ടോൺസിലൈറ്റിസ്
കുട്ടികളിലും മുതിർന്നവരിലും സർവസാധാരണമായി കാണുന്ന ഒന്നാണ് ടോൺസിലൈറ്റിസ്. ടോൺസിലുകളും ചേർന്നുള്ള ലസിക കലകളിലുമുണ്ടാകുന്ന എല്ലാ ബാക്ടീരിയൽ - വൈറൽ ബാധകളെയും ടോൺസിലൈറ്റിസ് എന്നു പറയുന്നു. രോഗാണുബാധയെ തുടർന്ന് ടോൺസിലുകൾ ചുവന്നു വീർക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകൾ പ്രതലത്തിൽ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഏത് ടോൺസിലിനാണ് അണുബാധയുണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗത്തിന്റെ സങ്കീർണാവസ്ഥയും വ്യത്യസ്തമാകുന്നു. നമ്മുടെ ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോൾ രോഗം എളുപ്പം പിടിപെടുന്നു.