പി കൃഷ്ണപിള്ള
കമ്യൂണിസ്റ്റ് നേതാവും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 വൈക്കം,കോട്ടയം - മ. ഓഗസ്റ്റ് 19, 1948 മുഹമ്മ,ആലപ്പുഴ). കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കിടയിൽ "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിലെ ഒരു ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യുടെ കേരളഘടകത്തിന് രൂപം നൽകുകയും നേതൃനിരയിലെത്തുകയും ചെയ്തു. 42 -ാം വയസ്സിൽ അന്തരിച്ച അദ്ദേഹം കേരളം കണ്ട മികച്ച സംഘാടകരിൽ ഒരാളായിരുന്നു.