മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണ കമ്പനിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 1945 ൽ ലുധിയാനയിൽ മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലാണ് ഈ വാഹന നിർമ്മാണ സ്ഥാപനം തുടങ്ങിയത്. ഇന്ത്യാവിഭജനത്തെ തുടർന്ന് ഗുലാം മുഹമ്മദ് പാകിസ്താനിലേക്ക് പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടർന്നാണ് 1948 ൽ ഈ സ്ഥാപനത്തിന്റെ പേര് മഹീന്ദ്ര & മുഹമ്മദ് എന്നതിൽ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്. ഇന്ത്യയിലെ വില്ലി ജീപ്പിന്റെ ലൈസൻസിൽ വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ് മഹീന്ദ്ര വാഹന നിർമാണത്തിലേക്ക് കടന്നത്. പിന്നീട് സ്ഥാപനം വ്യാപാരാവശ്യത്തിനുള്ള ലഘു വാഹനങ്ങളൂം (Light Commercial Vehicles) കാർഷികാവശ്യത്തിനുള്ള ട്രാക്ടറുകളും നിർമിച്ചു തുടങ്ങി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളിലൊന്നാണ് മഹീന്ദ്ര. കൂടാതെ സ്‌പോർട്ട്സ് യൂറ്റിലിറ്റി വാഹനനിർമ്മാതാക്കാളിൽ ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന സ്ഥാപനമാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്.