ഹെർണിയ
Hernia

വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ദൗർബല്യം സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായ അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നതാണ് ഹെർണിയ അഥവാ കുടലിറക്കം. ഭാരം ഉയർത്തുമ്പോഴും ചുമയ്ക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴുമൊക്കെ ഹെർണിയ ഉള്ള ഭാഗത്ത് വേദനയും വീക്കവും അനുഭവപ്പെടും. 10–15% പേർക്ക് ഹെർണിയ ബാധിക്കുന്നുണ്ട്. വയറിന്റെ പേശീ ദൗർബല്യം ഉള്ള ഭാഗത്ത് ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മുഴ സാവധാനം വലുതാകുന്നതും ആദ്യഘട്ടത്തിൽ വേദന ഇല്ലാത്തതുമായിരിക്കും. പക്ഷേ, പിന്നീട് തുടർച്ചയായി നിൽക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങും. ഹെർണിയ പുറത്തേക്ക് തള്ളി വരുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെങ്കിലും കിടക്കുമ്പോഴും കൈ കൊണ്ട് പതുക്കെ അമർത്തുമ്പോഴും മുഴ ഉള്ളിലേക്ക് പോകും. ഏറ്റവും സാധാരണയായി കാണുന്ന ഹെർണിയ നാഭി പ്രദേശത്തുള്ളതാണ്. ഇൻഗ്വയ്‌നൽ ഹെർണിയ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ അസുഖം ആണുങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. കാരണം വൃഷണ സഞ്ചിയിലേക്ക് വൃഷണം ഇറങ്ങിവരുന്ന സ്ഥലത്തെ ബലംകുറഞ്ഞ ഭാഗത്തുകൂടിയാണ് ഇത് വരുന്നത്. ഇതുകൂടാതെ പൊക്കിൾ ഭാഗത്ത് കാണുന്ന അംബിലിക്കൽ ഹെർണിയ, പൊക്കിളിന്റെ മുകൾ ഭാഗത്ത് കാണുന്ന എപ്പിഗാസ്ട്രിക്ക് ഹെർണിയ, മേജർ ശസ്ത്രക്രിയയ്ക്കുശേഷം വരുന്ന ഇൻസിഷണൽ ഹെർണിയ തുടങ്ങിയ തരം കുടലിറക്കങ്ങളും വയറിന്റെ പലഭാഗത്തായി കാണപ്പെടുന്നു.