കെഎസ്എഫിലൂടെ രാഷ്‌ട്രീയം പഠിച്ച്, എംഎൽഎയും മന്ത്രിയും സിപിഎം സംസ്‌ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും പിന്നീട് കേരള മുഖ്യമന്ത്രി സ്ഥാനത്തും വരെ എത്തിയ കരുത്തുറ്റ കമ്യൂണിസ്‌റ്റ് നേതാവാണ് പിണറായി വിജയൻ. കോരന്റെയും കല്യാണിയുടെയും മകനായി 1945ൽ മേയ് 24നാണ് പിണറായി വിജയൻ ജനിച്ചത്.
ശാരദാ വിലാസം എൽപി സ്‌കൂളിലും പെരളശ്ശേരി ഗവ. ഹൈസ്‌കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.
1964ൽ കെഎസ്‌എഫ് സംസ്‌ഥാന കമ്മിറ്റിയംഗമായി. വിദ്യാർഥി രാഷ്‌ട്രീയത്തിൽ നിന്ന് യുവജന പ്രസ്‌ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസ്‌എഫ് സംസ്‌ഥാന സെക്രട്ടറിയായി. 1967ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി. 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1972ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1998 സെപ്‌റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. അതിനുശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്‌റ്റേറ്റ് കോൺഫറൻസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു പൊളിറ്റ് ബ്യൂറോ അംഗവുമായി. 26ാം വയസിൽ 1970ൽ കൂത്തുപറമ്പിൽ നിന്ന് സംസ്‌ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ ധർമടത്തുനിന്ന് വിജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്.