കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസിന്റെ തേരോട്ടം. ദക്ഷിണേന്ത്യയിൽ ബിജെപി അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമാണ് കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചരണം നടത്തിയെങ്കിലും തുടർഭരണം നൽകില്ല എന്ന ചരിത്രം തിരത്താൻ കഴിയാതെ ബിജെപി വൻ പരാജയത്തിലേക്ക് കൂപ്പുകുത്തി. എക്സിറ്റ് പോളിൽ പ്രതീക്ഷ അർപ്പിച്ച് ‘കിങ്മേക്കറാ’കാൻ കാത്തിരുന്ന ജെഡിഎസിനും കാലിടറി. 224 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135, ബിജെപി 66, ജെഡിഎസ് 19 എന്നിങ്ങനെയാണ് വിജയിച്ചത്. 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 104 സീറ്റായിരുന്നു. അന്ന് 37 സീറ്റ് നേടിയ ജെഡിഎസും 80 സീറ്റ് നേടിയ കോൺഗ്രസും ചേർന്ന് സര്‍ക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം സഖ്യസർക്കാരിലെ 17 എംഎൽഎമാർ രാജിവച്ചതോടെയാണ് ബിജെപി അധികാരം നേടുന്നത്.