രാജ്നാഥ് സിങ്
Rajnath Singh

ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് രാജ്നാഥ് സിങ്. 2019 മെയ് 30ന് പ്രതിരോധ മന്ത്രിയായി അധികാരമേറ്റു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി, ബിജെപി ദേശീയ അധ്യക്ഷൻ എന്നീ ചുതലകളും വഹിച്ചു. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രാജ്നാഥ് സിങ് പല നിർണായ പദവികളും ഏറ്റെടുത്തു. 

ജീവിതം

ഉത്തർപ്രദേശിലെ ഭബോര ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ രാം ബദൻ സിങ്ങിന്റെയും ഗുജറാത്തി ദേവിയുടെയും മകനായി 1951 ജൂലൈ 10ന് ജനിച്ചു. ഗൊരഖ്പുർ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്‌സി ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ രാജ്നാഥ് സിങ് മിർസാപുരിലുള്ള കെബി പോസ്റ്റ് ഗ്രാജുവേഷൻ കോളജിൽ ഫിസിക്സ് ലക്ചററായും പ്രവർത്തിച്ചു.

1964ൽ ആർഎസ്എസ് അംഗമായതോടെയാണ് രാജ്നാഥ് സിങ് രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. 1969-1971 കാലഘട്ടത്തിൽ എബിവിപിയുടെ ഓർഗനൈസേഷൻ സെക്രട്ടറിയായിരുന്നു. 1974ലാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. പിന്നീട് ജനസംഘത്തിന്റെയും ഭാരതീയ യുവമോർച്ചയുടേയും നേതൃപദവികളിൽ നിയമിതനായി. 1991ൽ ഉത്തർപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായ ശേഷം പാഠ്യവിഷയങ്ങളിൽ വലിയ മാറ്റം വരുത്തി. 1997ൽ ബിജെപിയുടെ ഉത്തർപ്രദേശ് പ്രസിഡന്റായി. 1999ൽ അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ ഉപരിതല ഗതാഗത മന്ത്രിയായി. പിന്നീട് 2000–2002 വരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി. 2003ൽ കേന്ദ്ര മന്ത്രിയായ അദ്ദേഹം കൃഷി വകുപ്പിന്റെ ചുമതല വഹിച്ചു. 2014ൽ ഒന്നാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. രണ്ടാം മോദി സർക്കാരിൽ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ രാജ്നാഥ് രണ്ട് വർഷം ജയിൽവാസം അനുഭവിച്ചു. 2005-2009 കാലഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷനായി. സ്ത്രീകളുടെ ഉന്നമനത്തിന് പ്രത്യേക പരിണന നൽകുന്നതിൽ രാജ്നാഥ് ശ്രദ്ധ പതിപ്പിച്ചിരുന്നു. 2007ൽ ബിജെപി അധ്യക്ഷനായിരുന്ന സമയത്ത് പാർട്ടി സംവിധാനത്തിൽ 33% സ്ത്രീ സംവരണം ഏർപ്പെടുത്തണമെന്ന് നിർദേശം വച്ചു. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ 2015ൽ സിഐഎസ്എഫിൽ ഉൾപ്പെടെ പാരാമിലിട്ടറി സേനകളിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തി. പ്രതിരോധ മന്ത്രിയായ ശേഷം സൈന്യത്തിലും സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാനുള്ള നടപടികൾ സ്വകരിച്ചു. മിതവാദി നേതാവായാണ് പാർട്ടിയിൽ അറിയപ്പെടുന്നത്.