കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവാണ് സിപിഐ (എം) കേന്ദ്ര കമ്മറ്റി അംഗമായിട്ടുള്ള ഇ.പി. ജയരാജൻ. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഐ (എം) കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1997-ൽ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും 2016-ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[1] 2016 മേയ് 25-ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാൽ ബന്ധുനിയമന വിവാദത്തേത്തുടർന്ന് 2016 ഒക്ടോബർ 14-ന് ഇദ്ദേഹം മന്ത്രിപദം രാജി വെച്ചു. എന്നാൽ ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്നു സർക്കാർ കഴിഞ്ഞവർഷം സെപ്റ്റംബർ 26നു.ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നാണു വിശദീകരണം. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെയാണു ജയരാജന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്.