കെടി ജലീൽ
KT Jaleel

ഒന്നാം പിണറായി വിജയൻ സർക്കാരിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വികസന മന്ത്രി. വിവാദങ്ങളെ തുടർന്ന് രാജിവച്ചു. നിലവിൽ തവനൂറിൽനിന്നുള്ള നിയമസഭാംഗം. യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ 2,564 വോട്ടിന് തോൽപ്പിച്ച് നിയമസഭയിലെത്തി.

ജീവിതം

കെ.ടി. കുഞ്ഞുമുഹമ്മദ് ഹാജിയുടെയും പാറയി നഫീസയുടെയും മകനായി 1967 മേയ് 30ന് ജനനം. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ എംഫില്ലും കേരള സർവകലാശാലയിൽനിന്ന് ഡോക്‌ടറേറ്റും നേടി. മുസ്ലിംലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്‌എഫിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. കോളജ് യൂണിയൻ ചെയർമാനായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി, യൂത്ത് ലീഗ് അഖിലേന്ത്യാ ഓർഗനൈസർ, ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌ഥിരസമിതി അധ്യക്ഷൻ എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് മുസ്‌ലിം ലീഗിന്റെ ശക്‌തനായ പ്രസംഗകരിലൊരാളായിരുന്നു ജലീൽ.

 

പാർട്ടിയിലെ ചില നേതാക്കൾക്കെതിരെയും സൂനാമി ഫണ്ട് വിനിയോഗത്തിനെതിരെയും നടത്തിയ പരസ്യപ്രസ്‌താവനകൾ ജലീലിന് ലീഗിൽ നിന്ന് പുറത്തേയ്‌ക്കുള്ള വഴി തുറന്നു. 2005ൽ ജലീലിനെ മുസ്‌ലിം ലീഗിൽനിന്ന് പുറത്താക്കി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറം നിയോജക മണ്ഡലത്തിൽനിന്ന് എൽഡിഎഫ് പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടു. സിറ്റിങ് എംഎൽഎയും ലീഗിന്റെ സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയെയായിരുന്നു ജലീൽ പരാജയപ്പെടുത്തിയത്.

 

വീണ്ടും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട ജലീൽ 2016ൽ ഇടതുമന്ത്രിസഭയിലെ അംഗവുമായി. ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പു മന്ത്രിയായിരുന്ന ജലീൽ ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ 2021 ഏപ്രിൽ 13 ന് രാജിവച്ചു. ഭാര്യ: എം.പി. ഫാത്തിമക്കുട്ടി, മക്കൾ: അസ്‌മാബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യബീവി.