹാമിന്റെ (38) വീട് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ടു ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തവരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിനിടെ സോഡാക്കുപ്പിയും തൂക്കുകട്ടകളും കല്ലും വലിച്ചെറിഞ്ഞു. കല്ലേറിൽ ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിന്റെ ചില്ല് തകർന്നു. അലങ്കാരഗോപുരത്തിനു കേടുപാടുണ്ടായി.

വെണ്മണി പടിഞ്ഞാറ് 85, കിഴക്ക് 89 നമ്പർ കരയോഗങ്ങളുടെ ഉടമസ്ഥതയിലാണു ഭുവനേശ്വരി ക്ഷേത്രം. സംഭവത്തിൽ സിപിഎമ്മും സംയുക്ത കരയോഗസമിതിയും പഞ്ചായത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തു.

അതിനിടെ സിബിയുടെ വീടാക്രമിച്ച കേസിൽ രണ്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റിലായി. താഴത്തമ്പലം മനോജ് ഭവനത്തിൽ മനോജ് (29), വെൺമണിത്താഴം കുന്നുതറയിൽ സുനിൽ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2 മാസങ്ങൾക്കു മുൻപ് മനോജിന്റെയും സുനിലിന്റെയും വീടുകൾ ആക്രമിച്ച കേസിൽ പ്രതിയാണു സിബി. ഇയാൾ ഒളിവിലായിരുന്നെന്നും ഇന്നലെ ജാമ്യം നേടി എത്തിയതിനെ തുടർന്നു പ്രതികൾ പ്രത്യാക്രമണം നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.