സ്വതന്ത്ര ഇന്ത്യയുടെ പതിനാലാം പ്രധാനമന്ത്രിയും ഭാരതീയ ജനത പാർട്ടി (ബിജെപി)യുടെ ഉന്നത നേതാവുമാണ് നരേന്ദ്ര ദാമോർദാസ് മോദി എന്ന നരേന്ദ്ര മോദി. 2014 ൽ 336 സീറ്റുകളുടെ ചരിത്രവിജയം നേടി എൻഡിഎ. ഇന്ദ്രപ്രസ്ഥത്തിലേക്ക് മോദിയുടെ കടന്നുവരവ്. മേയ് 26നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ. 2019ൽ ചരിത്ര വിജയം ആവർത്തിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലേറ്റുന്നു. മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി.
1950 സെപ്റ്റംബർ 17 ന് ഗുജറാത്തിലെ മെഹ്സാനയിൽ ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളിൽ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛന്റെ ഉപജീവനമാർഗം. 1967ൽ വടനഗറിലെ സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസം. ‘സാധാരണ വിദ്യാർഥി, അസാധാരണ സംവാദകൻ’– മോദിയെപ്പറ്റി അധ്യാപകന്റെ വിലയിരുത്തൽ. 1968ൽ യശോദ ബെന്നുമായി വീട്ടുകാർ നടത്തിയ വിവാഹത്തോടു യോജിക്കാതെ മോദി വീടുവിട്ടിറങ്ങുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് യാത്ര. സന്യാസിയാകാൻ ലക്ഷ്യം. വിവേകാനന്ദ മിഷൻ ആസ്ഥാനമായ ബേലൂർ മഠത്തിൽ എത്തിയെങ്കിലും പ്രവേശനം ലഭിച്ചില്ല.
1971ൽ ലക്ഷ്മൺറാവു ഇമാംദാറുമായി വീണ്ടും പരിചയം പുതുക്കൽ. ആർഎസ്എസ്സിന്റെ മുഴുവൻ സമയപ്രവർത്തകനായി. 1978ൽ ഡൽഹി സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിഎ. 5 വർഷങ്ങൾക്കു ശേഷം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് എംഎ വിദ്യാഭ്യാസം നേടി. 1987-90 കാലയളവിൽ ബിജെപിയിൽ അംഗത്വമെടുക്കുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശനം. ഗുജറാത്ത്
ബിജെപിയുടെ ജനറൽ സെക്രട്ടറിയായി ഉയർച്ച. 1995ൽ ബിജെപി ഗുജറാത്തിൽ അധികാരത്തിലേക്ക്. കേശുഭായ് പട്ടേൽ മുഖ്യമന്ത്രി. നരേന്ദ്രമോദി ബിജെപിയുടെ ദേശീയ സെക്രട്ടറിയായി. 2001ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഒക്ടോബർ 7നു മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2002ൽ ഗുജറാത്ത് കലാപം.
രാജ്യാന്തരശ്രദ്ധ നേടിയ സംഭവം മോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. എങ്കിലും തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വൻവിജയം.ഗുജറാത്തിന്റെ വികസനം മുൻനിർത്തിയുള്ള പദ്ധതികൾ വികസന നായകൻ എന്ന ഇമേജ് മോദിക്കു സൃഷ്ടിക്കുന്നു. വികസനത്തിന്റെ ഗുജറാത്ത് മോഡൽ പിന്നീടുള്ള യാത്രയിൽ മോദിക്ക് ഇന്ധനമാകുന്നു.