മണിപ്പൂർ കലാപം
Manipur Violence

മെയ്തേയ് , കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിന് 2023 മെയ് 3 നാണ് തുടക്കം കുറിച്ചത്.   മെയ്തേയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. കേന്ദ്രമന്ത്രിയുടേതുൾപ്പെടെയുളള വീടുകൾ തീവയ്ക്കുകയും അക്രമം ശക്തമാകുകയും ചെയ്തതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായെങ്കിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തോട് ബിജെപി മുഖംതിരിച്ചു നിൽക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ യാത്ര ദേശീയതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. 140ല്‍ അധികം മരണമാണ് കലാപവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5000ത്തിൽ അധികം തീവെയ്പ്പ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40,000ത്തോളം പേർ പലായനം ചെയ്തു. 

രണ്ടു യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായുള്ള വാർത്ത പുറത്തുവന്നതോടെ മണിപ്പൂർ അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. രണ്ടു മാസത്തോളമായി തുടരുന്ന കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പരസ്യ പ്രതികരണം നടത്തിയതും ഇതോടെയാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തോടു മുന്നോടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂരിലെ സംഭവവികാസങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തുമെന്ന് ബിജെപി അറിയിച്ചെങ്കിലും പ്രധാനമന്ത്രി നേരിട്ടു തന്നെ പ്രസ്താവന നടത്തണമെന്ന നിലപാടിലാണ് ‌സംയുക്ത പ്രതിപക്ഷ കക്ഷികൾ.