സമൂഹമാധ്യമങ്ങളിൽ ബിനീഷ് കോടിയേരി സ്വയം വിശേഷിപ്പിക്കുന്നത്: ‘അഭിനേതാവ്, ക്രിക്കറ്റ് കളിക്കാരൻ, ബിസിനസ് മാൻ, മാനവികവാദി, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ’. ഏറെ വിവാദങ്ങളും കേസുകളും നിറഞ്ഞ ജീവിതമാണു ബിനീഷിന്റേത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും വിദേശത്തെ മലയാളിയുടെ കമ്പനിയിൽ വൈസ് പ്രസിഡന്റ് പദവിയും മികച്ച ശമ്പളവും നേടി. പക്ഷേ, മിക്കവാറും സമയം കേരളത്തിൽ തന്നെയായിരുന്നു. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു പലവട്ടം ആരോപണമുയർന്നു.
ബിനീഷ് എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണു കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്കു മാറ്റുന്നത്. തുടർപഠനവും കോളജ് വിദ്യാഭ്യാസവും തിരുവനന്തപുരത്ത്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. വിദ്യാർഥി സമരങ്ങളിൽ മുൻനിരക്കാരൻ. പാർട്ടി സമ്മേളനങ്ങളിലും പാർട്ടി കോൺഗ്രസിലും പങ്കെടുക്കും.
തലശ്ശേരിയിലെത്തുമ്പോൾ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൽ കളി. പിന്നീട് ബികെ55 എന്ന പേരിൽ ക്രിക്കറ്റ് ക്ലബ് ഉണ്ടാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണുനട്ടുള്ള ആസൂത്രണവും നടത്തിയിരുന്നു. 2018ൽ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് കെസിഎ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. 2005 മുതൽ സിനിമാരംഗത്ത്. അരങ്ങേറ്റം ഫൈവ് ഫിംഗേഴ്സ്. തുടർന്ന് ബൽറാം വേഴ്സസ് താരാദാസ്, ലയൺ, കുരുക്ഷേത്ര, ഏയ്ഞ്ചൽ ജോൺ... സിനിമാ മേഖലയിൽ രൂപീകരിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടീമിൽ ബാറ്റ്സ്മാനായി. ‘അമ്മ’ സംഘടനയിൽ അംഗം.
മൂത്ത സഹോദരൻ ബിനോയിയെക്കാൾ വാർത്തകളിൽ നിറഞ്ഞതും ബിനീഷ്. 2001മുതലാണ് ജനം ഈ പേർ കേട്ടുതുടങ്ങുന്നത് എ.കെ. ആന്റണി സർക്കാർ അധികാരമേറ്റതിനു പിന്നാലെ തലസ്ഥാനത്തു നടന്ന ഒട്ടേറെ എസ്എഫ്ഐ സമരങ്ങളിൽ മുൻനിരയിൽ.
മാർ ഇവാനിയോസ് കോളജിലും ലോ കോളജിലും ആയിരുന്നു പഠനമെങ്കിലും എപ്പോഴും എസ്എഫ്ഐയുടെ തട്ടകമായ യൂണിവേഴ്സിറ്റി കോളജും ഗവ. ആർട്സ് കോളജും ആയിരുന്നു താവളം. 2001ലെ വിദ്യാഭ്യാസ സമരത്തിന്റെ ഭാഗമായി പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞതിനും 2003ൽ നന്ദാവനം എആർ ക്യാംപിൽ 4 പൊലീസുകാരെ ആക്രമിച്ചു വിദ്യാർഥികളെ മോചിപ്പിച്ചതിനും കേസെടുത്തിരുന്നെങ്കിലും കോടിയേരി ആഭ്യന്തര മന്ത്രിയായെത്തിയപ്പോൾ പിൻവലിച്ചു. വിദ്യാർഥി സമരത്തിനിടെ അറസ്റ്റ് ചെയ്തപ്പോൾ, കോടിയേരി എത്തിയാണ് ഒരിക്കൽ പൊലീസ് ജീപ്പിൽ നിന്നു പിടിച്ചിറക്കി മോചിപ്പിച്ചത്.