നൈനിറ്റാൾ – എംടിയുടെ മഞ്ഞ് എന്ന നോവലിലൂടെ മലയാളിയുടെ മനസ്സിലെ പ്രണയത്തിന്റെ അടയാളമായി മാറിയ നാട്. മഞ്ഞ് മൂടിയ കുന്നിറങ്ങി, തടാകക്കരയിലൂടെ വിമലയുടെയും ബുദ്ദുവിന്റെയും കൂടെ നടന്നിട്ടുള്ളവരാണ് ഓരോ വായനക്കാരും. അതുതന്നെയാണ് നൈനിറ്റാളുൾപ്പെട്ട ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഭാവം. മഞ്ഞിന്റെ, പ്രണയത്തിന്റെ, ഹിമാലയ സാഹസികതയുടെ, വസന്തത്തിന്റെ...അങ്ങനെ വന്നെത്തുന്നവനെ തന്നിലേക്ക് ചേർത്തുപിടിക്കുന്ന പ്രകൃതിയുടെ ഭാവം.
വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഡെറാഡൂണാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനം. പല നാടുകളിൽ നിന്നെത്തി നഗരത്തിൽ വേരുറപ്പിച്ചവരാണ് അധികവും. അതിൽ മലയാളികളുമുണ്ട്. ‘‘ജീവിക്കാൻ നല്ല സുഖമുള്ള നാടാണ്. തമ്മിൽ തല്ലോ അനാവശ്യ ഇടപെടലുകളോ ഒന്നുമില്ല. എല്ലാ സൗകര്യങ്ങളുമുണ്ട്. പോരാത്തതിന് നല്ല കാലാവസ്ഥയും’’– എംടെക് പഠിക്കാനായി ഡെറാഡൂണിലേക്ക് വണ്ടി കയറി, ഒടുക്കം ആ നാടിനോട് പ്രണയത്തിലായ കോട്ടയം സ്വദേശി ഫൊട്ടോഗ്രഫർ അർജുൻ തോമസ് പറയുന്നു. പല സംസ്കാരങ്ങൾ ഇഴുകിച്ചേരുന്നിടമായതു കൊണ്ടു തന്നെ ഭക്ഷണകാര്യവും വസ്ത്രരീതിയുമെല്ലാം അൽപം മോഡേണാണ്. പട്ടാളകേന്ദ്രങ്ങളുള്ളതുകൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തിലും ഏറെ മുൻപിൽ. ഏതു പാതിരാത്രിയും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഇറങ്ങി നടക്കാം.
ഭക്ഷണകാര്യത്തിനൊരു സവിശേഷതയുണ്ട്. ഒട്ടുമിക്ക വിഭവങ്ങളിലും ഉരുളക്കിഴങ്ങ് കാണും. തണുത്ത കാലാവസ്ഥയിൽ ശരീരത്തിന്റെ താപനില നോർമലാക്കാൻ ഇതു സഹായിക്കുമെന്ന് നാട്ടുകാർ. പരമ്പരാഗത വിഭവങ്ങളിലെല്ലാം ഉരുളക്കിഴങ്ങാണ് താരം. ആലൂ പറാത്ത, സവാള സ്റ്റഫ് ചെയ്ത പ്യാസ് പറാത്ത എന്നിങ്ങനെ പറാത്തയുടെ വറൈറ്റികളുണ്ട്. ഹിമാലയൻ മലനിരകളിലേക്കടുക്കും തോറും മോമോസും മാഗിയും രംഗം കീഴടക്കും.
എന്നാൽ ഡെറാഡൂണിൽ നിന്ന് പത്ത് മുപ്പത് കിലോമീറ്റർ ഉള്ളിലേക്കു പോകുന്നതോടെ നഗരത്തിന്റെ മേലാപ്പ് അഴിഞ്ഞുവീഴുന്നത് കാണാം. ബിദോലി പോലുള്ള ഗ്രാമങ്ങളിലെത്തിയാൽ പിന്നീടങ്ങോട്ട് ജീവിതം ‘പഹാഡി’ ൈസ്റ്റലാണ്. മലനിരകളിൽ താമസിക്കുന്ന ഗ്രാമീണരാണ് പഹാഡികൾ എന്നറിയപ്പെടുന്നത്. ഹിന്ദി സംസാരിക്കുമെങ്കിലും ഇവർക്ക് സ്വന്തമായി വേറെ ഭാഷയുണ്ട്. ആടിനെയും പശുക്കളെയും വളർത്തി, പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർ. രാഷ്ട്രീയവും സാങ്കേതികവിദ്യയും ഒരു പരിധിവിട്ട് ഇവർക്കിടയിലേക്ക് വേരൂന്നിയിട്ടില്ല. പേരിന് സർക്കാർ സ്കൂളുകളുണ്ടെങ്കിലും കുട്ടികളൊക്കെ നല്ല ജോളിയായി കാടും മലയും കേറി നടക്കും. സ്ത്രീകൾ പരമ്പരാഗത വേഷമണിയാൻ താത്പര്യപ്പെടുന്നവരാണ്. അത്രയെളുപ്പം കൂട്ടു കൂടുന്നവരല്ല നാട്ടുകാർ. പരിചിതമാവുന്നത് വരെ നോട്ടത്തിൽ സംശയം നിഴലിച്ചു നിൽക്കും.
സിവിൽ സർവീസുകാരെ ഒരുക്കിയെടുക്കുന്ന മുസൂറി, വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാൾ, തീർഥാടന കേന്ദ്രങ്ങളായ ഋഷികേഷ്, ബദ്രിനാഥ്...ഉത്തരാഖണ്ഡിന്റെ ജീവിതശൈലിയെ ഒരു ഫ്രെയ്മിലൊതുക്കാനാവില്ല. അത് എപ്പോഴും സാമ്പത്തിക നിലവാരത്തിന്റെ മാത്രം വിഷയമല്ല, സാംസ്കാരികം കൂടിയാണ്. നൂറ്റാണ്ടുകളായി കൈമാറിക്കിട്ടിയ രീതികളെ ‘ട്രെൻഡിന്റെ’ കടന്നുകയറ്റത്തിന് വിട്ടുകൊടുക്കാതിരിക്കാൻ ഈ ഗ്രാമങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നു. നഗരത്തിന് പിന്നെ അങ്ങനെ ഇന്നലെയുടെ കണക്കുകളൊന്നുമില്ലല്ലോ.