ഡൽഹി കേരള ഹൗസിൽ ചട്ടം പറന്നു; വിരമിക്കുന്നതിന് മുൻപേ ഇടതുനേതാവ് കൺട്രോളർ പദവിയിലേക്ക്
Mail This Article
തിരുവനന്തപുരം∙ ചട്ടവിരുദ്ധ നിയമനത്തിനെതിരായ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെ ഡൽഹി കേരള ഹൗസിലെ എൻജിഒ യൂണിയൻ നേതാവും ഫ്രന്റ് ഓഫിസ് മാനേജരുമായ കെ.എം.പ്രകാശനെ കൺട്രോളറായി നിയമിച്ചുള്ള വിവാദ ഉത്തരവ് തയാറായെന്നു വിവരം. പ്രകാശൻ ഈ മാസം 30നു വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റത്തിന്റെ പല തട്ടുകൾ ഒറ്റയടിക്കു മറികടന്നുള്ള നിയമനം. സ്ഥാനക്കയറ്റത്തിനു തസ്തികകൾ വേണമെന്ന കേരള ഹൗസ് ജീവനക്കാരുടെ നിവേദനത്തിന്റെ മറപിടിച്ചാണു നീക്കം തുടങ്ങിയത്.
ഫ്രന്റ് ഓഫിസ് മാനേജർ തസ്തികയിലുള്ളവരെ സ്ഥാനക്കയറ്റത്തിലൂടെ കൺട്രോളറായി നിയമിക്കാമെന്നു ഫെബ്രുവരി ഒന്നിനു സർക്കാർ ഉത്തരവിട്ടു. ഫ്രന്റ് ഓഫിസ് മാനേജരുടേത് സീനിയർ ഗ്രേഡ് അസിസ്റ്റന്റ് റാങ്കാണ്. അസി.സെക്‌ഷൻ ഓഫിസർ, സെക്‌ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി എന്നീ സ്ഥാനക്കയറ്റങ്ങൾക്കു ശേഷമേ സ്വാഭാവികമായി കൺട്രോളറായി നിയമിക്കേണ്ട ഡപ്യൂട്ടി സെക്രട്ടറി റാങ്കിലെത്തൂ എന്നിരിക്കെയാണു മാനദണ്ഡം മാറ്റിയത്. ധനവകുപ്പ് ഇക്കാര്യത്തിൽ എതിർപ്പറിയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. തുടർന്ന് ആദ്യം സ്ഥാനക്കയറ്റവും പിന്നാലെ കേരള ഹൗസിലെ കൺട്രോളർ തസ്തികയും നൽകുകയായിരുന്നു.