ടാസ്മാനിയൻ ഡെവിൾ
മാർസൂപ്പിയൽസിലെ മാംസഭുക്കുകളിൽ ഏറ്റവും വലുപ്പമുള്ളവയാണ് ടാസ്മാനിയൻ ഡെവിൾ എന്നറിയപ്പെടുന്ന ജീവിവർഗം. ഒരു പട്ടികുട്ടിയുടെ വലുപ്പം മാത്രമേയുള്ളൂ. നല്ല കറുത്ത രോമാവൃതമായ ശരീരം. മനുഷ്യർക്കോ കൃഷിക്കോ ഭീഷണിയല്ലെങ്കിലും അക്രമാസക്തരാണ്. താടിയെല്ലുകൾക്ക് നല്ല ബലമുള്ളതിനാൽ ഒരു കടിക്കു തന്നെ ഇരയെ നന്നായി മുറിവേൽപ്പിക്കാനാകും. പണ്ട് ഓസ്‌ട്രേലിയയിൽ എത്തിയ യൂറോപ്യൻ കുടിയേറ്റക്കാർ ഈ ജീവികളുടെ രൂപവും ശബ്ദവും കണ്ടു പേടിക്കുന്നതു പതിവായിരുന്നു. ഇവരാണ് ചെകുത്താൻ എന്നർഥമുള്ള 'ഡെവിൾ' എന്ന പേര് നൽകിയത്.