പരസ്യ നിർമാതാവായി കലാജീവിതം തുടങ്ങിയ ആഷിഖ് അബു മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ്. ദീർഘകാലം കമലിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2009 -ൽ ഡാഡികൂൾ എന്ന ചിത്രത്തിലൂടെയാണ് ആഷിഖ് അബു സ്വതന്ത്ര സംവിധായകനാകുന്നത്. 2011 -ൽ പുറത്തിറങ്ങിയ സാൾട്ട് ആൻഡ് പെപ്പർ, 2012 ലെ 22 ഫീമെയിൽ കോട്ടയം എന്നീ സിനിമകൾ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ജനശ്രദ്ധയാകർഷിച്ചു. ഈ സിനിമകൾ ആ വർഷത്തെ മികച്ച വാണിജ്യവിജയം സ്വന്തമാക്കിയ സിനിമകൾ കൂടിയായി. ഇത് അദ്ദേഹത്തെ മുൻനിര സംവിധായകരുടെ പട്ടികയിലെത്തിച്ചു. സംവിധാനം കൂടാതെ സിനിമ നിർമാതാവ്, വിതരണക്കാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഡാ തടിയാ, അന്നയും റസ്സൂലും, ഗൗരി, ഇടുക്കി ഗോൾഡ്, ഗ്യാങ്സ്റ്റർ, റാണി പദ്മിനി, മായാനദി, വൈറസ്, നാരദൻ, നീലവെളിച്ചം തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനാണ്. പപ്പായ മീഡിയ ഡിസെയ്ൻ പ്രൈ. ലി. എന്ന പേരിലുള്ള ഒരു പരസ്യനിർമാണ സ്ഥാപനത്തിന്റെ മേധാവി കൂടിയാണ് ആഷിഖ് അബു. 2013 നവംബർ 1 -ന് അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിങ്കലിനെ ആഷിഖ് അബു തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു. കാക്കനാട് റജിസ്ട്രാർ ഓഫിസിൽ വച്ച് ലളിതമായായിരുന്നു വിവാഹം. ഭാര്യ റിമ കല്ലിങ്കലും ചേർന്ന് "അതെന്റെ ഹൃദയമായിരുന്നു : പ്രണയമൊഴികൾ എന്ന പേരിൽ പുസ്തകം എഴുതിയിട്ടുണ്ട്. 2011 ൽ സാള്‍ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയ്ക്ക് മികച്ച ജനപ്രീതിയുള്ള ചിത്രം എന്ന വിഭാഗത്തിൽ കേരളസംസ്ഥാന അവാര്‍ഡ് ലഭിച്ചു.