Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിന്? സർക്കാരിനോട് ഹൈക്കോടതി

cochin-high-court

കൊച്ചി ∙ സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനെന്ന് സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി. കേന്ദ്രചട്ടമനുസരിച്ച് ഡിജിപി തസ്തികയിൽ ഇത്രയും പേരെ നിയമിക്കാനാകുമോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. ഇത്രയും ഡിജിപിമാർ ഉണ്ടായിട്ടും വിജിലൻസ് ഡയറക്ടറുടെ ചുമതല ആർക്കും കൈമാറാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ശങ്കർ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണക്കുകയായിരുന്നു ഹൈക്കോടതി.

സംസ്ഥാനത്ത് ഡിജിപി തസ്തികയിൽ രണ്ടു കേഡർ സ്ഥാനങ്ങളും രണ്ട് എക്സ് കേഡർ സ്ഥാനങ്ങളുമാണുള്ളതെന്ന് സർക്കാർ മറുപടി നൽകി. ഈ നാലു സ്ഥാനങ്ങൾക്കു പുറമെ ഡിജിപി റാങ്കിലുള്ള എട്ട് പൊലീസ് ഉദ്യോഗസ്ഥർ കൂടി ഇപ്പോൾ സർവീസിലുണ്ട്. േകഡർ, എക്സ് കേഡർ തസ്തികയിൽ ഉള്ളവർക്കല്ലാതെ മറ്റാർക്കും കേന്ദ്രചട്ടപ്രകാരം ശമ്പളം നൽകുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

കേഡർ, എക്സ് കേഡർ സ്ഥാനങ്ങളിലുള്ള നാലു ഡിജിപിമാർക്കു പുറമെ മറ്റു നാലുപേരെക്കൂടി യുഡിഎഫ് സർക്കാർ ഡ‍ിജിപി സ്ഥാനത്ത് നിയമിച്ചിരുന്നു. ഇതിനു പിന്നാലെ എൽഡിഎഫ് സർക്കാരും നാല് ഉദ്യോഗസ്ഥർക്കു ഡിജിപി റാങ്ക് നൽകി. ആർ. ശ്രീലേഖ, ടോമിൻ തച്ചങ്കരി, അരുൺകുമാർ സിൻഹ, സുധേഷ് കുമാർ എന്നിവർക്കാണ് എൽഡിഎഫ് സർക്കാർ ഡിജിപി റാങ്ക് നൽകിയത്. കേരളത്തില്‍ ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിതയാണ് ശ്രീലേഖ.

related stories